2014-03-11 17:44:06

സിറിയ: കന്യാസ്ത്രീകൾ മോചിക്കപ്പെട്ടു, ഇതര ബന്ദികളും മോചിക്കപ്പെടുമെന്ന് പ്രതീക്ഷ


11 മാർച്ച് 2014, ഡമാസ്ക്കസ്
സിറിയയിൽ ബന്ദികളായിരുന്ന കന്യാസ്ത്രീകളുടെ മോചനം ആശ്വാസം പകരുന്നുവെന്ന് സിറിയയിലെ അപ്പസ്തോലിക സ്ഥാനപതി ആർച്ച്ബിഷപ്പ് മാരിയോ സെനാരി പ്രസ്താവിച്ചു. കന്യാസ്ത്രീകളുടെ മോചനത്തെ സംബന്ധിച്ച് വത്തിക്കാൻ റേഡിയോയ്ക്കനുവദിച്ച അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ബന്ദികളാക്കപ്പെട്ട കന്യാസ്ത്രീകളെക്കുറിച്ചുള്ള എല്ലാ ആശങ്കകൾക്കും ഉത്കണ്ഠയ്ക്കും വിരാമമിട്ടുകൊണ്ട് അവർ സുരക്ഷിതരായി തിരിച്ചെത്തിയതിൽ ദൈവത്തിനു കൃതജ്ഞതയർപ്പിച്ച ആർച്ച്ബിഷപ്പ് സെനാരി, ബന്ദികളായി തുടരുന്ന ഇതര വ്യക്തികളുടെ മോചനവും സാധ്യമാകുമെന്ന പ്രത്യാശയും പങ്കുവയ്ച്ചു.
മോചിതരായ കന്യാസ്ത്രീകള്‍ക്ക് സിറിയന്‍ തലസ്ഥാനമായ ഡമാസ്കസ് പ്രാന്തത്തിലെ ക്വാസയിലുള്ള വിശുദ്ധ കുരിശിന്‍റെ ദേവാലയത്തില്‍ സ്വീകരണം നല്‍കിയെന്നും അദ്ദേഹം അറിയിച്ചു.
രണ്ട് ഓർത്തഡോക്സ് മെത്രാൻമാരും, ഈശോസഭാംഗമായ ഇറ്റാലിയൻ മിഷനറി ഫാ.പൗളോ ദി ഓലിയോ അടക്കം മൂന്നു വൈദികരും , സിറിയൻ സ്വദേശികളും വിദേശികളുമായ മറ്റുചില സഭാംഗങ്ങളും ബന്ദികളായി തുടരുകയാണെന്ന് ആർച്ച്ബിഷപ്പ് സെനാരി അഭിമുഖത്തിൽ അനുസ്മരിച്ചു. മെത്രാൻമാരെ തട്ടിക്കൊണ്ടു പോയിട്ട് ഏകദേശം ഒരു വർഷമാകുന്നുവെന്നും അദ്ദേഹം സൂചിപ്പിച്ചു. കന്യാസ്ത്രീകളുടെ മോചനം പ്രതീക്ഷാർഹമാണ്. മറ്റു ബന്ദികളുടെ മോചനം കൂടി പ്രത്യാശിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. മറ്റു ബന്ദികളുടേതിൽ നിന്നും വ്യത്യസ്തമായിരുന്നു മാലൌലയിലെ കന്യാസ്ത്രികളുടെ അവസ്ഥ. കന്യാസ്ത്രികളെ എവിടെയാണ് തടവിൽ പാർപ്പിച്ചതെന്ന് അറിയാമായിരുന്നു. അവരുമായി ആശയവിനിമയം സാധ്യമായതും അവരുടെ സുരക്ഷ ഉറപ്പു നൽകിയെന്ന് ആർച്ചുബിഷപ്പ് വെളിപ്പെടുത്തി.

Source: Vatican Radio, T.G









All the contents on this site are copyrighted ©.