2014-02-26 18:07:19

ഇന്ത്യയുടെ മനുഷ്യാവകാശനയം
യുഎന്നിന്‍റെ നിരീക്ഷണത്തില്‍


26 ഫെബ്രുവരി 2014, ഒറീസ
ഭാരതത്തിലെ മതസ്വാതന്ത്ര്യത്തിന്‍റെ അന്തരീക്ഷം യുഎന്‍ പ്രതിനിധി പരിശോധിച്ചു. ഐക്യരാഷ്ട്ര സംഘടനയുടെ മനുഷ്യാവകാശ കമ്മിഷന്‍റെ വക്താവ്, ഹൈനര്‍ ബീല്‍ഫെഡാണ് ഫെബ്രുവരി 23, 24 തിയതികളില്‍ ഗുജറാത്തു സന്ദര്‍ശിച്ച് അവിടത്തെയും, പൊതുവെ ഭാരതത്തിലെയും മനുഷ്യാവകാശത്തിന്‍റെയും മതസ്വാതന്ത്ര്യത്തിന്‍റെയും ചുറ്റുപാടുകള്‍ നീരീക്ഷിച്ചത്.

ഐക്യരാഷ്ട്ര സംഘടന പ്രസ്താവിച്ചിട്ടുള്ള ‘ആഗോള മനുഷ്യാവാകശ നയങ്ങള്‍’ (Universal Declaration of Human Rights of UN) മാനിക്കുന്ന വിധത്തില്‍ ഗുജറാത്തിലെയും ഇന്ത്യയുടെ ഇതര ഭാഗങ്ങളിലെയും മത-രാഷ്ട്രീയ ചുറ്റുപാടുകള്‍ നിയന്ത്രിക്കാന്‍ ഐക്യരാഷ്ട്ര സംഘടനയുടെ മനുഷ്യാവകാശ വിഭാഗം UNHRC ജാഗ്രത പുലര്‍ത്തുമെന്നും ബീല്‍ഫെഡ് പ്രസ്താവിച്ചു. ഗുജറാത്തിലെ സര്‍ക്കാര്‍, സര്‍ക്കാരേതര സംഘടനകള്‍; ഇതര മനുഷ്യാവകാശ സംഘടനാ പ്രതിനിധികള്‍, വിവിധ കാലഘട്ടങ്ങളില്‍ പീഡനങ്ങള്‍ക്കും അധിക്രമങ്ങള്‍ക്കും വിധേയരായിട്ടുള്ളവര്‍, എന്നിവരുടെ മൊഴികള്‍ അവിടത്തെ ക്രൈസ്തവ ഇസ്ലാം ന്യൂനപക്ഷങ്ങളുടെ പീഡനസംഭവങ്ങളുടെ (1998, 2002) പശ്ചാത്തലത്തില്‍ ശ്രവിച്ചതിനുശേഷമാണ് ഭാരതത്തിന്‍റെ മനുഷ്യാവകാശ മേഖലയില്‍ ഇനിയുടെ ഇനിയും യുഎന്‍ ജാഗ്രത പുലര്‍ത്തുമെന്ന് പ്രഖ്യാപിച്ചതെന്ന്, ഗുജറാത്തില്‍നിന്നും പ്രശാന്ത് മനുഷ്യാവകാശ കേന്ദ്രത്തിന്‍റെ ഡയറക്ടര്‍, ഫാദര്‍ സിഡ്രിക്ക് പ്രകാശ് വത്തിക്കാന്‍ റേഡിയോയ്ക്കു നല്കിയ പ്രസ്താവനയില്‍ വ്യക്തമാക്കി..

2003-ല്‍ ഗുജറാത്ത് സര്‍ക്കാര്‍ പാസാക്കിയ മതപരിവര്‍ത്തന നിയമം The Law on Religious Freedom,
ഭാരതത്തിന്‍റ ജനാധിപത്യ ചരിത്രത്തിലെ മതമൗലികവാദത്തെ പുന്‍തുണയ്ക്കുന്നതും വിവേചനപരവും നിര്‍ദ്ദയവുമായ നിയമനിര്‍മ്മാണമായിരുന്നെന്ന്, ഈശോസഭാംഗവും മിഷണറിയുമായ ഫാദര്‍ സിഡ്രിക്ക് പ്രകാശ്, യുഎന്‍ പ്രതിനിധിയുടെ പ്രസ്താവനയോട് പ്രതികരിച്ചുകൊണ്ട് അഭിപ്രായപ്പെട്ടു.
___________________________
Report : Nellikal, Vatican Radio









All the contents on this site are copyrighted ©.