2014-02-25 17:14:54

സമാധാനത്തിനുവേണ്ടി കണ്ണീരോടെ പ്രാർത്ഥിക്കാൻ പാപ്പായുടെ ആഹ്വാനം


25 ഫെബ്രുവരി 2014, വത്തിക്കാൻ
ലോകം മുഴുവനും സമാധാനം പുലരാൻ വേണ്ടി കണ്ണീരോടെ പ്രാർത്ഥിക്കാൻ മാർപാപ്പ ക്രൈസ്തവരെ ആഹ്വാനം ചെയ്യുന്നു. ചൊവ്വാഴ്ച രാവിലെ വത്തിക്കാനിലെ സാന്താ മാർത്താ മന്ദിരത്തിൽ അർപ്പിച്ച ദിവ്യബലിമധ്യേ വചനപ്രഘോഷണം നടത്തുകയായിരുന്നു പാപ്പ. യുദ്ധവും മരണവുമൊക്കെ വളരെ സ്വാഭാവികമായി കാണുന്ന ഒരു മനോഭാവമാണ് ഇന്നുള്ളത്. എല്ലാവരും യുദ്ധത്തിന്‍റെ അരൂപിക്ക് അടിമപ്പെട്ടിരിക്കുന്നതുപോലെ തോന്നുന്നു. യുദ്ധത്തിൽ കൊല്ലപ്പെടുന്നവരുടെ കണക്കെടുക്കുന്നതും യുദ്ധവാർത്തകൾ വായിക്കുന്നതും ദിനചര്യയുടെ ഭാഗമായി മാറിയിരിക്കുന്നു. ലോകമഹായുദ്ധത്തിനു പകരം ചെറിയ യുദ്ധങ്ങളാണ് ഇന്ന് ലോകത്തിലെങ്ങും നടന്നുകൊണ്ടിരിക്കുന്നത്. ജനതകൾ വിഭജിക്കപ്പെട്ടിരിക്കുന്നു. സ്വാർത്ഥ താൽപര്യങ്ങൾക്കുവേണ്ടി തമ്മിൽതമ്മിൽ കൊല്ലും കൊലയും നടക്കുന്നു. കലാപങ്ങളും സംഘർഷങ്ങളും പരിഹരിക്കാൻ വരുന്നവർ തമ്മിൽ കലഹിക്കുന്നതും കൗതുകകരമാണ്. സമാധാനം സ്ഥാപിക്കാൻ സമാധാനത്തിന്‍റെ ഭാഷയല്ലേ ആദ്യം വേണ്ടതെന്ന് പാപ്പ ചോദിച്ചു. ആയുധകച്ചവടക്കാരെ അതിരൂക്ഷമായ ഭാഷയിലാണ് പാപ്പ വിമർശിച്ചത്. അഭയാർത്ഥി ക്യാമ്പുകളിൽ കുഞ്ഞുങ്ങൾ വിശന്നു കരയുമ്പോൾ, ആയുധ നിർമ്മാണ- വിതരണ മുതലാളികൾ വിശാലമായ ആഘോഷ പരിപാടികളിൽ അഭിരമിക്കുന്നു. കുഞ്ഞുങ്ങൾ പട്ടിണി കിടന്ന് രോഗബാധിതരായി അഭയാർത്ഥി ക്യാമ്പുകളിൽ കഴിഞ്ഞു കൂടുമ്പോൾ, ആയുധ നിർമ്മാതാക്കളും കച്ചവടക്കാരും സുഖജീവിതം നയിക്കുന്നതിലെ വൈരുദ്ധ്യം വേദനയോടെയാണ് പാപ്പ അവതരിപ്പിച്ചത്.

കുടുംബങ്ങളിലെ യുദ്ധത്തെക്കുറിച്ചും പാപ്പ തന്‍റെ വചന സന്ദേശത്തിൽ പരാമർശിച്ചു. സമാധാനത്തിന്‍റെ മാർഗ്ഗം തേടാതെ, മാതാപിതാക്കൾ പരസ്പരം പോരടിച്ചതുമൂലം എത്ര കുടുംബങ്ങൾ തകർന്നിട്ടുണ്ട്? യുദ്ധവും കലഹവും ആരംഭിക്കുന്നത് മനുഷ്യഹൃദയത്തിൽ നിന്നാണെന്ന് വിശുദ്ധ ഗ്രന്ഥ ഭാഗം ഉദ്ധരിച്ചുകൊണ്ട് പാപ്പ സമർത്ഥിച്ചു. “നിങ്ങളുടെ ഇടയിൽ തർക്കങ്ങളും ഏറ്റുമുട്ടലുകളും ഉണ്ടാകുന്നത് എങ്ങനെയാണ്? നിങ്ങളുടെ അവയവങ്ങളിൽ പോരാടിക്കൊണ്ടിരിക്കുന്ന ദുരാശകളിൽ നിന്നല്ലേ അവ ഉണ്ടാകുന്നത്? ” (യാക്കോബ് 4,1)
സ്വയം എളിമപ്പെട്ട് സമാധാനത്തിനുവേണ്ടി കണ്ണീരോടെ പ്രാർത്ഥിക്കാൻ ക്രൈസ്തവരെ ആഹ്വാനം ചെയ്തുകൊണ്ടാണ് പാപ്പ തന്‍റെ വചന സന്ദേശം ഉപസംഹരിച്ചത്.

Reported: Vatican Radio, TG







All the contents on this site are copyrighted ©.