2014-02-26 15:54:42

കുടുംബങ്ങൾക്ക് മാർപാപ്പയുടെ കത്ത്


25 ഫെബ്രുവരി 2014, വത്തിക്കാൻ
കുടുംബങ്ങൾക്ക് ഫ്രാൻസിസ് മാർപാപ്പയുടെ കത്ത്. ‘പ്രിയ കുടുംബങ്ങളേ’ എന്ന സ്നേഹസ്മൃണമായ ആശംസയോടെ ആരംഭിക്കുന്ന കത്തിൽ, ‘കുടുംബം’ എന്ന വിഷയം മുഖ്യപ്രമേയമാക്കി വത്തിക്കാനിൽ നടക്കാൻ പോകുന്ന സിനഡു സമ്മേളനങ്ങളേയും ഫിലാഡെൽഫിയയിലെ കുടുംബസംഗമത്തേയും കുറിച്ച് പാപ്പ കുടുംബങ്ങളോട് വിശദീകരിക്കുന്നു. ഫെബ്രുവരി 2ന് പാപ്പ ഒപ്പുവച്ച കത്ത് കുടുംബങ്ങൾക്കുവേണ്ടിയുള്ള പൊന്തിഫിക്കൽ കൗൺസിലിന്‍റെ അദ്ധ്യക്ഷൻ കർദിനാൾ വിൻചെൻസ്യോ പാല്യയാണ് ചൊവ്വാഴ്ച രാവിലെ വത്തിക്കാനിൽ പ്രകാശനം ചെയ്തത്.

‘സുവിശേഷവത്ക്കരണ പാതയില്‍ കുടുംബങ്ങള്‍ നേരിടുന്ന വെല്ലുവിളികള്‍,’ എന്ന വിഷയം കേന്ദ്രമാക്കി 2014 ഒക്ടോബര്‍ മാസത്തിൽ നടക്കുന്ന അസാധാരണ സിനഡു സമ്മേളനത്തിന്‍റേയും 2015ൽ നടക്കുന്ന സാധാരണ സിനഡു സമ്മേളനത്തിന്‍റേയും പ്രസക്തിയെക്കുറിച്ച് കത്തിലൂടെ മാർപാപ്പ കുടുംബങ്ങളോട് വിശദീകരിച്ചു. വിവാഹം, കുടുംബ ജീവിതം, മക്കളുടെ പരിശീലനം, സഭാ ജീവിതത്തിൽ കുടുംബങ്ങളുടെ സ്ഥാനം തുടങ്ങിയ കാര്യങ്ങൾ പഠനവിധേയമാക്കുന്ന സിനഡ് നിർണ്ണായകമാണ്. പ്രായോഗിക നിർദേശങ്ങൾ നൽകിയും പ്രാർത്ഥനയിലൂടേയും ദൈവ ജനം മുഴുവനും – മെത്രാൻമാരും, വൈദികരും, സന്ന്യസ്തരും, അൽമായരും, സഭാസമൂഹങ്ങളും – ഈ സിനഡു സമ്മേളനത്തിനായുള്ള ഒരുക്കത്തിൽ ക്രിയാത്മകമായി പങ്കുചേരുന്നുണ്ട്. സിനഡു പിതാക്കൻമാർക്ക് പരിശുദ്ധാത്മാവിന്‍റെ പ്രചോദനം ലഭിക്കാനും അവർ പരിശുദ്ധാത്മാവിനാൽ നയിക്കപ്പെടാനും വേണ്ടി പ്രത്യേകം പ്രാർത്ഥിക്കണമെന്ന് പാപ്പ കുടുംബങ്ങളോട് അഭ്യർത്ഥിച്ചു.

2015 സെപ്തംബർ മാസത്തിൽ ഫിലാഡെൽഫിയയിൽ സംഘടിപ്പിച്ചിരിക്കുന്ന അഖില ലോക കുടുംബ സംഗമവും പാപ്പ സന്ദേശത്തിൽ അനുസ്മരിച്ചു. സുവിശേഷവത്ക്കരണ പാതയില്‍ കുടുംബങ്ങള്‍ നേരിടുന്ന വെല്ലുവിളികള്‍ തിരിച്ചറിയാനും സുവിശേഷത്തിന്‍റെ വെളിച്ചത്തിൽ അവയ്ക്ക് പരിഹാരം കണ്ടെത്താനും സിനഡു സമ്മേളനങ്ങളും കുടുംബം സംഗമവും സഹായകമാകുമെന്നും മാർപാപ്പ പ്രത്യാശ പ്രകടിപ്പിച്ചു.

നമ്മുടെ കർത്താവിന്‍റെ സമർപ്പണ തിരുന്നാൾ ദിനമായ ഫെബ്രുവരി 2ന് എഴുതിയ കത്തിൽ, പരിശുദ്ധ മറിയവും, വി.യൗസേപ്പും ശിശുവായ യേശുവിനെ ദേവാലയത്തിൽ സമർപ്പിക്കുമ്പോൾ വയോധികരായ ശിമയോനും അന്നയും അവിടെ സന്നിഹിതരായിരുന്നു എന്ന വസ്തുത പാപ്പ എടുത്തു പറഞ്ഞു. യുവ ദമ്പതികളും രണ്ട് വയോധികരും യേശുവിനോടൊപ്പം ആയിരിക്കുന്ന ഒരു മനോഹര ചിത്രമാണ് നമ്മുടെ മനസിൽ തെളിയുക. തലമുറകളെ തമ്മിൽ ഒന്നിച്ചുചേർക്കാനും ഐക്യപ്പെടുത്താനും വന്നവനാണ് ക്രിസ്തുവെന്ന് പാപ്പ പ്രസ്താവിച്ചു.

മെത്രാൻമാരുടെ സിനഡു സമ്മേളനത്തിനുവേണ്ടിയുള്ള പ്രാർത്ഥന, കുടുംബങ്ങൾ സഭയ്ക്കു നൽകുന്ന അമൂല്യ സമ്മാനമായിരിക്കും എന്ന പ്രസ്താവനയോടെയാണ് കത്ത് പാപ്പ അവസാനിപ്പിക്കുന്നത്.


Reported: Vatican Radio, TG







All the contents on this site are copyrighted ©.