2014-02-27 18:01:05

തപസ്സാചരണം
കേരളത്തില്‍ തുടക്കമായി


27 ഫെബ്രുവരി 2014, കൊച്ചി
കേരളത്തിലെ മലങ്കര കത്തോലിക്കാ സഭയില്‍ വലിയനോമ്പാചരണം ആരംഭിച്ചു കഴിഞ്ഞു.
സീറോമലബാര്‍ സഭയില്‍ മാര്‍ച്ച് 3-ാം തിയതി തിങ്കളാഴ്ചയാണ് വലിയനോമ്പ് ആരംഭിക്കുന്നത്. വിഭൂതി ബുധനാഴ്ച (മാര്‍ച്ച് 5-ാം തിയതി) ആഗോളസഭ ആചരിക്കുന്ന വിഭൂതി തിരുനാളോടെ ക്രിസ്തുവിന്‍റെ പെസഹാരഹസ്യങ്ങളെ ധ്യാനിച്ചുകൊണ്ട് ജീവിതനവീകരണം ലക്ഷൃംവയ്ക്കുന്ന തപസ്സുകാലത്തിന്‍റെ പൂര്‍ണ്ണ തുടക്കമാകും.

ഭൗതികവും ധാര്‍മ്മികവും ആദ്ധ്യാത്മികവുമായ അനാഥത്വത്തില്‍ അമര്‍ന്ന ജീവിതങ്ങളെ ക്രിസ്തുവില്‍ നവീകരിക്കുവാനും സമ്പന്നമാക്കുവാനും, പിതാവായ ദൈവത്തിന്‍റെ കാരുണ്യത്തിന് നമ്മെത്തന്നെ സമര്‍പ്പിക്കുവാനുമുള്ള പാപ്പാ ഫ്രാന്‍സിസിന്‍റെ സന്ദേശമാണ് കേരളത്തിലെ സഭാപിതാക്കന്മാര്‍ ഇക്കുറി തപസ്സാചരണത്തിന് സഹായകമായി വിശ്വാസികള്‍ക്ക് നല്കിയിരിക്കുന്നത്. ‘ക്രിസ്തു നിങ്ങളെപ്രതി ദരിദ്രനായി, തന്‍റെ ദാരിദ്ര്യത്താല്‍ നിങ്ങള്‍ സമ്പന്നരാകാന്‍വേണ്ടിയാണത്,’ (2 കൊറി. 8, 9) എന്ന പൗലോസ് അപ്പസ്തോലന്‍റെ വാക്കുകളാണ് വ്യക്തികള്‍ക്കും സമൂഹങ്ങള്‍ക്കും മാനസാന്തരത്തിന്‍റെ മാര്‍ഗ്ഗമായി പാപ്പാ നിര്‍ദ്ദേശിക്കുന്നത്.

മനുഷ്യാവതാരം ചെയ്ത് മനുഷ്യരുടെ പക്കലേയ്ക്ക് ഇറങ്ങിവന്ന ക്രിസ്തുവിന്‍റെ ലാളിത്യവും ദാരിദ്ര്യവുമാണ് നമ്മെ സ്വതന്ത്രരാക്കുവാനും സമ്പന്നരാക്കുവാനും അവിടുന്ന് കാണിച്ചുതരുന്നത്. അങ്ങനെ ദൈവം മനുഷ്യരെ സ്നേഹിക്കുന്നതും മനുഷ്യരോടുകൂടെ ആയിരിക്കുന്നതുമായ വലിയ ക്രിസ്തു-യാഥാര്‍ത്ഥ്യമാണ് പാപ്പാ സന്ദേശത്തില്‍ ഊന്നിപ്പറയുന്നത്. മരണാസന്നനായി വഴിയരുകില്‍ ഉപേക്ഷിക്കപ്പെട്ട മനുഷ്യന് നല്ല സമറിയക്കാരന്‍ അയല്‍ക്കാരനായതുപോലെ (ലൂക്ക് 10, 25) അയല്‍ക്കാരനായിരിക്കുന്ന രീതിയാണ് ക്രിസ്തു നമുക്ക് മാതൃകയായി കാണിച്ചുതരുന്നത്. അവിടുത്തെ സ്നേഹത്തിന്‍റെ കാരുണ്യവും അനുകമ്പയും ഐക്യദാര്‍ഢ്യവുമാണ് നമുക്ക് യഥാര്‍ത്ഥമായ സ്വാതന്ത്ര്യവും രക്ഷയും സന്തോഷവും നല്കുന്നത്. നമ്മെ സമ്പന്നരാക്കുന്ന ക്രിസ്തുവിന്‍റെ ദാരിദ്ര്യമെന്നത് നമ്മോടുള്ള ദൈവത്തിതന്‍റെ അനന്തമായ കാരുണ്യത്തിന്‍റെ പ്രകടനമാണ് എന്ന നിലയില്‍ അവിടുന്ന് നമ്മുടെ മാനുഷികത സ്വീകരിക്കുകയും നമ്മുടെ ദൗര്‍ബല്യങ്ങളും പാപങ്ങളും വഹിക്കുകയും ചെയ്തു എന്നതാണ്, എന്ന ചിന്തകളാണ് സന്ദേശത്തില്‍ തുടര്‍ന്നും പാപ്പാ വിപുലീകരിച്ചത്.

കേരള സഭയുടെ പ്രാദേശീക കാര്യാലയം, കൊച്ചിയിലെ പിഒസിയില്‍നിന്നും പ്രസിദ്ധപ്പെടുത്തിയ പാപ്പാ ഫ്രാന്‍സിസിന്‍റെ നോമ്പുകാല സന്ദേശം മാര്‍ച്ച് 5-ാം തിയതി ഞായറാഴ്ച കേരളത്തിലെ ഇടവക ദേവാലയങ്ങളിലും കത്തോലിക്കാ സ്ഥാപനങ്ങളിലും ദിവ്യബലിമദ്ധ്യേ വായിക്കും.
_____________________
Report : Nellikal, sedoc









All the contents on this site are copyrighted ©.