2014-02-23 11:55:29

സഹചാരിയാകുന്ന സമര്‍പ്പണത്തെക്കുറിച്ച്
പാപ്പാ കര്‍ദ്ദിനാളന്മാരോട്


22 ഫെബ്രുവരി 2014, വത്തിക്കാന്‍
നവകര്‍ദ്ദിനാളന്മാരുടെ വാഴിക്കല്‍ ശുശ്രുഷയില്‍ പാപ്പാ ഫ്രാന്‍സിസ് നടത്തിയ
പ്രഭാഷണത്തിന്‍റെ പ്രസക്തഭാഗങ്ങള്‍ :
ക്രിസ്തു അവര്‍ക്കു മുന്നേ നടന്നിരുന്നു (മാര്‍ക്കോസ് 10, 32).
ഇന്നും ക്രിസ്തു നമുക്കുമുന്നേ നടക്കുന്നുണ്ട്. അവിടുന്ന് എപ്പോഴും നമ്മുടെ മുന്നിലുണ്ട്. മുന്നേ നടന്ന് ആടുകളെ നയിക്കുന്ന നല്ലിടയനാണ് അവിടുന്ന്. അവിടുത്തെ ശിഷ്യരായിരിക്കുന്നതും, കൂടെയായിരിക്കുന്നതും, പിമ്പേ ചരിക്കുന്നതും; അല്ലെങ്കില്‍ മറ്റൊരു വാക്കില്‍ അവിടുത്തെ അനുഗമിക്കുന്നതും സന്തോഷദായകമാണ്. എന്തെന്നാല്‍ അവിടുന്നാണ് നമ്മുടെ ആത്മവിശ്വാസത്തിന്‍റെ സ്രോതസ്സ്.

കൂടെ നടക്കുന്നവരില്‍ നന്മ വളരുവാനും, അവര്‍ അത് പ്രഘോഷിക്കുവാനും, മറ്റുള്ളവരുമായി പങ്കുവയ്ക്കുവാനുംവേണ്ട പ്രചോദനം പകരുന്നത് ക്രിസ്തുവാണ്. ഗലീലിയായിലും യൂദയായിലും ജനങ്ങള്‍ക്കൊപ്പം നടന്നുകൊണ്ടാണ് ക്രിസ്തു നന്മചെയ്തത്, അവിടുന്ന് സുവിശേഷം പ്രഘോഷിച്ചത്. ശിഷ്യന്മാരുടെ കൂടെ നടന്നുകൊണ്ട് അവിടുന്ന് നന്മചെയ്തുകൊണ്ടു കടന്നുപോയെന്നാണ് സുവിശേഷത്തില്‍ നാം വായിക്കുന്നത്. ഇത് ഏറെ ശ്രദ്ധേയമായ സത്യമാണ്. അങ്ങനെയാണ് ക്രിസ്തു മനുഷ്യകുലത്തിന് ‘വഴിയും സത്യവും ജീവനു’മാകുന്നത്. തത്വചിന്തയോ, പ്രത്യയശാസ്ത്രമോ അവിടുന്നു പഠിപ്പിച്ചില്ല. അദ്ധ്വാനിക്കുന്നവരും, വേദനിക്കുവരും പാവങ്ങളും രോഗികളുമായ സാധാരണ ജനങ്ങള്‍ക്കൊപ്പം അവിടുന്ന് സഞ്ചരിച്ചു, അവരുടെ ജീവിതസ്പന്ദനങ്ങള്‍ മനസ്സിലാക്കി അവിടുന്ന അവരോടൊത്തു ചരിച്ചു. ക്രിസ്തുവിന്‍റെ ഈ ജീവിതപാത അനുകരണീയമാണ്. ക്രൈസ്തവ ജീവിതത്തിന്‍റെയും അജപാലന ശുശ്രൂഷയുടെയും മുന്നോട്ടുള്ള പ്രയാണത്തില്‍ എന്നും നമ്മുടെ മാതൃകയും പ്രചോദനവും ക്രിസ്തുവായിരിക്കണം. അവിടുത്തെ നോക്കി നമുക്ക് മുന്നോട്ടു ചരിക്കാം. ക്രിസ്തുവിനെ അനുഗമിക്കുന്നത് നമ്മുടെ ജീവിതാനന്ദമായിരിക്കണം.

ക്രിസ്തുമാര്‍ഗ്ഗം കുരിശിന്‍റെ മാര്‍ഗ്ഗമാണ്. അവിടുന്ന് ജരൂസലേമിലേയ്ക്കു പോയത് പ്രതാപമോ അധികാരമോ പിടിച്ചെടുക്കാനായിരുന്നില്ല. കുരിശെടുക്കുവാനും, അതു വഹിക്കുവാനും, കുരിശില്‍ സ്വയം സമര്‍പ്പിക്കുവാനുമായിരുന്നു. സെബദീ പുത്രന്മാരായ യാക്കോബിനെയും യോഹന്നാനെയുംപോലെ, പലരും ഇന്ന് ക്രിസ്ത്വാനുകരണത്തില്‍ അന്വേഷിക്കുന്നത് മഹത്വവും പ്രതാപവും അധികാരവും സ്ഥാനമാനങ്ങളുമാണ്. അങ്ങനെയുള്ളവരെയാണ് ക്രിസ്തു ശകാരിച്ച് പറഞ്ഞയച്ചത്, പത്രോസിനെപ്പോലും!

കുരിശിനെ നാം ഭയപ്പെടരുത്. കാരണം ക്രിസ്തു അതിനെ വിജയത്തിന്‍റെ അടയാളമാക്കിക്കഴിഞ്ഞു.
എന്നാല്‍ കുരിശുവഹിക്കുന്നവര്‍ക്കേ ജീവിതക്കുരിശുകളെ മറികടക്കുവാന്‍‍ ശക്തി ലഭിക്കുകയുള്ളൂ.
ക്രിസ്തുവിന്‍റെ കുരിശിനെ ആശ്ലേഷിക്കുന്നവര്‍ക്ക് അത് രക്ഷയുടെയും വിജയത്തിന്‍റെയും പ്രത്യാശയുടെയും പ്രതീകമാണ്. ജീവിതയാത്രയില്‍ നമ്മെ വിളിക്കുകയും നമ്മുടെകൂടെ നടക്കുകയും ചെയ്യുന്ന ക്രിസ്തുവിനെ ശ്രവിക്കാം, അവിടുത്തെ പിന്‍ചെല്ലാം. തന്‍റെ പ്രേഷിതയാത്രയില്‍ ക്രിസ്തു എന്നും തനിക്കായി ശിഷ്യന്മാരെ വിളിച്ചുകൂട്ടുകയും, തന്‍റെ സ്നേഹവും സുവിശേഷവും അവര്‍ക്കായി പങ്കുവയ്ക്കുകയും ചെയ്യുന്നത്
നാം സുവിശേഷത്തില്‍ കാണുന്നുണ്ട്. ക്രിസ്തുവിന്‍റെകൂടെ നമുക്കും ചരിക്കാം, അവിടുത്തെ ശ്രവിക്കാം, അവിടുത്തെ വചനത്തിന് കാതോര്‍ക്കാം, അവിടുത്തെ അനുഗമിക്കാം.

പൂര്‍വ്വോപരി സഹകരണവും കൂട്ടായ്മയും പ്രതീക്ഷിച്ചുകൊണ്ടാണ് സഭയുടെ ഇന്നിന്‍റെ ആവശ്യങ്ങള്‍ ഞാന്‍ നിങ്ങളെ അറിയിക്കുന്നത്. പരസ്നേഹത്തിന്‍റേയും സഹകരണത്തിന്‍റേയും സഹോദര്യത്തിന്‍റേയും മനോഭാവം കൂടുതല്‍ വളര്‍ന്നുവരട്ടെ. സമയത്തും അസമയത്തും, എപ്പോഴും സുവിശേഷസത്യം പ്രഘോഷിക്കുവാനും ലോകത്തെ നവീകരിക്കുവാനുമുള്ള ധൈര്യപൂര്‍വ്വകമായ സഹകരണം നിങ്ങളില്‍നിന്നും ഞാന്‍ പ്രതീക്ഷിക്കുന്നു.
സുവിശേഷ ജീവിതത്തില്‍ സഭ മുന്നേറാന്‍ പ്രാര്‍ത്ഥനയ്ക്കൊപ്പം ത്യാഗസമര്‍പ്പണവും അനിവാര്യമാണ്.
ഇത് സഭയിലെ ഓരോ മെത്രാന്‍റെയും കര്‍ദ്ദിനാളിന്‍റെയും പ്രഥമമായ ജീവിതദൗത്യമാണെന്നും മറക്കരുത്.

വേദനിക്കുന്ന ലോകത്ത് നിങ്ങള്‍ ക്രിസ്തുവിന്‍റെ കാരുണ്യം ജനങ്ങളുമായി പങ്കുവയ്ക്കണം. വിശിഷ്യാ വിവിധ രാജ്യങ്ങളില്‍ ക്ലേശിക്കുകയും പീഡിപ്പിക്കപ്പെടുകയും ചെയ്യുന്ന ക്രൈസ്തവരെ പ്രത്യേകമായി അനുസ്മരിക്കണം. അവരുമായി ആത്മീയമായി ഐക്യപ്പെട്ടിരിക്കാം. ക്രിസ്തുവിലുള്ള വിശ്വാസത്തെപ്രതി പീഡിപ്പക്കപ്പെടുന്നവരും ഇന്നു ലോകത്ത് നിരവധിയാണ്. ക്രൈസ്തവര്‍ സമാധാനവാഹകര്‍ മാത്രമല്ല നാം, സമാധാനന്‍റെ നിര്‍മ്മാതാക്കളും പ്രയോക്താക്കളുമാകണം. യുദ്ധവും ആക്രമണവും കലഹവും വര്‍ദ്ധിച്ചുവരുന്ന ജീവിതപരിസരത്ത് നമുക്കോരോരുത്തര്‍ക്കും സമാധാനവാഹകരാകാന്‍ പരിശ്രമിക്കാം. ക്രിസ്തുവിന്‍റെ കൂടെ ചരിച്ചുകൊണ്ട്, അവിടുത്തെ അനുഗമിക്കുന്നതില്‍ ജനങ്ങള്‍ക്കൊപ്പം നമുക്ക് കൈകോര്‍ത്തു നില്ക്കാം, ഒരുമിച്ചു നില്ക്കാം. അങ്ങനെ നമുക്ക് കര്‍ത്താവിന്‍റെ വിശുദ്ധജനമായിരിക്കാം!
_____________________
Translated by Nellikal








All the contents on this site are copyrighted ©.