2014-02-22 18:59:59

പാപ്പാ ഫ്രാന്‍സിസ്
കര്‍ദ്ദിനാളന്മാരെ വാഴിച്ചു


22 ഫെബ്രുവരി 2014, വത്തിക്കാന്‍
പത്രോസിന്‍റെ സിംഹാസന തിരുനാളില്‍ (ഫെബ്രുവരി 22 ശനിയാഴ്ച) പാപ്പാ ഫ്രാന്‍സിസ് ആഗോളസഭയില്‍ വിവിധ തസ്തികകളില്‍ പ്രവര്‍ത്തിച്ചിരുന്ന പത്തൊന്‍പതു പിതാക്കന്മാരെ കര്‍ദ്ദിനാളന്മാരായി വാഴിച്ചു. പ്രാദേശിക സമയം രാവിലെ 10.30-ന‍് വത്തിക്കാനില്‍ വിശുദ്ധ പത്രോസിന്‍റെ ബസിലിക്കയില്‍ ചേര്‍ന്ന കര്‍ദ്ദിനാള്‍ സംഘത്തിന്‍റെ ഔദ്യോഗിക സമ്മേളത്തില്‍വച്ചാണ് (Ordinary Public Consistory) നിയുക്ത കര്‍ദ്ദിനാളന്മാരെ വാഴിച്ചത്. സഭയില്‍ അവര്‍ക്കുള്ള അധികാരത്തിന്‍റെയും പത്രോസിന്‍റെ പിന്‍ഗാമിയായ പാപ്പായോടുള്ള വിശ്വസ്തതയുടെയും പ്രതീകമായി അധികാര മോതിരം, തൊപ്പി, സ്ഥാനിക ഭദ്രാസനം എന്നിവ പ്രത്യേക ശുശ്രൂഷയുടെമദ്ധ്യേ നല്കിക്കൊണ്ടാണ് പാപ്പാ ഫ്രാന്‍സിസ് കര്‍ദ്ദിനാളന്മാരെ വാഴിച്ചത്. മുന്‍പാപ്പാ ബനഡിക്ടിന്‍റെ സാന്നിദ്ധ്യം കര്‍ദ്ദിനാള്‍ സംഘത്തിന്‍റെ സമ്മേളനത്തിന് സാഹോദര്യത്തിന്‍റെ സ്നേഹസാന്നിദ്ധ്യമായി.
നവകര്‍ദ്ദിനാളന്മാരില്‍ ഇറ്റലിയില്‍നിന്നുമുള്ള 98 വയസ്സുകാരന്‍ ലോറിസ് കാപ്പൊവീലാ ആരോഗ്യപരമായ കാരണങ്ങളാല്‍ വാഴിക്കല്‍ ശുശ്രൂഷയില്‍ പങ്കെടുത്തില്ല.

ജനുവരി 12-ാം ഞായറാഴ്ച ത്രികാല പ്രാര്‍ത്ഥനമദ്ധ്യേ പാപ്പാ ഫ്രാന്‍സിസ് പ്രഖ്യാപിച്ച താഴെ പറയുന്ന
19 പിതാക്കന്മാരെയാണ് പാപ്പാ കര്‍ദ്ദിനാള്‍ സ്ഥാനത്തേയ്ക്ക് ഉയര്‍ത്തിയത് :
1. പിയെത്രോ പരോളിന്‍ - വത്തിക്കാന്‍ സ്റ്റേറ്റ് സെക്രട്ടറി (ഇറ്റലി സ്വദേശി)
2. ലൊറെന്‍സോ ബാള്‍ദിസേരി – മെത്രാന്മാരുടെ സിനഡിന്‍റെ സെക്രട്ടറി (ഇറ്റലി)
3. ജെരാര്‍ഡ് ലൂദ്വിക്ക് മ്യൂളര്‍ - വിശ്വാസസംഘത്തിന്‍റെ മുന്‍ തലവന്‍ (ജര്‍മ്മനി)
4. ബനിയാമിനോ സ്തേലാ - വൈദികരുടെ കാര്യങ്ങള്‍ക്കായുള്ള വത്തിക്കാന്‍ സംഘത്തലവന്‍ (ഇറ്റലി)
5. വിന്‍സെന്‍റ് ജെരാര്‍ഡ് നിക്കോള്‍സ് – വെസ്റ്റ്മിന്‍സ്റ്ററിന്‍റെ മെത്രാപ്പോലീത്ത (ബ്രിട്ടണ്‍)
6. ലോറി ഫ്രാന്‍ചേസ്ക്കോ കാപ്പൊവീലാ – വിശ്രമജീവിതം നയിക്കുന്ന ഇറ്റലിക്കാരന്‍ മെത്രാപ്പോലീത്താ, (ബള്‍ഗേറിയയിലെ മെസേബ്രിയായുടെ - ടീറ്റുലര്‍ ആര്‍ച്ചുബിഷപ്പ് (ഇറ്റലി)
7. ഫെര്‍നാണ്ടോ സെബാസ്തി അഗ്വിലാര്‍ - പംപ്ലോനായുടെ മുന്‍മെത്രാപ്പോലീത്താ (സ്പെയിന്‍)
8. ഗ്വാള്‍ത്തിയേരോ ബസ്സേത്തി –പെറൂജിയായുടെ മെത്രാപ്പോലീത്താ (ഇറ്റലി)
9. ലെപ്പോള്‍ദോ സ്വറോള്‍സനോ - മാനാഗ്വായുടെ മെത്രാപ്പോലീത്താ (നിക്കരാഗ്വേ)
10. ഒറാനി ജോ ടെംമ്പേസ്താ – റിയോയുടെ മെത്രാപ്പോലീത്ത (ബ്രസീല്‍)
11. മാരിയോ ഔറേലിയോ പോളി – ബ്യൂനസ് ഐരസിന്‍റെ മെത്രാപ്പോലീത്താ (അര്‍ജന്‍റീന)
12. റിക്കാര്‍ദോ എസ്സാത്തി അന്ത്രേലോ എസ്.ഡി.ബി – ചിലെയുടെ മെത്രാപ്പോലീത്താ
13. ജെരാള്‍ഡ് സിപ്രിയന്‍ ലക്രോയ് – ക്വിബെക്കിന്‍റെ മെത്രാപ്പോലീത്താ (കാനഡ)
14. ചിബ്ലി ലാംഗ്ലോയിസ് – ലെസ് കായെസിന്‍റെ മെത്രാന്‍ (ഹായ്ത്തി)
15. കെല്‍വിന്‍ എഡ്വേര്‍ഡ് ഫേലിക്സ് – കാസ്ട്രീസിന്‍റെ മുന്‍മെത്രാപ്പോലീത്താ (സെയിന്‍റ് ലൂസിയാ)
16. ഷോണ്‍ പിയര്‍ കൂത്വാ – അബിജാന്‍റെ മെത്രാപ്പോലീത്ത (ഐവറിക്കോസ്റ്റ്)
17. ഫിലിപ്പേ നക്കലെന്‍തൂബാ ഒഡ്രാഗോ – ക്വാഗദോഗോയുടെ മെത്രാപ്പോലീത്ത (ബുര്‍ക്കീനോ ഫാസോ)
18. ആന്‍ഡ്രൂ സൊ ജൂങ് – സോളിലെ മെത്രാപ്പോലീത്ത (തെക്കെ കൊറിയ)
19. ഒര്‍ലാന്തോ ക്വൊവേദോ ഒ.എം.ഐ – കൊത്തബാത്തോയുടെ മെത്രാപ്പോലീത്താ (ഫിലിപ്പീന്‍സ്)

മുന്‍പാപ്പാ ബനഡിക്ട് പതിനാറാമനും, സഭയിലെ മറ്റ് കര്‍ദ്ദിനാളന്മാര്‍, നവകര്‍ദ്ദിനാളന്മാരുടെ രാജ്യങ്ങളില്‍നിന്നുള്ള പ്രതിനിധകള്‍, വൈദികര്‍സ സന്ന്യസ്തര്‍, അല്‍മായ പ്രതിനിധികള്‍ എന്നിവര്‍ കര്‍മ്മങ്ങളില്‍ പങ്കെടുത്തു. നവകര്‍ദ്ദിനാളന്മാരുടെ വാഴിക്കലോടെ സഭയുടെ കര്‍ദ്ദിനാള്‍ സംഘത്തിന്‍റെ എണ്ണം 218-ആയി ഉയര്‍ന്നു. അതില്‍ 80 വയസ്സിന് താഴെ പ്രായമുള്ളവര്‍ 122 പേരാണ്. ഇവര്‍ക്ക് പാപ്പായെ തിരഞ്ഞെടുക്കാനുള്ള സമ്മതിദാന അവകാശമുള്ളവരാണ്. ബാക്കി 96 പേര്‍ 80 വയസ്സിനുമേലെ പ്രായമുള്ളവരും തിരഞ്ഞെടുപ്പില്‍ സമ്മതിദാനാവകാശം ഇല്ലാത്തവരുമാണ്.

ഫെബ്രുവരി 23-ാം തിയതി ഞായറാഴ്ച രാവിലെ 10 മണിക്ക് നവകര്‍ദ്ദിനാളന്മാര്‍ പാപ്പായ്ക്കൊപ്പം വിശുദ്ധ പത്രോസിന്‍റെ ബസിലിക്കയില്‍ ദിവ്യബലിയര്‍പ്പിക്കും. പാപ്പ ദിവ്യബലിമദ്ധ്യേ വചനപ്രഘോഷണവും നടത്തും. പതിവുള്ള ത്രികാലപ്രാര്‍ത്ഥനയും ഉണ്ടായിരിക്കുമെന്ന വത്തിക്കാന്‍റെ പ്രസ്താവന വെളിപ്പെടുത്തി.
_____________________
Report : Nellikal, sedoc








All the contents on this site are copyrighted ©.