2014-03-08 09:34:51

ജീവിതവഴിയിലെ മുള്ളുകള്‍ തേടി
തപസ്സിലെ ആദ്യവാരം


RealAudioMP3
വിശുദ്ധ മത്തായിയുടെ സുവിശേഷം 4, 1-11
അനന്തരം പിശാചിനാല്‍ പരീക്ഷിക്കപ്പെടുന്നതിന് യേശുവിനെ ആത്മാവു മരൂഭൂമിയലേയ്ക്കു നയിച്ചു. യേശു നാല്പതു ദിനരാത്രങ്ങള്‍ ഉപവസിച്ചു. അപ്പോള്‍ അവിടുത്തേയ്ക്ക് വിശന്നു. പ്രലോഭകന്‍ അവിടുത്തെ സമീപിച്ചു പറഞ്ഞു. “നീ ദൈവപുത്രനാണെങ്കില്‍ ഈ കല്ലുകള്‍ അപ്പമാകാന്‍ പറയുക.” അവിടുന്നു പ്രതിവച്ചു. “മനുഷ്യന്‍ അപ്പംകൊണ്ടു മാത്രമല്ല, ദൈവത്തിന്‍റെ നാവില്‍നിന്നു പുറപ്പെടുന്ന ഓരോ വാക്കുകൊണ്ടുമാണു ജീവിക്കുന്നത്,
എന്ന് എഴുതപ്പെട്ടിരിക്കുന്നു. ”

അനന്തരം, പിശാച് അവിടുത്തെ വിശുദ്ധ നഗരത്തിലേയ്ക്കു കൂട്ടിക്കൊണ്ടുപോയി. ദേവാലയത്തിന്‍റെ അഗ്രത്തില്‍ കയറ്റി നിര്‍ത്തിയിട്ടു പറഞ്ഞു. “നീ ദൈവപുത്രനാണെങ്കില്‍ താഴേയ്ക്കു ചാടുക. നിന്നെക്കുറിച്ച് അവിടുന്ന് തന്‍റെ ദൂതന്മാര്‍ക്കു കല്പന നല്‍കും. നിന്‍റെ പാദം കല്ലില്‍ തട്ടാതിരിക്കാന്‍ അവര്‍ നിന്നെ കൈകളില്‍ താങ്ങിക്കൊള്ളും എന്ന് എഴുതപ്പെട്ടിരിക്കുന്നു.” യേശു പറഞ്ഞു. “നിന്‍റെ ദൈവമായ കര്‍ത്താവിനെ പരീക്ഷിക്കരുത്, എന്നുകൂടി എഴുതപ്പെട്ടിരിക്കുന്നു. ” വീണ്ടും പിശാച് വളരെ ഉയര്‍ന്ന മലയിലേയ്ക്ക് അവിടുത്തെ കൂട്ടിക്കൊണ്ടു പോയി, ലോകത്തിലെ എല്ലാ രാജ്യങ്ങളും അവയുടെ മഹത്വവും അവിടുത്തെ കാണിച്ചുകൊണ്ട്, പറഞ്ഞു. “സാഷ്ടാംഗം പ്രണിച്ച് എന്നെ ആരാധിച്ചാല്‍ ഇവയെല്ലാം താങ്കള്‍ക്കു ഞാന്‍ നല്കും.” യേശു കല്പിച്ചു. “സാത്താനേ, ദൂരെപ്പോവുക. എന്തെന്നാല്‍, നിന്‍റെ ദൈവമായ കര്‍ത്താവിനെ ആരാധിക്കണം. അവിടുത്തെ മാത്രമേ പൂജിക്കാവൂ എന്നും എഴുതപ്പെട്ടിരിക്കുന്നു.” അപ്പോള്‍ പിശാച് അവിടുത്തെ വിട്ടുപോയി. ദൈവദൂതന്മാര്‍ അടുത്തുവന്ന് അവിടുത്തെ ശുശ്രൂഷിച്ചു.

സ്നേഹമുള്ള മാതാപിതാക്കള്‍ മക്കളെ ശിക്ഷണത്തില്‍ വളര്‍ത്തുന്നതുപോലെ (നിയമാ. 8, 2-5) ദൈവം ഇസ്രായേലിനെ മരുഭൂമിയില്‍വച്ച് പരീക്ഷിച്ചു വളര്‍ത്തിയെന്ന് പുറപ്പടുഗ്രന്ഥത്തില്‍ വായിക്കുന്നു. പുതിയ നിയമത്തില്‍ നവഇസ്രായേലിന്‍റെ ആദര്‍ശപൂര്‍ണ്ണനായ നായകന്‍,
ക്രിസ്തു മരുഭൂമിയില്‍ പരീക്ഷിക്കപ്പെട്ടതാണ് തപസ്സിലെ നമ്മുടെ ആദ്യാവാര ധ്യാനം. നമ്മെ നവീകരിക്കുവാനുള്ള ആത്മീയ കളരിയാണ് പരീക്ഷണങ്ങളുടെ തീച്ചൂള. മനുഷ്യ ജീവിതംതന്നെ മരുഭൂമി അനുഭവമാണ്. ഉടമ്പടിയുടെ വിശ്വസ്തമായ ജീവിതത്തിലൂടെ ദൈവവുമായുള്ള ആത്മീയബന്ധം സ്ഥാപിക്കുവാനുള്ള സമയമാണിത്. അതിനുള്ള ഉപാധിയാണ് തപസ്സും പ്രാര്‍ത്ഥനയും.

വളരെ ദീര്‍ഘമായ യാത്രയായിരുന്നു അത്. സീനായ് മരുപ്രദേശത്തിലൂടെ ഏതാണ്ട് അഞ്ഞൂറു മൈലോളം ബസ്സില്‍ യാത്രചെയ്തു. ഒടുവില്‍ പച്ചത്തുരുത്തുപോലൊരു മരുപ്പച്ചയിലെത്തി. അവിടെ പുരാതനമായ ഒരാശ്രമം. പതിനാലു നൂറ്റാണ്ടോളം പഴക്കമുണ്ടതിന്. വിശുദ്ധ ക്യാതറിന്‍റെ പേരിലാണ് ഇപ്പോള്‍ ആശ്രമം അറിയപ്പെടുന്നത്, Monastery of Saint Catherine!
രണ്ടു വലിയ വ്യക്തിത്വങ്ങളാണ് ഇസ്രായേല്‍ ജനത്തെ ദൈവവുമായി ഉടമ്പടിയിലേര്‍പ്പെടുത്തിയത് - മോശയും (പുറപ്പാട് 34, 28, നിയമാ. 9, 9) ഏലിയായും (1രാജാ. 19, 8).. അത് ഈ മരുപ്രദേശത്തു വച്ചായിരുന്നു - ‘ജെബേല്‍ മൂസാ’ the Mount of Moses എന്നറിയപ്പെടുന്ന സീനായ് താഴ്വാര നമ്മെ അനുസ്മരിപ്പിക്കുന്നത് ഭൂമിയിലേയ്ക്കുവച്ച് ഏറ്റവും പവിത്രമായൊരു സ്ഥാനത്തെക്കുറിച്ചാണ്. കാരണം, ദൈവം തന്നെത്തന്നെ മോശയ്ക്ക് വെളിപ്പെടുത്തിയ മുള്‍പ്പടര്‍പ്പുണ്ടവിടെ!! നിറയെ പച്ചപ്പുള്ള മുള്‍പ്പടര്‍പ്പിന്‍റെ സമീപത്ത് ഇരിക്കുമ്പോള്‍ മനസ്സുമന്ത്രിച്ചു : ഇത് മോശയുടെ ബോധിവൃക്ഷംതന്നെ!!! ദൈവത്തെ പ്രതിനിധാനംചെയ്യാന്‍ ഇതിനെക്കാള്‍ സുന്ദരമായ മറ്റൊരു പ്രതീകം ഉണ്ടാകണമെന്നില്ല. എല്ലാറ്റിനെയും ദഹിപ്പിക്കുന്നതാണ് അഗ്നി. എന്നാല്‍ ഇവിടെയാവട്ടെ, തീയാളുന്നുണ്ട്. എന്നാല്‍, ഒന്നും കത്തിയെരിയുന്നില്ല. ഒന്നിനെയും നശിപ്പിക്കാതെ, എല്ലാറ്റിനെയും പ്രകാശിപ്പിക്കുന്ന അഗ്നിയാണ് സീനായില്‍ കണ്ട്ത്. അതിനെ ‘ദൈവം’ yahweh, I’m who am, എന്നല്ലാതെ മറ്റെന്തു വിളിക്കാനാണ്! ആ ദിവ്യാഗ്നിയുടെ പ്രഭയാണ് മോശയുടെ ജീവിതത്തെ മാറ്റിമറിച്ചത്.
മുള്‍പ്പടര്‍പ്പിനു പിന്നില്‍നിന്ന് അപ്പോള്‍ ആരോ മന്ത്രിച്ചു. “ചെരുപ്പുകള്‍ അഴിച്ചു മാറ്റുക. കാരണം, നിങ്ങള്‍ നില്‍ക്കുന്നിടം വിശുദ്ധമാണ്.” അതിന്‍റെ ചുവട്ടില്‍നിന്ന് എഴുന്നേറ്റു പോരാന്‍ തോന്നിയില്ല. ദാ, സന്ദര്‍ശനസമയം കഴിഞ്ഞിരിക്കുന്നു! പുറത്തു കടന്നപ്പോള്‍ ‘സീനായ്’ എന്നു വായിച്ചു മനസ്സിലാക്കിയ മലയുടെ മീതെ അപ്പോളൊരു തണുത്തകാറ്റ് വീശിയടിച്ചു. മഹാകാരുണ്യത്തിന്‍റെ വെണ്‍മേഘങ്ങള്‍ നിലാവെളിച്ചത്തില്‍ അങ്ങകലെ കാണാമായിരുന്നു....
ഓ, ഇല്ല! ഈ സന്ധ്യ എങ്ങനെ മറക്കാനാകും!!

അന്നു രാത്രി ജെരൂസലേമിലെ സെന്നക്കിള്‍ Cennacle എന്നു വിളിക്കുന്ന വിരുന്നുശാലയിലാണഅ അത്താഴം കഴിക്കാന്‍ ഭാഗ്യം കിട്ടിയത്. തിരുവത്താഴ മേശയിലെ സദ്സംഗില്‍ ഓര്‍മ്മിച്ചത് ഹൊറേബു മലിയിലെ മുള്‍പ്പടര്‍പ്പായിരുന്നു. വേദത്തിന്‍റെ പലഭാഗങ്ങളിലായി ചിതറിക്കിടക്കുന്ന സൂചനകളെ ഒരുമിച്ച് വായിക്കാനുള്ള ശ്രമമായുന്നു അവിടെ.

മുള്ള് ഭൂമിയില്‍ പ്രത്യക്ഷമായത് എങ്ങനെയാണ്? ആദിയില്‍ ഭൂമിക്കുമീതെ അതില്ലായിരുന്നു. സ്നേഹലംഘനത്തിന്‍റെ ചോരപൊടിഞ്ഞ ജൈവശേഷിപ്പാണത്. ദൈവം ആദത്തോടു പറഞ്ഞു. “ഇനിമുതല്‍ ഭൂമി മുള്ളുകളുള്ള സസ്യങ്ങളെ മുളപ്പിക്കും” എന്ന് (ഉല്പത്തി 1, 31). അന്നുതൊട്ടിന്നോളം നരജന്മത്തിന്‍റെ ഊടുവഴികളില്‍ സ്നേഹനിരാസങ്ങളുടെ മുള്ളുകള്‍ പാത്തും പതുങ്ങിയും കിടക്കുന്നുണ്ട്. ആ മുള്ളിനു മീതെയാണ് ഒന്നിനെയും പൊള്ളിക്കാത്ത സൗമ്യമായ പ്രകാശം മോശ കണ്ടത്. ആവശ്യത്തിലേറെ പരുക്കേല്‍ക്കുമ്പോഴും ഭൂമി മോശപ്പെട്ട ഇടമല്ലായെന്ന വീണ്ടുവിചാരത്തിന് നമ്മെ അത് പ്രേരിപ്പിക്കുന്നുണ്ട്. ഇതാണ് മോശയുടെ ദൈവാനുഭവം! എനിക്കുചുറ്റും പൊതിഞ്ഞുനില്ക്കുന്ന സ്നേഹത്തിലേയ്ക്ക് പെട്ടെന്നൊരു കിളിവാതില്‍ തുറന്നു കിട്ടുന്നതാണ് ദൈവാനുഭവം. അപ്പോള്‍ അസ്സീസിയിലെ ഫ്രാന്‍സിസിനെപ്പോലെ എനിക്കും ഇങ്ങനെ നെഞ്ചത്തടിച്ച്, ദൈവത്തെ ഓര്‍ത്ത് വാവിട്ട് കരയാനാകും - “സ്നേഹമേ, എന്‍റെ സ്നേഹിക്കപ്പെടാതെ പോയ സ്നേഹമേ,” എന്ന്.

പുതിയനിയമത്തില്‍ മുള്ള് പ്രത്യക്ഷപ്പെടുന്നത് ജീവിതത്തിന്‍റെ സ്നേഹമില്ലായ്മയുടെ പശ്ചാത്തലത്തിലാണ്. ഒരാള്‍ പറയുന്ന കാര്യങ്ങള്‍ സ്വീകരിക്കാനോ നിരാകരിക്കാനോ
ഉള്ള അവകാശം നമുക്കുണ്ട്. എന്നാലതിനെ പരിഹസിക്കാനുള്ള സ്വാതന്ത്ര്യമുണ്ടോ?
തന്‍റെ അധികാരം ഭൗമികമല്ലെന്ന് ക്രിസ്തു കൃത്യമായി വ്യക്തമാക്കിയിട്ടുണ്ട്. എന്നിട്ടും അത്തരം സൂചനകളുടെ പേരില്‍ അവിടുത്തെ പരിഹസിക്കാനായി പ്രതിയോഗികള്‍ മെനഞ്ഞെടുത്തത് മുള്ളാണ്, മുള്‍മുടിയാണ്.

പൗലോസ് അപ്പസ്തോലന്‍ ശരീരത്തില്‍ കൊണ്ടുനടന്ന മുള്ളിനെക്കുറിച്ച് നാം വായിക്കുന്നുണ്ട്. അത് പലതായി വ്യാഖ്യാനിക്കപ്പെടുന്നു - രോഗങ്ങള്‍, ശരീരത്തിന്‍റെ തിഷ്ണകള്‍, പ്രാമുഖ്യത്തിനും അധികാരത്തിനും വേണ്ടിയുള്ള അദ്ദേഹത്തിന്‍റെ ശാഠ്യങ്ങള്‍, എന്നിങ്ങനെ.
ഈ സ്നേഹരാഹിത്യങ്ങള്‍ തന്നെയായിരുന്നിരിക്കണം അപ്പസ്തോലന്‍ അനുഭവിച്ച മുള്ളുകള്‍ എന്നാണ് നിരൂപകന്മാരുടെ ഇടയിലെ ശക്തമായ അഭിപ്രായം. ഈ വാഴ്വിലൂടെ കടന്നുപോകുന്ന ഓരോ മനുഷ്യനും അത്തരം ചില മുള്ളനുഭവങ്ങളിലൂടെ നടന്നുപോയേ
തീരൂ. പൗലോശ്ലീഹാ കരഞ്ഞു പ്രാര്‍ത്ഥിക്കുന്നുണ്ട്.
“എന്‍റെ ജീവിതത്തിന്‍റെ മുള്ള് എടുത്തു മാറ്റണേ, ദൈവമേ” എന്ന്.
അപ്പോള്‍ മറുപടി കിട്ടിയത്, “ആ മുള്ളവിടെ ഇരുന്നുകൊള്ളട്ടെ!
നിനക്ക് എന്‍റെ കൃപമതി” എന്നായിരുന്നു (2 കൊറി. 12, 9).
മോശയുടേതുപോലെ, അപ്പോള്‍ പൗലോശ്ലീഹായുടെയും ചങ്കിലെ മുള്‍പ്പടര്‍പ്പ് പ്രകാശിച്ചു കാണണം. ഉത്ഥിതനായ ക്രിസ്തുവിന്‍റെ ദൈവികപ്രഭയില്‍ വിരഞ്ഞ അപ്പസ്തോലന്‍റെ മാനസാന്തരമതാണത്, ക്രിസ്ത്വാനുഭവമാണത്!

ക്രൈസ്തജീവിതത്തിന്‍റെ സാരാംശവും, നവീകരണ മാര്‍ഗ്ഗവും ഇതാണ്. ജീവിതത്തിലെ മുള്ളുകളെ മനസ്സിലാക്കുക. അവയെ ദൈവികപ്രകാശത്തില്‍ തിരിച്ചറിയുക. കുത്തിക്കുറിച്ച് ഗണിച്ചു നോക്കുമ്പോള്‍, എന്താണ് യാഥാര്‍ത്ഥ്യം? അനുദിനജീവിതവും, ജീവിതപരസരങ്ങളും വച്ചുനീട്ടുന്ന മുള്ളുകള്‍ക്ക് മീതെ ദൈവികമായ സ്നേഹപ്രകാശമുണ്ട്, എന്ന സൗമ്യമായ ഓര്‍മ്മപ്പെടുത്തലാണ് ജീവിതവെളിച്ചം.

ധൂര്‍ത്തപുത്രന്‍റെ കഥയിലെന്നപോലെ ഭേദപ്പെട്ട സ്നേഹം തേടിയുള്ള യാത്രയാണത്. ഒടുവില്‍ സ്നേഹത്തിന്‍റെ ക്ഷാമകാലത്ത് അങ്ങകലെയിരുന്നു വിചാരിക്കുന്നു, തവിടായാലും മതിയായിരുന്നു! കാമ്പില്ലാത്തതാണ് തവിട്. എന്നിട്ട് അതുപോലും ലഭിക്കുന്നില്ല. അപ്പോഴാണ് പിതൃസ്നേഹത്തിന്‍റെ വിരുന്നുമേശയെക്കുറിച്ച് ഓര്‍മ്മ വന്നത്. ദാസര്‍ പോലും സമൃദ്ധമായി ഭക്ഷിക്കുന്ന ഇടമാണത്. ‘ദാസര്‍’ എന്നാല്‍, പാപികളെന്നാണ് പുതിയ നിയമത്തിലെ അര്‍ത്ഥം.
വിളമ്പാന്‍ മാത്രം അറിയുന്ന പിതാവാണവിടെ നില്ക്കുന്നത്. നല്കുവാനേ അദ്ദേഹത്തിന് അറിയൂ, അതും സമൃദ്ധമായി നല്കുവാന്‍, കലവറയില്ലാതെ നല്കുവാന്‍!

സീനായ് മരുപ്രദേശത്തുനിന്നുമുള്ള മടക്കയാത്രയില്‍ ബസ്സിലിരുന്ന സ്നേഹിതന്‍ ചോദിച്ചു, ‘അപ്പോള്‍, നാം കണ്ട മുള്‍പ്പടര്‍പ്പാണ് മോശ കണ്ടതെന്നതിന് എന്തുറപ്പാണുള്ളത്.’ മറുപടി. ‘ചങ്ങാതീ, അതത്ര ഗൗരവമായ പ്രശ്നമല്ല. പതിനാലു നൂറ്റാണ്ടുകളായി ഇടതടവില്ലാതെ
മനുഷ്യര്‍ ചെരുപ്പൂരി പ്രണമിച്ച ഇടമാണത്. ശാസ്ത്രം, ചരിത്രം എന്നിവയെക്കാള്‍ നമ്മുടെ ദുര്‍ബലജീവിതത്തെ സഹായിക്കാന്‍ പോരുന്നത് ധ്യാനമാണ്. അതവിടെ നല്ലയളവില്‍ സംഭവിക്കുന്നില്ലേ?! ഒരിക്കല്‍ക്കൂടി അതിന്‍റെ ചുവട്ടില്‍ മിഴിപൂട്ടിയിരിക്കുവാനുള്ള
കൊതി ഇനിയും ബാക്കിയുണ്ട്. ധ്യാനത്തിനും ജീവിതനവീകരണത്തിനും വേണ്ടിയുള്ള ത്വരയായിരിക്കട്ടെ ആ കൊതി! നവീകരണത്തിനുവേണ്ട ദൈവികസാമീപ്യം തേടലാണത്.
അതാണ് തപസ്സ്. അതിനുള്ള തീക്ഷ്ണത ഈ തപസ്സാചരണത്തില്‍ തമ്മില്‍ വളരട്ടെ, നമ്മില്‍ യാഥാര്‍ത്ഥ്യമാവട്ടെ!
__________________
Prepared by Nellikal







All the contents on this site are copyrighted ©.