2014-03-04 17:44:16

ആത്മീയ ജീവിതത്തിന്‍റെ നായകൻ പരിശുദ്ധാത്മാവ്


04 മാർച്ച് 2014, വത്തിക്കാൻ
സുവർണ്ണ ജൂബിലി ആഘോഷിക്കുന്ന ഇറ്റാലിയൻ ധ്യാനകേന്ദ്രങ്ങളുടെ ഐക്യവേദിക്ക് (Federazione Italiana Esercizi Spirituali -FIES) മാർപാപ്പയുടെ ആശംസകൾ. ജൂബിലി ആഘോഷത്തോടനുബന്ധിച്ച് ഐക്യവേദി അംഗങ്ങളുമായി ഫെബ്രുവരി 3ന് പാപ്പ കൂടിക്കാഴ്ച്ച നടത്തി.
വിശ്വാസ ജീവിതത്തിൽ ധ്യാനങ്ങൾക്കുള്ള പ്രാധാന്യം, ധ്യാനം നയിക്കുന്നവരുടെ തയ്യാറെടുപ്പ്, ധ്യാനകേന്ദ്രങ്ങളുടെ പ്രസക്തി എന്നീ വിഷയങ്ങളെക്കുറിച്ച് പാപ്പ അവരോട് സംസാരിച്ചു. ദൈവാനുഭവത്തിലായിരിക്കാനും ദൈവിക സ്നേഹം അനുഭവിച്ചറിയാനുമുള്ള ഒരവസരമാണ് ധ്യാനം. ദൈവത്തെക്കുറിച്ച് കേൾക്കാൻ മാത്രമല്ല, ദൈവത്തെ കണ്ടുമുട്ടാനും അനുഭവിച്ചറിയാനും മനുഷ്യൻ ആഗ്രഹിക്കുന്നു. ദൈവത്തിന്‍റെ സ്നേഹവും സൗന്ദര്യവും അനുഭവിച്ചറിയാനുള്ള ക്ഷണമാണ് ധ്യാനങ്ങൾ. അവ ദൈവവചനം ശ്രവിക്കാനും ധ്യാനിക്കാനും, തീവ്രമായ പ്രാർത്ഥനാരൂപിയിലായിരിക്കാനും, നിശബ്ദമായി ദൈവാരാധന നടത്താനും അനുയോജ്യമായ സാഹചര്യം വ്യക്തികൾക്കു നൽകണം. ആഴമേറിയ ആത്മീയാനുഭവത്തിന്‍റെ ഇടമായി ധ്യാനകേന്ദ്രങ്ങൾ നടത്തിക്കൊണ്ടുപോകാൻ അനുയോജ്യരായ ശുശ്രൂഷികള്‍ ഉണ്ടായിരിക്കേണ്ടത് അനിവാര്യമാണ്. നല്ല ധ്യാന കേന്ദ്രങ്ങൾ ഒരു തരത്തിലും മലിനമാകാതെ നടത്തിക്കൊണ്ടുപോകാനും, മികച്ച പരിശീലനം ലഭിച്ച ധ്യാനപ്രസംഗകരും, ആത്മീയ ഗുരുക്കളും വിശ്വാസ സമൂഹത്തിന് ലഭിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്താനും അജപാലകർക്ക് കടമയുണ്ട്.
ധ്യാനത്തിൽ സംബന്ധിച്ച്, നവീകരിക്കപ്പെട്ട്, പുതിയ മനുഷ്യരായി മാറുന്ന വ്യക്തികൾ, തങ്ങൾ അനുഭവിച്ച ദൈവാനുഭവത്തിന്‍റെ സാക്ഷികളായി മാറണം. അവരുടെ അനുദിന ജീവിതവും, ശുശ്രൂഷകളും, വ്യക്തിബന്ധങ്ങളും, ക്രിസ്തുവിന്‍റെ സുഗന്ധത്താൽ പൂരിതമാകണമെന്നും പാപ്പ ഉത്ബോധിപ്പിച്ചു.
ധ്യാനകേന്ദ്രങ്ങൾ സഭാ ജീവിതത്തിന് വലിയൊരു മുതൽക്കൂട്ടാണെന്ന് അഭിപ്രായപ്പെട്ട മാർപാപ്പ, അവയ്ക്ക് അർഹിക്കുന്ന പരിഗണനയും പിന്തുണയും ലഭിക്കണമെന്നും പ്രസ്താവിച്ചു.

Reported: Vatican Radio, T.G







All the contents on this site are copyrighted ©.