2014-03-04 09:30:12

മനുഷ്യന്‍റെ അപഭ്രംശങ്ങളും (77)
ദൈവം നല്കിയ പത്തുപ്രമാണങ്ങളും


RealAudioMP3
ലോകസൃഷ്ടി മുതല്‍ ദൈവം മനുഷ്യനുമായി ബന്ധപ്പെടുന്നത് ഉടമ്പടികളിലൂടെയാണെന്ന് വിശുദ്ധഗ്രന്ഥം സാക്ഷൃപ്പെടുത്തുന്നു. ദൈവിക ഉടമ്പടി ലംഘിച്ച മനുഷ്യന്‍ പാപത്തിനും തിന്മയ്ക്കും അടിമയായി തീരുന്നു. ആദ്യപാപംതന്നെ ദൈവിക ഉടമ്പടിയുടെ നിഷേധമായിരുന്നില്ലേ!

ദൈവം രക്ഷയുടെദാനം പിന്നെ വീണ്ടും മനുഷ്യര്‍ക്കു നല്കിയത് ഇസ്രായേലിന്‍റെ മോചനത്തിലൂടെയും ദൈവജനത്തിന്‍റെ രൂപീകരണത്തിലൂടെയുമാണ്. സീനായ് മലയില്‍വച്ച് ദൈവം ഇസ്രായേല്‍ ജനവുമായി ചെയ്ത ഉടമ്പടിയാണ് പത്തുകല്പനകള്‍. അങ്ങനെ ഇസ്രായേല്‍ ജനം ദൈവത്തെ അവരുടെ നാഥനും രാജാവുമായി അംഗീകരിച്ചു. ക്രിസ്തുവിന്‍റെ ആഗമനംവരെ ഈ ഉടമ്പടി ഇസ്രായേല്യരെ നയിക്കുന്നുണ്ട്. ദൈവജനത്തിന്‍റെ ഉടമ്പടിയുടെയും ജീവിത നിയമങ്ങളുടെയും സിരാകേന്ദ്രം പത്തു കല്പനകളായിരുന്നു. ഉള്ളടക്കത്തില്‍ പത്തു കല്പനകളിലെ അടിസ്ഥാന വിഷയങ്ങള്‍... ദൈവത്തോടും അയല്‍ക്കാരനോടുമുള്ള കടമകളാണ്. ഇവ രണ്ടുമാണ് കല്പനകളുടെയെല്ലാം സാരവും സാരാംശവും സംഗ്രഹവുമെന്ന പുതിയ നിയമത്തിലെ മോശ, ക്രിസ്തു പഠിപ്പിക്കുന്നു. അവ ദൈവികനിയമങ്ങളുടെയും പ്രകൃതി നിയമങ്ങളുടെയും മൗലികമായ ഒത്തുചേരലാണ്, സങ്കലനമാണ്.

Exodus III, sl. 11 സീനായ് മലയില്‍ അഗ്നിരൂപനായ്
പത്തുടമ്പടി ഉള്ളിലെഴുതിയ തമ്പുരാനേ,
അങ്ങേ കനിവിന്‍ കല്പനകള്‍ തരണമേ നിത്യവും
ഞങ്ങള്‍ക്കു ഹൃദയവെളിച്ചമായ് സദാ മാര്‍ഗ്ഗദീപമായ്.

“ഞാനാണ് നിന്‍റെ ദൈവമായ കര്‍ത്താവ്. ഞാനല്ലാതെ വേറെ ദേവന്മാര്‍ നിനക്കുണ്ടാകരുത്. മുകളില്‍ ആകാശത്തിലോ താഴെ ഭൂമിയിലോ ഭൂമിക്കടിയിലോ ജലത്തിലോ ഉള്ള മറ്റൊന്നിനെയും നീ ആരാധിക്കരുത്. അവയ്ക്കു മുന്നില്‍ പ്രണമിക്കുകയും ചെയ്യരുത്. എന്തെന്നാല്‍, ഞാന്‍ നിന്‍റെ ദൈവമായ കര്‍ത്താവാകുന്നു.” (പുറപ്പാട് 20, 2-5). ഏകദൈവത്തിലുള്ള വിശ്വാസം കല്പനകള്‍ക്ക് അടിസ്ഥാനമാണ്.

Exodus IV, sl. 17 ആദിയില്‍ ദൈവത്തോടൊത്തു വസിച്ചൊരു
നാദസ്വരൂപമേ വിശ്വവിജ്ഞനമേ
പൃത്ഥിയെ സൃഷ്ടിച്ചു പാലിച്ചുപോരുന്ന
ത്രിത്വൈക ദൈവമേ, തവഗീതിപാടാം ഞങ്ങള്‍
തവഗീതി പാടാം.

മനുഷ്യന്‍ നെറ്റിയിലെ വിയര്‍പ്പുകൊണ്ട് അദ്ധ്യാനിച്ചു ജീവിക്കണമെന്ന് ദൈവം കല്പിച്ചു. അങ്ങനെ അദ്ധ്വാനിച്ചു ജീവിക്കുന്ന മനുഷ്യന‍് വിശ്രമിക്കാനും അവകാശമുണ്ട്. വിശ്രമദിനം ദൈവത്തെ സ്തുതിച്ച്, നന്ദിപറയുന്ന ദിവസമാണ്. സാബത്ത് കര്‍ത്താവിന്‍റെ ദിവസമാണെന്ന് കല്പന പഠിപ്പിക്കുന്നു. അങ്ങനെ ഏഴാം ദിവസം ദൈവമായ കര്‍ത്താവിന്‍റെ സാബത്തുദിനമാണ്, അത് വിശുദ്ധമായി ആചരിക്കണം. (പുറപ്പാട് 20, 10).

Exodus III sl. 12 വിശ്രമിക്കാനൊരു ദിനം, നാഥനു നന്ദിയേകാന്‍
നീതിയോടെന്നു സോദരര്‍ക്കു നന്മചെയ്യാന്‍
വിധിക്കാന്‍, കുറ്റുവും ശിക്ഷയും നടപ്പാക്കാന്‍
നല്കീ നിയമങ്ങള്‍ മമ ജീവിതത്തിന്നാധാരമായ്.

സഹോദരനെ ഒരിക്കലും അടിമയായ് കാണരുത്. നമ്മോടൊപ്പം ജോലിചെയ്യുന്ന സഹോദരന് ന്യായമായ വേദനവും വിശ്രമവും നല്കണം. സാബത്തു നാളിലെന്നപോലെ ഏഴാം വര്‍ഷത്തില്‍, സാബത്തു വര്‍ഷത്തില്‍ അടിമവേലചെയ്യുന്നവനെ സ്വതന്ത്രനാക്കണം. അവന്‍ തനിച്ചാണ് വന്നതെങ്കില്‍ തനിച്ചു പൊയ്ക്കൊള്ളട്ടെ. ഭാര്യയും മക്കളുമുണ്ടെങ്കില്‍ അവരും മോചിതരാവട്ടെ, എന്നാണ് ദൈവപ്രമാണം. നവമായ അടിമത്വത്തിന്‍റെ ഭാവങ്ങള്‍ ഇന്നും ലോകത്ത് ഉയര്‍ന്നുവരുമ്പോള്‍ എല്ലാവരും ദൈവമക്കളും, അതിനാല്‍ സഹോദരങ്ങളുമാണെന്ന
ചിന്ത വളരട്ടെ (പുറപ്പാട് 21, 2-6).


Exodus IV, Sl. 1 അടമയാകിലും അവനെന്‍ സോദരനല്ലോ
അവശനായ് കേഴുമവനെന്‍ സ്നേഹിതനല്ലോ
കനിവിന്‍ നിറവു കാട്ടേണമവനോട്
കാരുണ്യക്കതിര്‍ ചൊരയണമവനില്‍ സ്വാതന്ത്ര്യമായ്
കനിവിന്‍ സ്വാതന്ത്ര്യമായ്

സഹോദരസ്നേഹം ദൈവസ്നേഹത്തിനു സമാനമാണ്, സഹോദരങ്ങളെ സ്നേഹിക്കുന്നവര്‍ ദൈവത്തെയാണ് സ്നേഹിക്കുന്നത്. അതിനാല്‍ ഒരിക്കലും പാവങ്ങളെ പീഡിപ്പിക്കരുത്. ദൈവം അവരുടെ നിലവിളി കേള്‍ക്കും. കര്‍ത്താവിന്‍റെ കോപം അപ്പോള്‍ മര്‍ദ്ദിതരുടെമേല്‍ ജ്വലിക്കുമെന്നും കല്പന അനുശാസിക്കുന്നു. ആകയാല്‍ സൂര്യാസ്തമയത്തിനു മുന്‍പേ, അനുദിനം സഹോദരങ്ങളോടു രമ്യപ്പെട്ടു ഈ ഭൂമിയില്‍ ഐക്യത്തോടെ ജീവിക്കണമെന്ന് വചനം നമ്മെ അനുസ്മരിപ്പിക്കുന്നു (പുറപ്പാട് 21, 21-26).

Exodus IV sl. 2 സോദരനെ വെറുക്കുന്നവന്‍ ശിക്ഷിക്കപ്പെടും
സ്നേഹമില്ലാത്തവന്‍ ശിക്ഷാവിധിക്കര്‍ഹനായിടും
തോജോവധം ചെയ്യുന്നവനും ഹനിക്കുന്നവനുമൊരുപോല്‍
നേരിടും ദൈവിക ന്യായവിധിയൊരുനാള്‍

പീഡനത്തിന്‍റെ നുകം ഒരിക്കലും നാം സഹോദരങ്ങള്‍ക്കുമേല്‍ ചുമത്തരുത്. മറിച്ച് മുറിപ്പെട്ടവനെയും ക്ലേശിക്കുന്നവരെയും തണയ്ക്കണമെന്നാണ് പ്രമാണം പഠിപ്പിക്കുന്നത്. വൈരുധ്യങ്ങളുടെ ലോകത്ത് സാഹോദര്യത്തിലൂടെ കൂട്ടായ്മയുടെയും ഐക്യദാര്‍ഢ്യത്തിന്‍റെയും അന്തസ്സുള്ള ജീവിതരീതിയും സമൂഹവുമായിരിക്കണം നമ്മുടെ ലക്ഷൃം. ആധുനിക മാധ്യമങ്ങളുടെ സാങ്കേതിക മികവുകൊണ്ട് ലോകം പൂര്‍വ്വാപരി ചുരുങ്ങി വരുന്നുണ്ടെങ്കിലും മനുഷ്യര്‍ തമ്മില്‍ അകലുകയാണ്. സാഹോദര്യത്തിലൂടെ കൂട്ടായ്മയുടെ സംസ്ക്കരത്തിനായി നമുക്കു പരിശ്രമിക്കാം.

Exodus IV sl. 5 ജീവിതച്ചുമടിന്‍ കീഴല്‍ കിടക്കുമെന്‍
സോദരനെ കാണ്മൂ ഞാന്‍
കടന്നുപോകില്ലവനെ തൂണയ്ക്കാതെ ഞാന്‍
കൈപിടിച്ചുയര്‍ത്തും എഴുന്നേല്‍പ്പിക്കും
കാരുണ്യക്കതിര്‍ ചൊരിഞ്ഞിടുമവനില്‍ ഞാന്‍

എളയവരോടു കാണിക്കുന്ന നീതിയും സ്നേഹവും ദൈവസ്നേഹത്തിന് സമാനമാണ്.
ആകയാല്‍ പാവങ്ങളെ ഉപദ്രവിക്കരുത്, മറിച്ച് അവരെ തുണയ്ക്കണം. സഹോദരങ്ങളുമായി ആശയവിനിമയം ചെയ്യുന്നവര്‍ പരസ്പരം നല്ല അയല്‍ക്കാരായി തീരുന്നു. അപരനെ തന്നെപ്പോലെ ഒരുവനായി കാണുക മാത്രമല്ല, അപരന്‍റെ സ്ഥാനത്തു തന്നെത്തന്നെ കാണുവാനുള്ള കഴിവാണ് സാഹോദര്യത്തിന്‍റെ നല്ല അയല്‍ക്കാരനില്‍ ഇവിടെ പ്രകടമാകുന്നത്.

Exodus IV sl. 6 എളിയോര്‍ക്കു നീതി നടപ്പാക്കണം നിങ്ങള്‍
കുറ്റാരോപണത്തിനു കൂട്ടുനില്ക്കാതെ
അന്യരെ മാന്യരായ് കരുതിടേണം
അയല്‍ക്കാരനെ കരുണയാല്‍ കാത്തിടേണം.


ദൈവകല്പനകള്‍ ജീവല്‍ബന്ധിയാണ്. ഈ ഭൂമിയില്‍ മനുഷ്യര്‍ പരസ്പരം സ്നേഹിച്ചും സഹോദരാങ്ങളായി ഒന്നിച്ചും ജീവിക്കുവാന്‍ സഹായിക്കുവാനാണീ നിയമങ്ങള്‍. സമ്പത്തിനും അധികാരത്തിനുമായി സ്വാര്‍ത്ഥതമൂലം നമ്മില്‍ വളരുന്ന അതിമോഹം സഹോദര്യത്തിന് വിഘ്നമാണ്. എനിക്കെന്തുകിട്ടും, എന്ന ചിന്ത ജീവിതനിയമമായി ഇന്നു മാറുന്നുണ്ട്.
അതിനാല്‍ അപരനെ ചവിട്ടിമെതിച്ചും എനിക്കുയരണം എന്ന ചിന്ത കൂടിവരികയാണ്.
ഇന്ന് ലോകത്ത് നിറഞ്ഞുനില്ക്കുന്ന അസഹിഷ്ണുത, യുദ്ധം, കലഹം, വംശീയ വിദ്വേഷം എന്നിവയ്ക്കു പിന്നില്‍ സ്നേഹമില്ലായ്മയാണ്.

Exodus IV sl. 7 കുറ്റമാരോപിക്കാന്‍ കൂട്ടുചേരാതെ നാം
കൂട്ടരായ് ഒത്തു ചരിച്ചിടേണം
കൂട്ടമായ് എന്നും വസിച്ചിടേണം നാം
കൂടുംബമായ് എന്നും ഈ ലോകെ വാണിടേണം.

മോശ എന്ന നായകനിലൂടെ ദൈവം ജനത്തിന് കല്പനകള്‍ നല്കിയെന്നാണ് നാം പുറപ്പാടുഗ്രന്ഥത്തില്‍ വായിക്കുന്നത്. ദൈവപ്രമാണങ്ങള്‍ക്കു പുറമേ, പുറപ്പാടിന്‍റെ പുസ്തകത്തിലും പഞ്ചഗ്രന്ഥി മുഴുവനിലും കാണുന്ന കല്പനകളും നിയമങ്ങളും
ദൈവം മോശയിലൂടെ തന്‍റെ ജനത്തിനു നല്കി എന്നാണ് സങ്കല്പം. അതിനാല്‍ പത്തുപ്രമാണങ്ങളെ മോശയുടെ കല്പനകള്‍ എന്നും പരാമര്‍ശിക്കാറുണ്ട്.


Exodus II sl. 17 മാര്‍ഗ്ഗദീപമായ് ജനത്തിനേകീ ദൈവം
പത്തുകല്പനകള്‍ സദ്കര്‍മ്മത്തിന്‍ നിയമങ്ങള്‍
ശാന്തിതന്‍ സ്നേഹത്തിന്‍ തീതിയന്‍ ദൂതുകള്‍
സനേഹപ്രകാശമായ് തെളിയും സോഹോപദേശങ്ങള്‍

ഇസ്രായേലിന്‍റെ നീണ്ട പുറപ്പാടു യാത്രയില്‍ മോശ എന്ന നേതാവ്, ദൈവനിവേശിതനായി
തന്‍റെ ജനത്തിന്‍റെ ജീവിതവിജയത്തിനു നല്കിയ മാര്‍ഗ്ഗരേഖയായി നമുക്ക് പത്തുകല്പനകളെ നമുക്കു മനസ്സിലാക്കാം. സാമ്പത്തികവും രാഷ്ട്രീയവും താത്വികവും മതാത്മകവുമായ ഘടകങ്ങളുടെ സമ്മിശ്രണത്തില്‍നിന്നും ഉതിരുന്ന സംഘട്ടനങ്ങള്‍ക്കു പുറമേ, ജനങ്ങള്‍ ഇന്ന് വിവിധതരത്തിലുള്ള ഒറ്റപ്പെടലും പാര്‍ശ്വവത്ക്കരണവും ദാരിദ്ര്യവും അനുഭവിക്കുന്നുണ്ട്. ഇങ്ങനെയുള്ളൊരു സാഹചര്യത്തില്‍ സദ്ക്കര്‍മ്മങ്ങള്‍ക്കുള്ള സാരോപദേശങ്ങളും ജീവിതനിയമങ്ങളുമായി ദൈവം നല്കുന്ന പത്തുകല്പനകള്‍ ചരിത്രത്തില്‍ ഇന്നും നിലനില്ക്കുന്ന, ഇന്നും ജീവിക്കുന്നു.
_______________________________
Prepared by Nellikal, Vatican Radio







All the contents on this site are copyrighted ©.