2014-02-21 17:51:44

ആഗ്ലിക്കൻ ഓർഡിനറിയേറ്റ് അദ്ധ്യക്ഷൻമാരുടെ സമ്മേളനം റോമിൽ


21 ഫെബ്രുവരി 2014, റോം
ആഗ്ലിക്കൻ സഭയിൽ നിന്നും കത്തോലിക്കാ സഭയിലേക്ക് പുനരൈക്യപ്പെടുവാൻ ആഗ്രഹിക്കുന്നവരെ സ്വീകരിക്കാൻ ബെനഡിക്ട് പതിനാറാമൻ മാർപാപ്പ രൂപം നൽകിയ കത്തോലിക്കാ സഭാ സംവിധാനമായ ‘ഓർഡിനറിയേറ്റി’ന്‍റെ അദ്ധ്യക്ഷൻമാർ റോമിൽ സമ്മേളിച്ചു. ഇംഗ്ലണ്ടിലെ വാൽഷിംഗാം നാഥയുടെ നാമത്തിലുളള വ്യക്തിഗത ഓർഡിനറിയേറ്റിന്‍റെ അദ്ധ്യക്ഷൻ മോൺ. കെയ്ത്ത് ന്യൂട്ടൻ, യു.എസ്.എയിലെ പത്രോസിന്‍റെ സിംഹാസനത്തിന്‍റെ നാമത്തിലുള്ള വ്യക്തിഗത ഓർഡിനറിയേറ്റിന്‍റെ അദ്ധ്യക്ഷൻ മോൺ.ജെഫെറി സ്റ്റീൻസൺ, ആസ്ട്രേലിയായിലെ സതേൺ ക്രോസ് നാഥയുടെ നാമത്തിലുള്ള വ്യക്തിഗത ഓർഡിനറിയേറ്റിന്‍റെ അദ്ധ്യക്ഷൻ മോൺ.ഹാരി എന്‍റ്വിസിൽ എന്നിവരാണ് ഫെബ്രുവരി 17,18 തിയതികളിൽ റോമിൽ സമ്മേളിച്ചത്. ഓരോ ഓർഡിനറിയേറ്റും വ്യത്യസ്തമാണെങ്കിലും അവയുടെ ലക്ഷ്യവും അവ നേരിടുന്ന വെല്ലുവിളികളും ഒന്നാണ്. അതിനാൽ ഓർഡിനറിയേറ്റുകളുടെ അദ്ധ്യക്ഷൻമാർ ഒരുമിച്ച് സമ്മേളിച്ച്, പ്രധാനപ്പെട്ട വിഷയങ്ങളെക്കുറിച്ച് ചർച്ച ചെയ്യുന്നത് വളരെ സഹായകരമാണെന്ന് മോൺ.ന്യൂട്ടൻ അഭിപ്രായപ്പെട്ടു. ഇനി മുതൽ എല്ലാക്കൊല്ലവും ഒരു തവണയെങ്കിലും ഓർഡിനറിയേറ്റ് അദ്ധ്യക്ഷൻമാർ ഒരുമിച്ചു സമ്മേളിക്കാൻ പദ്ധതിയിടുന്നുണ്ടെന്നും അദ്ദേഹം വെളിപ്പെടുത്തി.

ഓർഡിനറിയേറ്റിന്‍റെ പ്രവർത്തനത്തെക്കുറിച്ചും സഭാംഗങ്ങളുടെ വിശ്വാസ പരിശീലനത്തെക്കുറിച്ചും വിശ്വാസ കാര്യങ്ങൾക്കുവേണ്ടിയുള്ള വത്തിക്കാൻ സംഘത്തിന്‍റെ അദ്ധ്യക്ഷനും നിയുക്ത കർദിനാളുമായ ജെരാർഡ് മ്യൂള്ളറിനോട് ഓർഡിനറിയേറ്റ് അദ്ധ്യക്ഷൻമാർ സംസാരിച്ചു. സഭൈക്യ കാര്യങ്ങൾക്കുവേണ്ടിയുള്ള പൊന്തിഫിക്കൽ കൗൺസിൽ അംഗങ്ങളോടും റോമിലെ ആഗ്ലിക്കൻ സഭാ കേന്ദ്രവുമായും ഓർഡിനറിയേറ്റ് അദ്ധ്യക്ഷൻമാർ ചർച്ച നടത്തി.

Reported: Vatican Radio, TG








All the contents on this site are copyrighted ©.