2014-03-12 16:38:39

മോൺ. ആഞചലോ ദൊനാത്തിസിന്‍റെ ധ്യാന ചിന്തകൾ


11 മാർച്ച് 2014, അരീച്യ
പാപ്പാ ഫ്രാൻസിസും റോമൻ കൂരിയായിലെ സഹപ്രവർത്തകരും തപസ്സുകാല ധ്യാനം തുടരുന്നു. റോമിന്‍റെ തെക്കു-കിഴക്കുള്ള അരീച്യാ എന്ന പുരാതന പട്ടണത്തിലെ സെന്‍റ് പോള്‍ സൊസൈറ്റിയുടെ ധ്യാനകേന്ദ്രത്തില്‍ റോമാ രൂപതയിലെ ഇടവക വികാരിയായ മോൺ. ആഞ്ചലോ ദെ ദൊനാത്തിസാണ് ധ്യാനം നയിക്കുന്നത്. ഞായറാഴ്ച വൈകീട്ട് ഹൃദയ വിശുദ്ധീകരണത്തെക്കുറിച്ച് ധ്യാന ചിന്തകൾ പങ്കുവയ്ച്ച ഫാ.ദൊനാത്തിസ് ആന്തരീകമായ ഒരുക്കത്തോടെ ധ്യാനത്തിലേക്കു പ്രവേശിക്കാൻ പാപ്പായേയും സഹപ്രവർത്തകരേയും ക്ഷണിച്ചു. യേശു കൊടുങ്കാറ്റിനെ ശാന്തമാക്കുന്ന വിശുദ്ധഗ്രന്ഥഭാഗം ആസ്പദമാക്കിയായിരുന്നു തിങ്കളാഴ്ചയിലെ വിചിന്തനം. പ്രഷുബ്ധമായി ആഞ്ഞടിക്കുന്ന ലോകത്ത ഭയപ്പെടാതെ, കർത്താവിന്‍റെ മാർഗത്തിലൂടെ അതു നേരിടേണ്ടതിനെക്കുറിച്ച് ഫാ.ദൊനാത്തിസ് ധ്യാന ചിന്തകളിൽ പങ്കുവയ്ച്ചു.

പ്രക്ഷുബ്ധമായ കടൽ ദൈവ സാന്നിദ്ധ്യം നിരാകരിക്കുന്ന ലോകത്തിന്‍റെ പ്രതീകമാണ്. മതം ഫലശൂന്യമാവുകയും മനുഷ്യമനസിൽ ക്രിസ്തുവിന് ഇടമില്ലാതാകുകയും ചെയ്യുമ്പോൾ, കരുണയില്ലാത്ത വിധിയാളനായി ലോകം ദൈവത്തെ ദർശിക്കുന്നതാണ് ഈ പ്രക്ഷുബ്ധാവസ്ഥയ്ക്കു കാരണം. ഫരിയേസയരുടെ കപടനാട്യവും സ്വാർത്ഥമായ നിസംഗതയും ഉപേക്ഷിക്കാനുള്ള താക്കീതും നമ്മുടെ മാർഗങ്ങൾ ഉപേക്ഷിച്ച് തികച്ചും വ്യത്യസ്തമായ ദൈവിക മാർഗ്ഗം അവലംബിക്കാനുള്ള ക്ഷണവും നൽകുന്നതാണ് ഈ വചന ഭാഗം. വ്യാജ ദൈവിക ബിംബങ്ങൾ മനസിൽ നിന്ന് നിർമ്മാർജ്ജനം ചെയ്തുകൊണ്ടുവേണം സത്യസന്ധമായ ആത്മീയ യാത്ര ആരംഭിക്കുവാനെന്ന് മോൺ.ദൊനാത്തിസ് പ്രസ്താവിച്ചു.

Reported: Vatican Radio, T.G







All the contents on this site are copyrighted ©.