2014-03-12 20:20:30

ഓര്‍ത്തഡോക്സ് സഭകളുടെ
കൂട്ടായ്മ യാഥാര്‍ത്ഥ്യമാകും


12 മാര്‍ച്ച് 2014, ഈസ്താംമ്പൂള്‍
ഓര്‍ത്തഡോക്സ് സഭകളുടെ കൂട്ടായ്മ മദ്ധ്യപൂര്‍വ്വദേശത്തിന് പ്രത്യാശയാണെന്ന്, കോണ്‍സ്റ്റാന്‍റിനോപ്പിലിലെ എക്യുമേനിക്കല്‍ പാത്രിയര്‍ക്കിസ്, ബര്‍ത്തലോമ്യോ പ്രഥമന്‍ പ്രസ്താവിച്ചു. ഇസ്താംബൂളില്‍ മാര്‍ച്ച് 9-ന് സമാപിച്ച 12 സ്വതന്ത്ര ഓര്‍ത്തഡോക്സ് സഭകളുടെ സമ്മേളനത്തിന്‍റെ സമാപനത്തില്‍ ഇറക്കിയ പ്രസ്താവനയിലാണ് പാത്രിയര്‍ക്കിസ് ബര്‍ത്തലോമിയോ ചരിത്രപരമായ കൂട്ടായ്മയില്‍ ഉതിര്‍ന്ന പ്രത്യാശയും സന്തോഷവും പ്രകടമാക്കിയത്.

മദ്ധ്യപൂര്‍വ്വദേശത്തും കിഴക്കന്‍ യൂറോപ്പിലുമായി വിഘടിച്ചുകിടക്കുന്ന ഓര്‍ത്തഡോക്സ് സമൂഹം മൂന്നുകോടിയോളം അംഗങ്ങളുള്ള ലോകത്തെ രണ്ടാമത്തെ വലിയ സഭാസമൂഹമാണെന്നും, പാത്രിയര്‍ക്കിസ് ബര്‍ത്തലോമ്യോ ചൂണ്ടിക്കാട്ടി.

1200 വര്‍ഷങ്ങള്‍ക്കുശേഷം 2016-ല്‍ യാഥാര്‍ത്ഥൃമാകാന്‍ പോകുന്ന ഓര്‍ത്തഡോക്സ് സഭകളുടെ കൂട്ടായ്മയും, മെത്രാന്മാരുടെ സിനഡുസമ്മേളനവും ക്രിസ്തുവിലുള്ള നവീകരണത്തിന്‍റെ പ്രത്യാശയാണ് നല്കുന്നതെന്ന്, ഫാനാറില്‍ സമാപിച്ച സമ്മേളനത്തിന് നേതൃത്വംനല്കിയ പാത്രിയര്‍ക്കിസ് ബര്‍ത്തലോമ്യോ പ്രസ്താവനയില്‍ വെളിപ്പെടുത്തി.

മദ്ധ്യാപൂര്‍വ്വദേശത്തെ സമാധാനമില്ലായ്മയെയും കലുഷിതമായ രാഷ്ട്രീയ അന്തരീക്ഷത്തെയും ഓര്‍ത്തഡോക്സ് സമ്മേളനം അപലപിച്ചു. ക്രിസ്തു പിറന്ന മണ്ണില്‍നിന്നും ക്രൈസ്തവമക്കള്‍ കുടിയിറങ്ങാന്‍ ഇടയാക്കുന്ന രാഷ്ട്രീയ മതമൗലിക നീക്കങ്ങളെയും സഭകളുടെ കൂട്ടായ്മ ശക്തമായി എതിര്‍ക്കുകയും തളളിപ്പറയുകയും ചെയ്തു.









All the contents on this site are copyrighted ©.