2014-03-03 17:27:07

എയിഡ്സ് നിവാരണത്തിന് കാരിത്താസ് - യു.എൻ സംയുക്ത പദ്ധതി


03 മാർച്ച് 2014,
എയിഡ്സ് നിർമ്മാർജ്ജനം ചെയ്യാൻ കത്തോലിക്കാ ഉപവിസംഘടനയായ കാരിത്താസ് ഇന്‍റർനാഷണലിസും യു.എന്നും കൈകോർക്കുന്നു. എച്ച്.ഐ.വി എയിഡ്സ് നിർമ്മാർജ്ജനത്തെക്കുറിച്ച് പഠിക്കാൻ കാരിത്താസും യു.എന്നും സംയുക്തമായി സംഘടിപ്പിച്ച ദ്വിദിന പഠന ശിബിരത്തിൽ എയിഡ്സ് നിവാരണത്തിനുവേണ്ടി പ്രവർത്തിക്കുന്ന കത്തോലിക്കാ ജീവകാരുണ്യ സംഘടനകളുടെ സാന്നിദ്ധ്യം വേറിട്ട അനുഭവമായി.
ബോധവത്കരണ പദ്ധതികള്‍ എച്ച്.ഐ.വി ബാധിക്കുന്നവരുടെ എണ്ണം കുറയ്ക്കാൻ സഹായകമായിട്ടുണ്ടെന്ന് കഴിഞ്ഞ വർഷങ്ങളിലെ യു.എൻ റിപ്പോർട്ട് വെളിപ്പെടുത്തിയിരുന്നു. ആഫ്രിക്കൻ രാജ്യങ്ങളിൽ എയിഡ്സ് പ്രതിരോധിക്കാനും എയിഡ്സ് ബാധിതരെ ശുശ്രൂഷിക്കാനും ക്രൈസ്തവ സന്നദ്ധ സംഘടനകൾ നിർണ്ണായക സംഭാവനകൾ നൽകുന്നുണ്ട്. സാമ്പത്തിക പരാധീനതയും മരുന്നുകളുടെ ലഭ്യതക്കുറവും, ദേശീയ എയിഡ്സ് നിവാരണ പദ്ധതി രൂപീകരണത്തിൽ സന്നദ്ധ സംഘടനകൾക്ക് സ്വരമില്ലാത്തതും എയിഡ്സ് നിവാരണത്തിന് പ്രതിബന്ധമാണെന്ന് സമ്മേളനം വിലയിരുത്തി.
ബോധവത്കരണം താഴെക്കിടയിൽ നിന്ന് ആരംഭിച്ചെങ്കിൽ മാത്രമേ പ്രതിരോധം ഫലപ്രദമാകൂവെന്ന് പഠനശിബിരത്തിൽ പങ്കെടുത്ത നൈജീരിയൻ കർദിനാൾ ഒനായിയേക്കൻ വത്തിക്കാൻ റേഡിയോയ്ക്ക് അനുവദിച്ച അഭിമുഖത്തിൽ പ്രസ്താവിച്ചു. എച്ച്.ഐ.വി ബാധിതരുടെ ചികിത്സയ്ക്കും അവർക്ക് സാമൂഹ്യ പരിഗണന ഉറപ്പുവരുത്താനും കത്തോലിക്കാ സംഘടനകൾ ആത്മാർത്ഥമായി പരിശ്രമിക്കുന്നുണ്ടെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ഇടവക തലത്തിലും മതബോധന രംഗത്തും നടത്തുന്ന ബോധവത്കരണ പരിപാടികൾ എയിഡ്സ് പ്രതിരോധത്തെക്കുറിച്ച് ജനങ്ങളിൽ അവബോധം വളർത്താൻ ഫലപ്രദമായ മാർഗങ്ങളാണെന്നും കർദിനാൾ അഭിപ്രായപ്പെട്ടു.


Reported: Vatican Radio, T.G







All the contents on this site are copyrighted ©.