2014-02-20 20:30:18

പാപ്പാ ഫ്രാന്‍സിസ്
കര്‍ദ്ദിനാളന്മാരെ വാഴിക്കും


20 ഫെബ്രുവരി 2014, വത്തിക്കാന്‍
ശനിയാഴ്ച ചേരുന്ന കര്‍ദ്ദിനാളന്മാരുടെ സാധാരണ സമ്മേളനത്തിലാണ് (Ordinary Public Consistory)
പാപ്പാ 19 കര്‍ദ്ദിനാളന്മാരെ വാഴിക്കുന്നത്. ഫെബ്രുവരി 22-ാം തിയതി ശനിയാഴ്ച രാവിലെ വിശുദ്ധ പത്രോസിന്‍റെ ബസിലിക്കയില്‍ ചേരുന്ന കര്‍ദ്ദിനാള്‍ സംഘത്തിന്‍റെ സമ്മേളനത്തിലാണ് സഭാഭരണത്തിന്‍റെ ചുക്കാന്‍ പിടിക്കേണ്ട കര്‍ദ്ദിനാളന്മാര്‍ക്ക് പാപ്പ ഫ്രാന്‍സിസ് സ്ഥാനിക ചിഹ്നമായ മോതിരം, അധികാരത്തൊപ്പി, ശുശ്രൂഷയുടെ സ്ഥാനിക ഭദ്രാസനം എന്നിവ നല്കിക്കൊണ്ട് വാഴിക്കുന്നതെന്ന് വത്തിക്കാന്‍റെ പ്രസ്താവന വെളിപ്പെടുത്തി.

പ്രാദേശിക സമയം രാവിലെ 10.30-ന് യാമപ്രാര്‍ത്ഥനയോടെ ആരംഭിക്കുന്ന ശുശ്രൂഷയില്‍ പാപ്പാ പ്രഭാഷണം നടത്തും. വൈകുന്നേരം 4.30-മുതല്‍ 6.30-വരെ പുതിയ കര്‍ദ്ദിനാളന്മാര്‍ക്ക് ആശംസകളര്‍പ്പിക്കുവാന്‍ കര്‍ദ്ദിനാളന്മാരുടെ ബന്ധുമിത്രാദികള്‍ക്ക് വത്തിക്കാനില്‍ സൗകര്യമുണ്ടെന്നും പ്രസ്താവന അറിയിച്ചു.

ഫെബ്രുവരി 23-ാം തിയതി ഞായറാഴ്ച രാവിലെ നവകര്‍ദ്ദിനാളന്മാര്‍ പാപ്പായ്ക്കൊപ്പം വിശുദ്ധ പത്രോസിന്‍റെ ബസിലിക്കയില്‍ ദിവ്യബലിയര്‍പ്പിക്കുമെന്നും പാപ്പ വചനപ്രഘോഷണം നടത്തുമെന്നും വത്തിക്കാന്‍റെ പ്രസ്താവന വെളിപ്പെടുത്തി.

ജനുവരി 12-ാം ഞായറാഴ്ച ത്രികാല പ്രാര്‍ത്ഥനമദ്ധ്യേയാണ് പാപ്പാ ഫ്രാന്‍സിസ് സഭയിലെ 19 പുതിയ കര്‍ദ്ദിനാളന്മാരുടെ പേരുകള്‍ പ്രഖ്യാപിച്ചത്.
1. പിയെത്രോ പരോളിന്‍ - വത്തിക്കാന്‍ സ്റ്റേറ്റ് സെക്രട്ടറി
2. ലൊറെന്‍സോ ബാള്‍ദിസേരി – മെത്രാന്മാരുടെ സിനഡ് സെക്രട്ടറി
3. ജെരാര്‍ഡി മ്യൂളര്‍ - വത്തിക്കാന്‍റെ മുന്‍ വിശ്വാസസംഘ തലവന്‍
4. ബെനിയാമിനോ സ്റ്റേലാ - വൈദികരുടെ കാര്യങ്ങള്‍ക്കായുള്ള വത്തിക്കാന്‍ സംഘ തലവന്‍
5. വിന്‍സെന്‍റ് നിക്കോള്‍സ് – വെസ്റ്റ്മിന്‍സ്റ്ററിന്‍റെ മെത്രാപ്പോലീത്ത
6. ലോറി കാപ്പൊവീലാ – മെസേബ്രിയായുടെ (ബള്‍ഗേറിയ) ടീറ്റുലര്‍ ആര്‍ച്ചുബിഷപ്പ്
7. ഫെര്‍നാണ്ടോ സെബാസ്തി അഗ്വിലാര്‍ - പംപ്ലോനായുടെ (സ്പെയിന്‍) മുന്‍ മെത്രാപ്പോലീത്താ
8. ഗ്വാള്‍ത്തിയേരോ ബസ്സേത്തി – ഇറ്റലിയിലെ പെറൂജിയായുടെ മെത്രാപ്പോലീത്താ
9. ലെപ്പോള്‍ദോ സ്വറൊല്‍സാനോ - മാനാഗ്വായുടെ മെത്രാപ്പോലീത്താ (നിക്കരാഗ്വേ)
10. ഒറാനി ടെമ്പെസ്റ്റാ – റിയോയുടെ മെത്രാപ്പോലീത്ത (ബ്രസീല്‍)
11. മാരിയോ പോളി – ബ്യൂനസ് ഐരസിന്‍റെ മെത്രാപ്പോലീത്താ
12. റിക്കാര്‍ദോ അന്ത്രേലോ എസ്.ഡി.ബി – ചിലെയുടെ മെത്രാപ്പോലീത്താ
13. ജെരാള്‍ഡ് ലക്രോയിസ് – ക്വിബക്കിന്‍റെ മെത്രാപ്പോലീത്താ (കാനഡ)
14. ചിബ്ലി ലാഗ്ലോയിസ് – ലെസ് കായെസിന്‍റെ മെത്രാന്‍ (ഹായ്ത്തി)
15. കെല്‍വിന്‍ ഫേലിക്സ് – കാസ്ട്രീസിന്‍റെ മുന്‍മെത്രാപ്പോലീത്താ (സെയിന്‍റ് ലീസിയാ)
16. ഷോണ്‍ പിയര്‍ കൂത്വാ – അബിജാന്‍റെ മെത്രാപ്പോലീത്ത (ഐവറിക്കോസ്റ്റ്)
17. ഫിലിപ്പേ ക്വെഡ്രോഗോ – ക്വാഗദോഗോയുടെ മെത്രാപ്പോലീത്ത (ബുര്‍ക്കീനോ ഫാസോ)
18. ആന്‍ഡ്രൂ സൊ ജൂങ് – സോളിലെ മെത്രാപ്പോലീത്ത ( തെക്കെ കൊറിയ)
19. ഒര്‍ലാന്തോ ക്വൊവേദോ ഒഎംഐ – കൊത്തബാത്തോയുടെ മെത്രാപ്പോലീത്താ (ഫിലിപ്പീന്‍സ്)
_____________________
Report : Nellikal, sedoc








All the contents on this site are copyrighted ©.