2014-02-28 17:25:27

പ്രവാസികളുടെ അജപാലനത്തില്‍ സഭയ്ക്കു സവിശേഷ ശ്രദ്ധ: മാര്‍ ആലഞ്ചേരി


28 ഫെബ്രുവരി 2014, കൊച്ചി
പ്രവാസി ജീവിതം നയിക്കുന്ന സഭാംഗങ്ങളുടെ അജപാലന ശുശ്രൂഷയ്ക്ക് സഭ വലിയ പ്രാധാന്യം നല്‍കുന്നുണ്ടെന്ന് സീറോ മലബാര്‍ സഭാ മേജര്‍ ആര്‍ച്ച്ബിഷപ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി. മെല്‍ബണ്‍ സീറോ മലബാർ രൂപതാധ്യക്ഷനായി സ്ഥാനമേറ്റെടുക്കുന്നതിന് ഓസ്ട്രേലിയയിലേക്കു പോകുന്ന കൂരിയ ബിഷപ്പ് മാര്‍ ബോസ്കോ പുത്തൂരിനു സഭാ ആസ്ഥാനമായ കാക്കനാട് മൗണ്ട് സെന്‍റ് തോമസില്‍ നല്‍കിയ യാത്രയയപ്പ് യോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

പ്രവാസികളുടെ കാര്യത്തിലുള്ള സഭയുടെ ഔത്സുക്യത്തിന്‍റേയും സമര്‍പ്പണത്തിന്‍റേയും പ്രതീകമായി ബിഷപ് ബോസ്കോ പുത്തൂരിന്‍റെ നിയോഗത്തെ കാണാനാകും. കൂരിയ ബിഷപ് എന്ന നിലയിലും അതിനു മുമ്പും അദ്ദേഹം തന്‍റെ മഹത്വമാര്‍ന്ന വ്യക്തിത്വത്തിലൂടെ സഭയ്ക്കു ചെയ്തിട്ടുള്ള സേവനങ്ങള്‍ ശ്രദ്ധേയമാണ്. ഓസ്ട്രേലിയയിലെ സഭയുടെ വലിയ താത്പര്യത്തിന്‍റെ ഫലമാണു മെല്‍ബണില്‍ രൂപത ലഭിച്ചത്. ഓസ്ട്രേലിയയിൽ അജപാലന ശുശ്രൂഷയുടെ പുതിയ സാധ്യതകള്‍ക്കു വാതില്‍ തുറക്കാനുണ്ടെന്നും മാര്‍ ആലഞ്ചേരി അഭിപ്രായപ്പെട്ടു.

ആര്‍ച്ച്ബിഷപ് മാര്‍ ആന്‍ഡ്രൂസ് താഴത്ത്, സിഎംഐ പ്രിയോര്‍ ജനറല്‍ ഫാ.ജോസ് പന്തപ്ലാംതൊട്ടിയില്‍, കൂരിയ ചാന്‍സിലര്‍ റവ.ഡോ. ആന്‍റണി കൊള്ളന്നൂര്‍, പ്രൊക്യൂറേറ്റര്‍ ഫാ. മാത്യു പുളിമൂട്ടില്‍, സിസ്റ്റർ സ്മിത എന്നിവര്‍ പ്രസംഗിച്ചു. സീറോ മലബാര്‍ സഭയുടെ പതിനഞ്ചു മെത്രാന്മാരും രൂപത, സന്യാസസഭ പ്രതിനിധികളും പങ്കെടുത്തു.

Source: SMCIM
RV/TG







All the contents on this site are copyrighted ©.