2014-03-13 19:46:38

നവീകരണത്തിന്‍റെ
സ്വപ്നവുമായി പാപ്പാ ബര്‍ഗോളിയോ


13 മാര്‍ച്ച് 2013, മുംമ്പൈ
അസ്സീസിയിലെ സിദ്ധന്‍റെ സഭയെ നവീകരിക്കുന്ന സ്വപ്നം ഏറ്റെടുത്ത അജപാലകനാണ് പാപ്പാ ഫ്രാന്‍സിസെന്ന്, വത്തിക്കാന്‍റെ നവീകരണ സംഘത്തിലെ അംഗമായ കര്‍ദ്ദിനാള്‍ ഓസ്വാള്‍ഡ് ഗ്രേഷ്യസ് മുമ്പൈയില്‍ പ്രസ്താവിച്ചു.
കത്തിഡ്രല്‍ ദേവാലയത്തില്‍ പാപ്പായുടെ സ്ഥാനാരോഹണത്തിന്‍റെ വാര്‍ഷികം അനുസ്മരിച്ചുകൊണ്ട് മാര്‍ച്ച് 13-ാം തിയതി രാവിലെ അര്‍പ്പിച്ച കൃതഞ്ജതാ ബലിമദ്ധ്യേയാണ് മുമ്പൈ അതിരൂപതാദ്ധ്യക്ഷന്‍ ഇങ്ങനെ പ്രസ്താവിച്ചത്. തിരഞ്ഞെടുപ്പിനെ തുടര്‍ന്ന് ‘ഫ്രാന്‍സിസ്’ എന്ന നാമം സ്വീകരിച്ചുകൊണ്ട് പാപ്പാ ബര്‍ഗോളിയോ അസ്സീസിയിലെ ഫ്രാന്‍സിസിന്‍റെ ആത്മീയ സൂക്തങ്ങളായ സുവിശേഷ ദാരിദ്ര്യം, സമാധനം, സൃഷ്ടിയോടുള്ള സ്നേഹം എന്നിവ ഏറ്റെടുക്കുകയായിരുന്നെന്ന് കാര്‍ദ്ദിനാള്‍ ഗ്രേഷ്യസ് തന്‍റെ പ്രഭാഷണത്തില്‍ ചൂണ്ടിക്കാട്ടി.

അധികാര പ്രമത്തതയും സാമ്പത്തിക നേട്ടങ്ങളും വെടിഞ്ഞ്, സുവിശേഷ ദാരിദ്ര്യമുള്‍ക്കൊള്ളുന്ന ‘പാവങ്ങള്‍ക്കുവേണ്ടിയുള്ള ലാളിത്യമാര്‍ന്ന സഭ’ വളര്‍ത്തിയെടുക്കണമെന്നത് പാപ്പാ ഫ്രാന്‍സിസിന്‍റെ അടിസ്ഥാന ദര്‍ശനമാണെന്ന്, സഭാ നവീകരണത്തിനായി പാപ്പാ ഫ്രാന്‍സിസ് വിളിച്ചുകൂട്ടിയിരിക്കുന്ന 8 അംഗ കര്‍ദ്ദിനാള്‍ കമ്മറ്റിയിലെ പ്രവര്‍ത്തകനായ കര്‍ദ്ദിനാള്‍ ഗ്രേഷ്യസ് പങ്കുവച്ചു.

ക്രിസ്തുവും സുവിശേഷമൂല്യങ്ങളും ഇല്ലാത്ത സഭയും സഭാസ്ഥാപനങ്ങളും,
സാമൂഹ്യസേവനം ചെയ്യുന്ന മറ്റേതു സര്‍ക്കാരേതര പ്രസ്ഥാനംപോലെ ചുരുങ്ങിപ്പോകുമെന്ന പാപ്പായുടെ പ്രസ്താവനയും, ക്രിസ്തുകേന്ദ്രീകൃതമായി സകലതും നവീകരിക്കണമെന്നുള്ള പ്രവര്‍ത്തന ലക്ഷൃവും പാപ്പായുടെ വാക്കുകളില്‍തന്നെ കര്‍ദ്ദിനാള്‍ ഗ്രേഷ്യസ് പ്രഭാഷണമദ്ധ്യേ ഉദ്ധരിച്ചു.








All the contents on this site are copyrighted ©.