2014-02-18 16:25:05

ക്രിസ്തുവചനം ശ്രവിച്ചുകൊണ്ട് പ്രലോഭനങ്ങളെ അതിജീവിക്കാം


18 ഫെബ്രുവരി 2014, വത്തിക്കാൻ
ക്രിസ്തുവചനം ശ്രവിച്ചുകൊണ്ട് പ്രലോഭനങ്ങളെ അതിജീവിക്കണമെന്ന് ഫ്രാൻസിസ് പാപ്പ ഉത്ബോധിപ്പിക്കുന്നു. ചൊവ്വാഴ്ച രാവിലെ സാന്താ മാർത്താ മന്ദിരത്തിൽ അർപ്പിച്ച ദിവ്യബലി മധ്യേ നൽകിയ വചന സന്ദേശത്തിലാണ് പ്രലോഭനങ്ങളുടെ ഉറവിടത്തെക്കുറിച്ചും അവ അതിജീവിക്കേണ്ടത് എങ്ങനെയെന്നും മാർപാപ്പ പ്രതിപാദിച്ചത്.
പ്രലോഭനങ്ങള്‍ വരുന്നത് എവിടെ നിന്നാണ്? ദൈവത്തിൽ നിന്നാണോ? അല്ല, ദൈവത്തിൽ നിന്നല്ല, നമ്മുടെ ആസക്തികളും, ബലഹീനതകളും, ഉത്ഭവപാപം നമ്മുടെ ഉള്ളിലവശേഷിപ്പിച്ച ക്ഷതങ്ങളുമാണ്, പ്രലോഭനങ്ങളുടെ ഉറവിടമെന്ന് ഫ്രാൻസിസ് മാർപാപ്പ വിശ്വാസ സമൂഹത്തോട് വിശദീകരിച്ചു. നമ്മുടെ ആസക്തികളിൽ നിന്ന് ഉത്ഭവിക്കുന്ന പ്രലോഭനങ്ങള്‍ ക്രമേണ ശക്തിപ്രാപിക്കും. പ്രലോഭനങ്ങൾക്ക് മൂന്ന് പ്രത്യേക സ്വഭാവമുണ്ടെന്നും പാപ്പ ചൂണ്ടിക്കാട്ടി, അവ സാവധാനം വളരും, വ്യാപിക്കും, സ്വയം നീതീകരിക്കും. ആദ്യമൊന്നും അവയുടെ സാന്നിദ്ധ്യം നാം തിരിച്ചറിയുകകൂടിയില്ല. സുവിശേഷത്തിൽ ക്രിസ്തു പറയുന്ന കളകളുടെ ഉപമയിൽ അവയുടെ വളർച്ച എങ്ങനെയായിരിക്കുമെന്ന് സൂചിപ്പിക്കുന്നുണ്ട്. ശത്രു വിതച്ച കളകൾ, നല്ല വിത്തിൽ നിന്നും മുളച്ച ഗോതമ്പു ചെടികൾക്കൊപ്പം വളരുന്നതുപോലെ പ്രലോഭനങ്ങളും വളരും. അവയെ പ്രതിരോധിച്ചില്ലെങ്കിൽ അവ വളർന്നുകൊണ്ടേയിരിക്കും. വളർന്നു വളർന്ന് എല്ലായിടത്തും വ്യാപിക്കും.
പ്രലോഭനത്തിൽ അകപ്പെടുമ്പോൾ നാം ദൈവവചനം ശ്രവിക്കുകയോ ഗ്രഹിക്കുകയോ ഇല്ല. ദീർഘവീക്ഷണമൊക്കെ വെടിഞ്ഞ്, അടഞ്ഞ ചക്രവാളങ്ങളുമായി ഉൾവലിഞ്ഞിരിക്കാനായിരിക്കും പ്രലോഭനങ്ങൾ നമ്മെ പ്രേരിപ്പിക്കുക. ക്രിസ്തുവിനു മാത്രമേ നമ്മെ പ്രലോഭനങ്ങളിൽ നിന്നും രക്ഷിക്കാനാവൂ. പ്രലോഭനത്തിൽ അകപ്പെടുമ്പോൾ ഏക രക്ഷാമാർഗം ദൈവവചനമാണ്. ക്രിസ്തുവിന്‍റെ വചനം നമ്മെ രക്ഷിക്കും. പ്രലോഭനങ്ങളിൽ നിന്നു രക്ഷനേടാൻ യേശുനാഥൻ നമ്മെ പഠിപ്പിക്കും. നമ്മുടെ നാഥനായ ക്രിസ്തു നമ്മെ പ്രലോഭനങ്ങളിൽ നിന്ന രക്ഷിക്കുക മാത്രമല്ല നമുക്ക് കൂടുതൽ ആത്മവിശ്വാസം നൽകുകയും ചെയ്യുമെന്ന് വിശുദ്ധഗ്രന്ഥഭാഗങ്ങളെ ആസ്പദമാക്കി മാർപാപ്പ ഉത്ബോധിപ്പിച്ചു.


Reported: Vatican Radio, T.G








All the contents on this site are copyrighted ©.