2014-02-20 16:57:43

കുടുംബങ്ങളെക്കുറിച്ചുള്ള
വീക്ഷണം വിസ്തൃതമാക്കണം


20 ഫെബ്രുവരി 2014, വത്തിക്കാന്‍
കുടുംബങ്ങളെക്കുറിച്ചുള്ള വീക്ഷണം ഇനിയും ആഴപ്പെടുത്തണമെന്ന് പാപ്പാ ഫ്രാന്‍സിസ് കര്‍ദ്ദിനാളന്മാരോട് ആവശ്യപ്പെട്ടു. ഫെബ്രുവരി 20-ാം തിയതി വ്യാഴാഴ്ച വത്തിക്കാനില്‍ ആരംഭിച്ച കര്‍ദ്ദിനാളന്മാരുടെ പ്രത്യേക സമ്മേളനത്തെ (Extraordinary Consistory-യെ) അഭിസംബോധനചെയ്യവെയാണ് പാപ്പാ ഇങ്ങനെ ഉദ്ബോധിപ്പിച്ചത്.
കുടുംബങ്ങളുടെ ദൈവശാസ്ത്രം ആഴപ്പെടുത്തിക്കൊണ്ട് അവയുമായി ബന്ധപ്പെട്ട ആനുകാലിക അജപാലന പ്രശ്നങ്ങള്‍ സൂക്ഷ്മമായി പഠിക്കണമെന്ന്, പഴയവരും പുതിയവരുമായി സഭയിലെ 185 കര്‍ദ്ദിനാളന്മാര്‍ സമ്മേളിച്ച Extraordinary cosnsistory-ക്ക് ആമുഖമായിട്ടാണ് പാപ്പാ ഇങ്ങനെ ഉദ്ബോധിപ്പിച്ചത്.

കുടുംബങ്ങളെക്കുറിച്ചുള്ള പ്രശ്നങ്ങള്‍ പങ്കുവയ്ക്കുന്ന പ്രക്രിയയില്‍ ‘വിധിയാളന്മാരു’ടെ (causistry) നിലപാട് സ്വീകരിക്കരുതെന്നും, അത് ന്യായമായ പുരോഗമന പ്രവര്‍ത്തനങ്ങളെ തടസ്സപ്പെടുത്തുമെന്നും ഹ്രസ്വപ്രഭാഷണത്തില്‍ പാപ്പാ കര്‍ദ്ദിനാളന്മാര്‍ക്ക് താക്കീതുനല്കി.
കുടുംബസംവിധാനങ്ങളെ തരംതാണതായി കാണുകയും അവഹേളിക്കപ്പെടുകയും ചെയ്യുന്ന ഇന്നിന്‍റെ സാമൂഹ്യ സംവിധാനത്തില്‍ ജീവന്‍റെ സുസ്ഥിതിക്കും മാനവികതയുടെ ഭാവി നിലനില്പിനും കുടുംബങ്ങള്‍ക്കുള്ള പ്രത്യേക പങ്കും ഉത്തരവാദിത്വവും അനിവാര്യതയും ഉറപ്പുവരുത്തുകയിയിരിക്കണം ലക്ഷൃമെന്നും പാപ്പാ കര്‍ദ്ദിനാള്‍ സംഘത്തെ അനുസ്മരിപ്പിച്ചു.

കുടുംബങ്ങള്‍ക്കായുള്ള ദൈവത്തിന്‍റെ മഹത്തായ പദ്ധതി വെളിപ്പെടുത്തുവാനും, ദമ്പതികള്‍ അത് സസന്തോഷം ഈ ലോകത്ത് ജീവിക്കുവാന്‍ അവരെ സഹായിക്കുകയുമാണ് സഭയുടെ ദൗത്യമെന്ന് പാപ്പാ തന്‍റെ ഹ്രസ്വപ്രഭാഷണത്തിലൂടെ വ്യക്തമാക്കി.
എവര്‍ക്കും സ്വാഗതം പറഞ്ഞുകൊണ്ട്, വിശിഷ്യ സമ്മേളനത്തിന് (Consistory-ക്ക്) ആമുഖമായി കുടുംബങ്ങളെക്കുറിച്ചുള്ള ആനുകാലിക ദൈവശാസ്ത്രവീക്ഷണം പങ്കുവയ്ക്കാന്‍ തയ്യാറായ ജര്‍മ്മന്‍
കര്‍ദ്ദിനാള്‍ വാള്‍ട്ടര്‍ കാസ്പറിനും പ്രത്യേകം സ്വാഗതം പറഞ്ഞുകൊണ്ടാണ് പാപ്പാ പ്രഭാഷണം ഉപസംഹരിച്ചത്.
_____________________
Report : Nellikal, sedoc








All the contents on this site are copyrighted ©.