2014-02-28 17:26:59

ക്രിസ്തുവിന്‍റെ അധ്യാപന കല


28 ഫെബ്രുവരി 2014, വത്തിക്കാൻ
യുവജന പ്രേഷിതത്വത്തിൽ ക്രിസ്തുവിന്‍റെ അധ്യാപന കല അനുകരിക്കണമെന്ന് ഫ്രാൻസിസ് മാർപാപ്പ. ലാറ്റിനമേരിക്കയ്ക്കുവേണ്ടിയുള്ള പൊന്തിഫിക്കൽ കമ്മീഷന്‍റെ സമ്പൂർണ്ണ സമ്മേളനത്തിനു നൽകിയ സന്ദേശത്തിലാണ് യുവജന അജപാലനത്തിന്‍റെ പ്രാധാന്യവും പ്രസക്തിയും പാപ്പ പരാമർശ വിധേയമാക്കിയത്. ‘ലാറ്റിനമേരിക്കൻ യുവജനങ്ങളുടെ വിശ്വാസ പരിശീലനത്തിന്‍റെ പ്രാധാന്യം’ കേന്ദ്ര പ്രമേയം ആസ്പദമാക്കി ഫെബ്രുവരി 25 ആരംഭിച്ച സമ്മേളനം 28ാം തിയതി വെള്ളിയാഴ്ച സമാപിച്ചു. വെള്ളിയാഴ്ച രാവിലെ അപ്പസ്തോലിക അരമനയിൽ വച്ചായിരുന്നു ലാറ്റിനമേരിക്കയ്ക്കുവേണ്ടിയുള്ള പൊന്തിഫിക്കൽ കമ്മീഷൻ അംഗങ്ങളുമായി പാപ്പായുടെ കൂടിക്കാഴ്ച്ച.
ധനികനായ യുവാവുമായി യേശുവിന്‍റെ കൂടിക്കാഴ്ച്ച ആധാരമാക്കി യുവജനങ്ങളോട് യേശു ഇടപെടുന്ന രീതിയെക്കുറിച്ചും യേശുവിന്‍റെ അധ്യാപന ശൈലിയെക്കുറിച്ചും ലാറ്റിനമേരിക്കയ്ക്കുവേണ്ടിയുള്ള പൊന്തിഫിക്കൽ കൗൺസിൽ അംഗങ്ങളോട് പാപ്പ വിശദീകരിച്ചു. യേശു ധനികനായ യുവാവിനോട് ചെയ്തതുപോലെ, യുവജനത്തെ സ്നേഹത്തോടെ സ്വീകരിക്കാനും താൽപര്യപൂർവ്വം ശ്രവിക്കാനും അജപാലകർ തയ്യാറാകണം. ഒടുവിൽ “നിനക്കുള്ളതെല്ലാം ഉപേക്ഷിച്ച് എന്നെ അനുഗമിക്കുക” എന്ന് ആ യുവാവിനോട് യേശു ആവശ്യപ്പെട്ടു. ക്രിസ്തുവിന്‍റെ ഈ ക്ഷണം ഇന്നും പ്രസക്തമാണ്. നമ്മെ ആശ്രയിക്കുന്ന യുവജനത്തെ നിരാശപ്പെടുത്തരുത്. യുവജനങ്ങളെ പഠിപ്പിക്കുക, സുവിശേഷവത്കരിക്കുക, ക്രിസ്തുശിഷ്യരായി അവരെ പരിവർത്തനം ചെയ്യുക എന്ന ദൗത്യം നിറവേറ്റാൻ പ്രഷിത തീക്ഷണതയും ക്ഷമയും അനിവാര്യമാണെന്നും പാപ്പ പൊന്തിഫിക്കൽ കമ്മീഷൻ അംഗങ്ങളെ ഓർമ്മിപ്പിച്ചു.

Reported: Vatican Radio, TG







All the contents on this site are copyrighted ©.