2014-03-12 18:06:34

സഭയ്ക്ക് നവോന്മേഷമായി
പാപ്പായുടെ ഒരു വര്‍ഷം


12 മാര്‍ച്ച് 2014, വാഷിങ്ടണ്‍
സഭാനേതൃത്വത്തിന് പാപ്പാ ഫ്രാന്‍സിസ് നവജീവന്‍ നല്കിയെന്ന് അമേരിക്കയിലെ
ദേശീയ മെത്രാന്‍ സമിതി പ്രസ്താവനയിലൂടെ പ്രഖ്യാപിച്ചു. മാര്‍ച്ച് 12-ന് വാഷിങ്ടണില്‍ ചേര്‍ന്ന ഭരണസമിതി യോഗത്തിന്‍റെ അവസരത്തിലാണ് സമിതിയുടെ പ്രസിഡന്‍റ്, ആര്‍ച്ചുബിഷപ്പ് ജോസഫ് കൂട്സ്, ദേശീയ മെത്രാന്‍ സമിതിയുടെ അഭിപ്രായം പ്രസ്താവനയിലൂടെ വെളിപ്പെടുത്തിയത്. ലാളിത്യമാര്‍ന്ന വ്യക്തിഗത ജീവിതമാതൃകകൊണ്ടും, പാവങ്ങളോടു കാണിക്കുന്ന ക്രിസ്തുസ്നേഹത്തിന്‍റെ പ്രതിബദ്ധതകൊണ്ടും പാപ്പാ ഫ്രാന്‍സിസ് ആഗോള സഭാനേതൃത്വത്തിനു നല്കുന്ന മാതൃക നവമായ ആത്മീയതയും ഓജസ്സുമാണ് സഭയില്‍ ആകമാനം നല്കുന്നതെന്ന് ലൂയിസ്വില്ലായുടെ മെത്രാപ്പോലീത്താ കൂടിയായ ആര്‍ച്ചുബിഷപ്പ് കൂട്സ് ദേശീയ മെത്രാന്‍ സമിതിയുടെ പേരില്‍ പ്രസ്താവനയിലൂടെ അഭിപ്രായ പ്രകടനംനടത്തി.

മാര്‍ച്ച് 13-ാം തിയതി ആചരിക്കുന്ന പാപ്പാ ഫ്രാന്‍സിസിന്‍റെ സ്ഥാനരോഹണത്തിന്‍റെ പ്രഥമ വാര്‍ഷികം പ്രമാണിച്ച് അമേരിക്കയിലെ വിശ്വാസസമൂഹത്തിന്‍റെയും സഭാനേതൃത്വത്തിന്‍റെയും പേരില്‍ ആര്‍ച്ചുബിഷപ്പ് ജോസഫ് കൂട്ട്സ് പാപ്പായ്ക്ക് പ്രസ്താവനിയില്‍ നന്ദിയര്‍പ്പിച്ചു. പാപ്പായുടെ കാരുണ്യത്തിന്‍റെ സമീപനരീതിയും പാവങ്ങളും പരിത്യക്തരുമായവരോടുള്ള സമീപനവും കത്തോലിക്കാര്‍ക്കു മാത്രമല്ല, ക്രൈസ്തവ ലോകത്തിനാകമാനവും, സന്മനസ്സുള്ള സകലര്‍ക്കും ആവേശവും ജീവിതത്തില്‍ പ്രചോദനവുമായിട്ടുണ്ടെന്നും ആര്‍ച്ചുബിഷപ്പ് കൂട്സ് പ്രസ്താവനയില്‍ പരാമര്‍ശിച്ചു.

പാപ്പായ്ക്ക് നന്ദിയര്‍പ്പിച്ചതു കൂടാതെ, ഫലപ്രദമായ ധാരാളം വര്‍ഷങ്ങള്‍ പത്രോസിന്‍റെ പരമാധികാരത്തില്‍ ശുശ്രൂഷചെയ്യാന്‍ ദൈവം അനുവദിക്കട്ടെയെന്നും, പാപ്പായ്ക്ക് ആയുസ്സും ആയുരാരോഗ്യവും ദൈവം നല്കട്ടെയെന്നും പ്രാര്‍ത്ഥിച്ചുകൊണ്ടുമാണ് അമേരിക്കന്‍ മെത്രാന്‍ സമിതിയുടെ പേരിലുള്ള ആര്‍ച്ചുബിഷപ്പ് കൂട്സിന്‍റെ പ്രസ്താവന ഉപസംഹരിച്ചത്.
____________________
Report : Nellikal, sedoc








All the contents on this site are copyrighted ©.