2014-03-06 19:56:46

ഇടയസ്നേഹം കാരുണാര്‍ദ്രമെന്ന്
പാപ്പാ റോമിലെ വൈദികരോട്


6 മാര്‍ച്ച് 2014, വത്തിക്കാന്‍
ഇടയന്‍റെ സ്നേഹം കാരുണാര്‍ദ്രമാണെന്ന് പാപ്പാ ഫ്രാന്‍സിസ് റോമാ രൂപതാ വൈദികരെ ഉദ്ബോധിപ്പിച്ചു.
വിഭൂതിത്തിരുനാള്‍ കഴിഞ്ഞ വ്യാഴാഴ്ച, രാവിലെ വത്തിക്കാനിലെ പോള്‍ ആറാന്‍ ഹോളില്‍ നടന്ന റോമാ രൂപതയിലെ വൈദികര്‍ക്കായുള്ള കൂടിക്കാഴ്ചയിലാണ് പാപ്പാ ഫ്രാന്‍സിസ് ദൈവിക കാരുണ്യത്തെക്കുറിച്ച് ഉദ്ബോധിപ്പിച്ചത്.

സഭയുടെ സ്ഥായീഭാവം ദൈവികകാരുണ്യമാണെന്നും, നാം ജീവിക്കുന്ന മൂന്നാം സഹസ്രാബ്ദത്തിലും ക്രിസ്തുവിന്‍റെ സഭ ദൈവികകാരുണ്യത്തിന്‍റെ കൂദാശയായി, അല്ലെങ്കില്‍ അടയാളമായി വര്‍ത്തിക്കണമെന്നും ഉദ്ബോധിപ്പിച്ച പാപ്പാ, ജീവിത ചുറ്റുപാടുകള്‍ ഇന്ന് അത്രത്തോളം മുറിപ്പെട്ടതും, പ്രശ്നപങ്കിലമാണെന്നും മനസ്സിലാക്കി ജീവിക്കണമെന്ന് സഹോദരവൈദികരെ ഉദ്ബോധിപ്പിച്ചു.

ദൈവം കാരുണ്യവാനാണെന്ന് ജനങ്ങളെ പഠിപ്പിക്കുവാനും കാണിച്ചുകൊടുക്കുവാനും ക്രിസ്തുവിനു സാധിച്ചുവെന്നും, അതുപോലെ ഓരോ വൈദികനും കാരുണ്യത്തിന്‍റെയും സഹാനുഭാവത്തിന്‍റെയും മനുഷ്യരാകണമെന്ന് പാപ്പാ ഉദ്ബോധിപ്പിച്ചു. ആരാണ് ഒരു വൈദികനെന്നു ചോദിക്കുകയാണെങ്കില്‍, തന്‍റെ അജഗണങ്ങളുടെ മുന്നെ നടക്കുന്ന, അവരെ നയിക്കുന്ന നല്ലിടയനായിരിക്കുണം ഓരോ വൈദികനും. ഇടയനില്ലാത്ത ആടുകളെപ്പോലെയായിരുന്ന ജനതയ്ക്ക് ദൈവികകാരുണ്യം ലഭ്യമാക്കിക്കൊണ്ട്, ദൈവത്തെ അനുഭവവേദ്യമാക്കാന്‍ ക്രിസ്തുവിനു കഴിഞ്ഞുവെന്ന് സുവിശേഷങ്ങള്‍ സാക്ഷൃപ്പെടുത്തുന്നു. പാപികള്‍ക്ക് അവിടുന്ന് കാരുണാര്‍ദ്രനായിരുന്നു. രോഗികള്‍ക്ക് അവിടുന്ന് വൈദ്യനായിരുന്നു, സാന്ത്വനമായിരുന്നു, സൗഖ്യദാതാവായിരുന്നു. അങ്ങനെ ക്രിസ്തുവിനെ അനുകരിച്ചിറങ്ങുന്ന ഓരോ വൈദികവനും അവിടുത്തെ കാരുണ്യത്തിന്‍റെയും സാന്ത്വനത്തിന്‍റെയും പ്രതിരൂപമായി ജീവിച്ചുകൊണ്ട്, ദൈവജനത്തിന്‍റെ ഇടയന്മാരാകണം, അവരുടെ നല്ലിടയന്മാരാകണം.

വൈദികര്‍ പരികര്‍മ്മം ചെയ്യുന്ന അനുതാപത്തിന്‍റെ കൂദാശ ദൈവിക കാരുണ്യത്തിന്‍റെ പ്രകടമായ വേദിയാവണമെന്ന് പാപ്പ പ്രത്യേകമായി പ്രഭാഷണമദ്ധ്യേ ചൂണ്ടിക്കാട്ടി. ദൈവത്തിന്‍റെ അനുകമ്പ ജനങ്ങള്‍ അനുഭവിക്കത്തക്കവിധത്തില്‍ അനുതാപ ശുശ്രയില്‍ ജനങ്ങളെ സ്വീകരിക്കാനും ശ്രവിക്കുവാനും ഇന്ന് വൈദികര്‍ക്കാവണമെന്ന് പാപ്പാ പ്രത്യേകം ഉദ്ബോധിപ്പിച്ചു.

പ്രബോധന ജീവിതത്തില്‍ വൈദികര്‍ സ്വതന്ത്രനിലപാടല്ല എടുക്കേണ്ടത്, മറിച്ച് സഭാ പ്രബോധനങ്ങളോടും സഭയുടെ പഠനങ്ങളോടും വിശ്വസ്തരായി ജീവിച്ചുകൊണ്ട് ദൈവത്തിന്‍റെ കാരുണ്യം ജനങ്ങള്‍ക്ക് അനുഭവവേദ്യമാക്കണമെന്നും പാപ്പാ നിഷ്ക്കര്‍ഷിച്ചു. ഔദ്യോഗിക കാര്യങ്ങളില്‍ അയഞ്ഞ നിലപാടെടുത്തുകൊണ്ടല്ല കാരുണ്യകാണിക്കേണ്ടതെന്നും, മറിച്ച് കാര്‍ക്കശ്യത്തിന്‍റെയും ധാര്‍ഷ്ട്യത്തിന്‍റെയും പെരുമാറ്റം അജപാലകര്‍ക്ക് ഇണങ്ങിയതല്ലെന്നും പാപ്പാ തന്‍റെ വൈദികരെ വ്യക്തമാക്കി. വിശുദ്ധിയുടെ പാതയില്‍ വേദനിക്കുന്ന ജനങ്ങള്‍ക്കൊപ്പം സഞ്ചരിക്കുന്നതാണ് കാരുണ്യമെന്ന് പാപ്പാ പ്രഭാഷണത്തില്‍ വ്യക്തമാക്കികൊടുത്തു.

കരുണയില്‍ മനസ്സലിയാത്ത വൈദികരെ ഇന്ന് സഭയ്ക്ക് ആവശ്യമില്ലെന്നും, മുറിപ്പെട്ടവരെ തേടിയിറങ്ങുന്ന ‘ചലിക്കുന്ന ആശുപത്രി’പോലെ സഭ കരുണാലയമായി മാറണമെന്ന് പാപ്പാ തന്‍റെ രൂപതാ വൈദികരെ ഉദ്ബോധിപ്പിച്ചു.
____________________
Report : Nellikal, sedoc









All the contents on this site are copyrighted ©.