2014-03-03 17:27:18

ഉക്രൈനുവേണ്ടി മതനേതാക്കളുടെ സമാധാനാഹ്വാനം


03 മാർച്ച് 2014,
ഉക്രൈനുവേണ്ടി പ്രാർത്ഥിക്കാൻ ഫ്രാൻസിസ് മാർപാപ്പ വീണ്ടും ആഹ്വാനം ചെയ്തതിനു പിന്നാലെ, ഉക്രൈനിൽ സമാധാനം പുനഃസ്ഥാപിക്കാൻ അഭ്യർത്ഥിച്ചുകൊണ്ട് 13 രാഷ്ട്രങ്ങളിലെ ക്രൈസ്തവ നേതാക്കൾ സംയുക്തപ്രസ്താവന പുറത്തിറക്കി. ഇക്കഴിഞ്ഞ ഞായറാഴ്ച ത്രികാല പ്രാർത്ഥനാ സംഗമത്തിലാണ് ഫ്രാൻസിസ് പാപ്പ ഉക്രൈനുവേണ്ടി സമാധാനാഭ്യർത്ഥന ആവർത്തിച്ചത്.
പാപ്പായുടെ മാതൃക പിന്തുടർന്ന് 13 പശ്ചിമേഷ്യൻ രാജ്യങ്ങളിലെ ക്രൈസ്തവ നേതാക്കൾ സംയുക്തമായി ഉക്രൈനുവേണ്ടി സമാധാനാഹ്വാനം നടത്തി. ഉക്രൈനിലേയും റഷ്യയിലേയും ക്രൈസ്തവ നേതാക്കൾക്കു പുറമേ, അസൈർബൈജാൻ, അർമേനിയ, ബെലാറൂസ്, കസാക്കിസ്ഥാൻ, കിർഗിസ്ഥാൻ, ലാത്വിവ, ലിത്വാനിയ, മോൾഡോവ, തജാക്കിസ്ഥാൻ, ഉബെകിസ്ഥാൻ, എസ്തോനിയ എന്നീ രാജ്യങ്ങളിലെ ക്രൈസ്തവ നേതാക്കളാണ് പൊതുപ്രസ്താവനയിൽ ഒപ്പു വച്ചിരിക്കുന്നത്.

സംഘർഷത്തിൽ കൊല്ലപ്പെട്ടവരുടെ കുടുംബാംഗങ്ങളോടും പരുക്കേറ്റവരോടും അനുശോചനം അറിയിച്ച ക്രൈസ്തവ മതനേതാക്കൾ, അക്രമത്തിൽ നിന്ന് പിന്തിരിയാൻ എല്ലാവരോടും അഭ്യർത്ഥിച്ചു. വിപ്ലവവും, അക്രമവും, വിവേചനവും, ആരാധനാലയങ്ങൾ പിടിച്ചടക്കുന്നതും ഐക്യത്തിലേക്കോ സമാധാനത്തിലേക്കോ നയിക്കുകയില്ലെന്ന് അവർ മുന്നറിയിപ്പു നൽകി. അനുരജ്ഞന ശ്രമങ്ങൾക്കും സമാധാന ചർച്ചകൾക്കും സഭാമേലധ്യക്ഷൻമാർ പ്രോത്സാഹനം പകർന്നു. ഉക്രൈനിൽ സമാധാനം പുനഃസ്ഥാപിക്കാൻ തങ്ങളാലാകുന്ന വിധത്തിൽ സഹായിക്കാൻ സന്നദ്ധരാണെന്നും ക്രൈസ്തവ നേതാക്കൾ സന്ദേശത്തിൽ പ്രഖ്യാപിച്ചിട്ടുണ്ട്.


Reported: Vatican Radio, T.G








All the contents on this site are copyrighted ©.