2014-03-11 09:27:57

വാഗ്ദത്ത നാട് (78)
നിതാന്ത സ്നേഹത്തിന്‍റെ ഭൂമിക


RealAudioMP3
സ്രഷ്ടാവായ ദൈവവുമായി മനുഷ്യന്‍ ചെയ്ത ഉടമ്പടിയുടെ പ്രതീകവും ദൈവത്തോടുള്ള ജനങ്ങളുടെ പ്രതികരണത്തിന്‍റെ പ്രായോഗികതയുമാണ് പത്തുകല്പനകളില്‍ (The Deacalogues) പ്രതിഫലിക്കുന്നത്. ഉടമ്പടി ലംഘിച്ച മനുഷ്യനാണ് പാപത്തിനും തിന്മയ്ക്കും അടിമയായി തീരുന്നത്. ദൈവത്തെ മറന്ന് ഇസ്രായേല്‍ കാളക്കുട്ടിയെ ആരാധിച്ചത് ഉടമ്പടിയുടെ നിഷേധമായിരുന്നു. ദൈവത്തില്‍നിന്നുള്ള അവരുടെ അകല്‍ച്ചയായിരുന്നു. എന്നിട്ടും തന്‍റെ ജനത്തോട് ദൈവം കരുണകാണിച്ചു. അവരെ തിരുത്തുന്നതിനും നയിക്കുന്നതിനുമായി മോശയെ വീണ്ടും ജനമദ്ധ്യേത്തിലേയ്ക്ക് ദൈവം അയച്ചു. ദൈവത്തോടുള്ള വിശ്വസ്തതയുടെ അടയാളമായി മോശ ജനമദ്ധ്യത്തില്‍ സൂക്ഷിക്കാന്‍ വാഗ്ദത്തപേടകം പണികഴിപ്പിച്ച്, അത് കൂടാരത്തില്‍ സ്ഥാപിച്ചു.

Exodus IV sl. 21 സമാഗമകൂടാരം കര്‍ത്തനിന്‍ സാന്ത്വന സാന്നിദ്ധ്യം
സാക്ഷൃപേടകം യാവേയിന്‍ അതിവിശുദ്ധ മന്ദിരം
സാക്ഷൃമേകും നവജനം ഇസ്രായേല്‍ ജനം
അവിടെ സംഗമിക്കും സ്തുതിക്കും ഗമിക്കും പുറപ്പാടതില്‍

അകത്തും പുറത്തും സ്വര്‍ണ്ണം പൊതിഞ്ഞ പേടതമായിരുന്നു അത്. ജനമദ്ധ്യത്തിലെ സനാതനമായ ദൈവിക സാന്നിദ്ധ്യത്തിന്‍റെ പ്രതീകമായിരുന്നു സാക്ഷൃപേടകം. ദൈവത്തില്‍നിന്നും ലഭിച്ച കല്പനകളുടെ കല്‍ഫലകങ്ങള്‍ മോശ അതിനുള്ളില്‍ സ്ഥാപിച്ചു. അങ്ങനെ ദൈവത്തോടു തന്‍റെ ജനത്തിനുള്ള ഉടമ്പടിയുടെ അടയാളമായിരുന്നു സാക്ഷൃപേടകവും അതുള്‍ക്കൊണ്ട കൂടാരവും.

Exodus IV sl. 11 കൂടാരാങ്കണം യാവേയില്‍ ദിവ്യാങ്കണം
അതില്‍ കരുവേല തന്‍ ദിവ്യമാം ബലിപീഠം
പീഠത്തിലേഴു തിരിയിട്ട ദീപങ്ങള്‍
സ്വര്‍ണ്ണദീപങ്ങള്‍ വര്‍ണ്ണനാളങ്ങള്‍

പേടകം സൂക്ഷിക്കാന്‍ അതിമനോഹരമായ കൂടാരമാണ് മോശ നിര്‍മ്മിച്ചത്. സാക്ഷൃപേടകം അതിനുള്ളില്‍ സ്ഥാപിക്കപ്പെട്ടു. അങ്ങനെയാണ് ഇസ്രായേല്യര്‍ക്ക് ആരാധനസ്ഥലം ഉണ്ടാകുന്നത്. അത് ഇസ്രായേലിന് ദൈവത്തോടുള്ള ഉടമ്പടിയുടെ അടയാളമായിരുന്നു.

Exodus IV, sl. 10 കൂടാരത്തില്‍ പാര്‍ക്കും സാന്നിദ്ധ്യം
കൂടെ വസിക്കും ദൈവിക സാമീപ്യം
കൂട്ടായെത്തും വിണ്ഡല സായുജ്യം
കൂടെ ഗമിക്കും രക്ഷക സാകല്യം.

ഇസ്രായേലിന്‍റെ പന്ത്രണ്ടു ഗോത്രങ്ങളില്‍നിന്നുമുള്ള പുരോഹിത വംശജരെ വിളിച്ച് അഹറോന്‍റെ നേതൃത്വത്തില്‍ അവരുടെ ഇടയില്‍നിന്നും ശുശ്രൂഷകരും പുരോഹിതരുമായി ഏതാനുംപേരെ മോശ അഭിഷേചിച്ചു.

Exodus IV, sl. 13 ശുശ്രൂഷകരാം പുരോഹിത ശ്രേഷ്ഠന്മാര്‍
അഹറോനിന്‍ സോദരങ്ങള്‍ സേവകന്മാര്‍
വിശുദ്ധ വസ്ത്രങ്ങള്‍ അണിഞ്ഞു നില്ക്കുമപ്പോള്‍
ദൈവസമക്ഷം മനുജര്‍ക്കു മദ്ധ്യസ്ഥരായ്.

ഇസ്രായേല്യര്‍ ഈജിപ്തില്‍നിന്നു പോന്നിട്ട് ഏകദേശം ഒരു വര്‍ഷം കഴിഞ്ഞിരുന്നു.. കാനാന്‍ദേശത്തിനു സമീപത്തുള്ള മരുപ്രദേശത്ത് അവര്‍ എത്തിക്കഴിഞ്ഞു. വാഗ്ദത്തനാട്ടില്‍ പ്രവേശിക്കുന്നതിന് ഒരുക്കമായി അവരുടെ പന്ത്രണ്ടു ഗോത്രങ്ങളില്‍നിന്നും ഓരോരുത്തരെയും വിളിച്ച്, തങ്ങള്‍ക്കായ് ദൈവം വാഗ്ദാനംചെയ്ത ദേശം പോയിക്കാണുവാന്‍ മോശ അവരെ നിയോഗിച്ചയച്ചു.

Exodus IV, sl. 14 മാണിക്യം പുഷ്യരാഗം വൈഡൂര്യം മരതകം
ഇന്ദ്രനീലം പവിഴം ചന്ദ്രകാന്തം സൗഗന്ധികം
പത്മരാഗം ഗോമേദകം സൂര്യകാന്തം
എന്നീ രത്നങ്ങള്‍പോല്‍ വിളങ്ങും
ഇസ്രായേലിന്‍ പന്ത്രണ്ടു ഗോത്രങ്ങള്‍

ജോഷ്വാ ആയിരുന്നു അവരുടെ നേതാവ്. ജോഷ്വായെപ്പോലെതന്നെ ദൈവത്തോടു വിശ്വസ്തനും, കരുത്തനുമായ കലേബിനെയും നായകനായി അവര്‍ തിരഞ്ഞെടുത്തിരുന്നു.

Exodus IV, sl. 15 മോചനത്തിനു വഴികാട്ടുവാന്‍ പുത്തന്‍
മോശ ധരിക്കുന്നൊരൂന്നു ദണ്ഡായ്
നിത്യബലിയുടെ ഭദ്രസ്മരണയായ്
മര്‍ത്തൃപാപമകറ്റും ദിവ്യകുഞ്ഞാടിതാ.

ഇസ്രേയിലിലെ നായകന്മാര്‍ ഒത്തുചേര്‍ന്ന് കാനാന്‍ദേശം കാണുവാനായി പുറപ്പെട്ടു. നാല്പതു ദിവസത്തിനുശേഷമാണ് അവര്‍ കൂടാരത്തില്‍ മടങ്ങിയെത്തിയത്. അവര്‍ പോയിക്കണ്ട നാടനെക്കുറിച്ചു കിട്ടിയ വിവരങ്ങള്‍ നേതാക്കന്മാര്‍ ജനങ്ങളെ അറിയിച്ചത് ഇങ്ങനെയായിരുന്നു. “ഇതാ, തേനും പാലും ഒഴുകുന്നൊരു നാട്!” വളരെ ഫലപുഷ്ടിയുള്ളതും കന്നുകാലി വളര്‍ത്തുന്നതിന് സൗകര്യപ്രദവുമായ നാടാണ് അതെന്നത്രേ അവര്‍ വിവരിച്ചത്.
നാടിന്‍റെ സമൃദ്ധിയും ഫലപുഷ്ടിയും തെളിയിക്കാന്‍ കൊണ്ടുവന്ന അവിടത്തെ മുന്തിരിക്കുല വളരെ വലുതായിരുന്നു. രണ്ടുപേര്‍കൂടി തണ്ടായത്തില്‍ കെട്ടി, തോളിലേറ്റിയാണ് ഒരു കുല മുന്തിരി സ്ഥലത്തെത്തിച്ചത്.

Exodus III, sl. 14 സകല നന്മസ്വരൂപാ, ജഗദീശ്വരാ
ഏകിടാം കാണിക്കകള്‍ തിരുസന്നിദ്ധേ
ധൂപദീപങ്ങള്‍ പൂക്കളും ധാന്യഫലങ്ങളും
നല്കിടാം അങ്ങേയ്ക്കു നന്ദിയായ് പ്രമോദരായ്.

കാനാന്‍ ദേശക്കാര്‍ അതിശക്തന്മാരും ഭയങ്കരരും ആയിരുന്നുവെന്നാണ് കണ്ടവര്‍ വിവരിച്ചത്. രാക്ഷസന്മാരെപ്പോലുള്ളവരും കൂട്ടത്തില്‍ ഉണ്ടായിരുന്നുവത്രേ. അവരുടെ പട്ടണങ്ങള്‍ ശക്തമായ കോട്ട കെട്ടി ഉറപ്പിച്ചിരുന്നു. അതിനാല്‍ താങ്ങള്‍ക്കത് പിടിച്ചടക്കാന്‍ ഒരിക്കലും സാധിക്കുകയില്ലെന്ന് നായകന്മാര്‍തന്നെ തീര്‍ത്തുപറഞ്ഞു.
ശത്രുകരങ്ങളില്‍നിന്നും സംരക്ഷിതരാകാന്‍ ദൈവം അവര്‍ക്ക് വേണ്ടതെല്ലാം നല്കുമെന്ന വാഗ്ദാനം അപ്പോഴേയ്ക്കും ഇസ്രായേല്‍ വിസ്മരിച്ചിരുന്നു.

Exodus III, sl. 9 കര്‍ത്താവു കാക്കുന്നൂ ചിതറാതെ തന്‍ ജനതയെ
ശത്രുകരങ്ങളില്‍നിന്നും റഹിദീമില്‍
ശക്തമായ് പൊരുതുന്നൂ തിന്മതന്‍ ശക്തിയെ
സദാ നല്കുന്നവിടുന്ന് വിജയവീഥി, തന്‍ ജനത്തിനായ്.

കാനാന്‍ ദേശത്തെ വിശേഷങ്ങള്‍ കേട്ട് ജനങ്ങള്‍ നഷ്ടധൈര്യരായി. സ്ത്രീകള്‍ കരയാന്‍ തുടങ്ങി. കൂടാരത്തില്‍ ആകെ ബഹളമായി. തങ്ങളെ ഈജിപ്തിലേയ്ക്കു തിരിച്ചു കൊണ്ടുപോകുവാന്‍ ഒരു നേതാവിനെ കിട്ടിയാല്‍ മതിയെന്നായി ജനം. മോശോയെ വേണ്ടെന്ന് അവര്‍ക്ക് തോന്നിത്തുടങ്ങി. അദ്ദേഹത്തിന്‍റെ നിര്‍ദ്ദേശങ്ങളും വേണ്ടെന്നായി. ജോഷ്വായും കാലേബും അപ്പോള്‍ മോശയോടു ചേര്‍ന്ന്, കൂടാരത്തില്‍ നടന്നും ഇരുന്നും ആലോചിച്ചു, അവര്‍ ദൈവത്തോടു പ്രാര്‍ത്ഥിച്ചു. എന്നിട്ട് ജോഷ്വായും കലേബും ജനമദ്ധ്യത്തിലേയ്ക്കു വന്നു. അവര്‍ അവരെ സമാശ്വസിപ്പിച്ചു.
“ഓ, ജനമേ, ഭയപ്പെടരുത്. ദൈവത്തിന്‍റെ സാഹയംകൊണ്ട് നമ്മള്‍ ജയിക്കും. നമുക്ക് മുന്നേറാന്‍ സാധിക്കും! നാം വാഗ്ദത്ത ഭൂമിയിലെ എത്തിച്ചേരും!!”

Exodus III, sl. 1 നല്കണേ ദൈവമേ, മോചനം, പൂര്‍ണ്ണമോചനം
നില്ക്കണേ കാവലായ് രക്ഷതന്‍ പാതയില്‍
പാടുന്നൂ തവ മഹത്വമെന്നും ദൈവമേ,
പുകഴ്ത്തുന്നൂ ഞങ്ങള്‍ തവ നാമമെങ്ങും.

ജോഷ്വായും കലേബും ജനങ്ങളെ നേരില്‍ക്കണ്ട്, ധൈര്യമായിരിക്കുവാനും കര്‍ത്താവില്‍ പ്രത്യാശയര്‍പ്പിക്കുവാനും അവരോട് ആവശ്യപ്പെട്ടെങ്കിലും, അതുകൊണ്ടൊന്നും പ്രയോജനമുണ്ടായില്ല. ജനങ്ങള്‍ നിരാശരായി.
അവര്‍ ദൈവത്തില്‍നിന്നും അകന്നു.


Exodus III, sl. 6 അവിശ്വസിച്ചൂ ജനം കര്‍ത്താവിന്‍ കരുത്തതില്‍
ഇടറിവീണവര്‍ തിന്മതന്‍ പാതയില്‍
മാസായിലും മെരീബായിലും അപഹസിച്ചവര്‍ മോശയെ,
പരിഹസിച്ചവര്‍, പിറുപിറുത്തവര്‍ നിന്ദ്യമായ്.


ജനങ്ങളുടെ നിസംഗതയും വിശ്വാസമില്ലായ്മയും കണ്ട് ദൈവം കുപിതനായി. അവിടുന്ന് അവരെ നശിപ്പിച്ച് വേറൊരു ജനതയെ ഉയര്‍ത്തിയെടുക്കും, എന്ന ഘട്ടത്തിലെത്തി. അപ്പോള്‍ “അവിടുത്തെ കരുണ്യാതിരേകത്തില്‍ തന്‍റെ ജനത്തോടു പൊറുക്കണേ,” എന്ന് മോശ നിരന്തരമായി ദൈവത്തോടു പ്രാര്‍ത്ഥിച്ചു. ദൈവം ആ പ്രാര്‍ത്ഥന ശ്രവിച്ചു. അവിടുന്നു തന്‍റെ ജനത്തോടു ക്ഷമിച്ചു.

Exodus IV, sl. 19 ശാസിച്ചൂ ദൈവം തന്‍ ജനത്തെ
ശിക്ഷിച്ചൂ മഹാമാരിയാല്‍ പിന്നെ
കോപിക്കുന്നതില്‍ വിമുഖനവിടുന്ന്
സ്നേഹത്തിലും കാരുണ്യത്തിലും അത്യുദാരനവന്‍.

എങ്കിലും അവരുടെ പാപങ്ങള്‍ക്കൊത്തവിധെ ദൈവം ഇസ്രായേലിനെ ശിക്ഷിച്ചു. ജോഷ്വായും കാലേബും ഒഴികെ ഇരുപതു വയസ്സിനു മീതെയുള്ളവരാരും വാഗ്ദത്തനാട്ടില്‍ പ്രവേശിക്കുവാന്‍ ദൈവം അനുവദിച്ചില്ല. നാല്പതു വര്‍ഷക്കാലം ഇസ്രായേല്‍ മണലാരണ്യത്തില്‍ അലഞ്ഞു നടക്കേണ്ടതായി വന്നു. പിറുപിറുത്തവരെല്ലാവരും സമയത്തികവില്‍ അവിടെ ഒന്നൊന്നായി മരിച്ചു. അവര്‍ അവിടത്തന്നെ അടക്കംചെയ്യപ്പെട്ടു.
_______________________________
Prepared by Nellikal, Vatican Radio







All the contents on this site are copyrighted ©.