2014-02-25 17:16:26

കർദിനാൾ പെൽ വത്തിക്കാന്‍റെ സാമ്പത്തിക കാര്യാലയത്തിന്‍റെ മേധാവി


25 ഫെബ്രുവരി 2014, വത്തിക്കാൻ
പുതിയ വത്തിക്കാൻ സാമ്പത്തിക കാര്യാലയത്തിന്‍റെ അധ്യക്ഷനായി ഓസ്ട്രേലിയൻ കർദിനാൾ ജോർജ്ജ് പെല്ലിനെ പാപ്പ നിയമിച്ചു. പരിശുദ്ധസിംഹാസനത്തിന്‍റേയും വത്തിക്കാൻ രാഷ്ട്രത്തിന്‍റേയും സാമ്പത്തിക കാര്യങ്ങൾ ഏകോപിപ്പിച്ചുകൊണ്ട് ഫ്രാൻസിസ് മാർപാപ്പ രൂപീകരിച്ച പുതിയ സാമ്പത്തിക സംവിധാനത്തെക്കുറിച്ച് വത്തിക്കാന്‍റെ വാർത്താ കാര്യാലയം ഫെബ്രുവരി 24ന് പുറത്തിറക്കിയ പ്രസ്താവനയാണ് ഇക്കാര്യം അറിയിച്ചത്. ഓസ്ട്രേലിയയിലെ സിഡ്നി അതിരൂപതാധ്യക്ഷനായ കർദിനാൾ പെൽ, സാര്‍വ്വത്രിക സഭയുടെ ഭരണ കാര്യങ്ങളിലും റോമന്‍ കൂരിയായുടെ പരിഷ്ക്കരണത്തിനും പാപ്പായെ സഹായിക്കുന്ന ഔദ്യോഗിക ‘ഉപദേശക സമിതി’യിലും അംഗമാണ്. പരിശുദ്ധസിംഹാസനത്തിന്‍റേയും വത്തിക്കാൻ രാഷ്ട്രകാര്യാലയത്തിന്‍റേയും വത്തിക്കാന്‍റെ ഇതര സ്ഥാപനങ്ങളുടേയും ഓഡിറ്റിംഗ് നടത്തുന്നതിനും വാർഷിക ബജറ്റുകൾ തയ്യാറാക്കുന്നതിനും മേൽനോട്ടം വഹിക്കുകയാണ് കാര്യാലയത്തിന്‍റെ ചുമതല.
അതേസമയം, പരിശുദ്ധ സിംഹാസനത്തിന്‍റെ പൈതൃക ധനകാര്യ വിഭാഗം ( Amministrazione del Patrimonio della Sede Apostolica: APSA) അതേ സ്ഥാനത്ത് തുടരുമെന്നും വത്തിക്കാന്‍റെ പ്രസ്താവന വ്യക്തമാക്കി.

Reported: Vatican Radio, TG







All the contents on this site are copyrighted ©.