2014-02-18 16:25:30

എട്ടംഗ കർദിനാൾ സംഘത്തിന്‍റെ മൂന്നാമത് യോഗം


18 ഫെബ്രുവരി 2014, വത്തിക്കാൻ
സാര്‍വ്വത്രിക സഭയുടെ ഭരണ കാര്യങ്ങളിലും റോമന്‍ കൂരിയായുടെ പരിഷ്ക്കരണത്തിനും തന്നെ സഹായിക്കാനായി മാര്‍പാപ്പ രൂപീകരിച്ച ഔദ്യോഗിക ‘ഉപദേശക സമിതി’യായ എട്ടംഗ കര്‍ദിനാള്‍ സംഘത്തിന്‍റെ മൂന്നാമത് സമ്മേളനം വത്തിക്കാനിൽ ആരംഭിച്ചു. ഫെബ്രുവരി 17ന് ആരംഭിച്ച ത്രിദിന സമ്മേളനം 19ന് സമാപിക്കും.
ഉപദേശക സമിതിയുടെ പ്രഥമ സമ്മേളനം 2013 ഒക്ടോബര്‍ 1മുതല്‍ 3 വരേയും രണ്ടാമത് സമ്മേളനം ഡിസംബര്‍ 3 മുതല്‍ 5 വരേയും വത്തിക്കാനിൽ നടന്നിരുന്നു.
ഇന്ത്യയില്‍ നിന്നുള്ള കര്‍ദിനാള്‍ ഓസ്വാള്‍ഡ് ഗ്രേഷ്യസ്(മുബൈ), കര്‍ദിനാള്‍ ജ്യുസപ്പെ ബെര്‍ത്തേല്ലോ (വത്തിക്കാന്‍ ഗവര്‍ണറേറ്റ്), കര്‍ദിനാള്‍ ഫ്രാന്‍ചെസ്ക്കോ ഹവിയേര്‍ എറാസുറിസ് (സാന്തിയാഗോ ദി ചിലെ), കര്‍ദിനാള്‍ റെയിനാര്‍ഡ് മാക്സ് (ജര്‍മനി), കര്‍ദിനാള്‍ ലൗറെന്‍റ് മൊന്‍സെഞ്യോ പസീന്യ (കിന്‍ഷാസാ, കോംഗോ), കര്‍ദിനാള്‍ ഷോണ്‍ ഓമാലി (ബോസ്റ്റണ്‍, യു.എസ്.എ), കര്‍ദിനാള്‍ ജോര്‍ജ്ജ് പെല്‍ (ഓസ്ട്രേലിയ), കര്‍ദിനാള്‍ ഓസ്ക്കാര്‍ ആന്ത്രേസ് റോഡ്രിഗസ് മാറാഡിയാഗ (ഹോന്‍ഡൂറാസ്,ഉപദേശക സമിതിയുടെ കോര്‍ഡിനേറ്റര്‍), എന്നിവരാണ് ഉപദേശക സമിതിയിലെ അംഗങ്ങള്‍. ഇറ്റലിയിലെ അല്‍ബാനം രൂപതാദ്ധ്യക്ഷന്‍ ആര്‍ച്ചുബിഷപ്പ് മാര്‍ചെല്ലോ സെമരാരോയാണ് ഉപദേശക സമിതിയുടെ സെക്രട്ടറി. ഇവർക്കു പുറമേ വത്തിക്കാൻ രാഷ്ട്ര കാര്യാലയത്തിന്‍റെ സെക്രട്ടറിയും നിയുക്തകർദിനാളുമായ ആർച്ചുബിഷപ്പ് പിയത്രോ പരോളിനും സമ്മേളനത്തിൽ പങ്കെടുക്കുന്നുണ്ട്.
ഏപ്രില്‍ 13ന് രൂപീകരിച്ച എട്ടംഗ കര്‍ദിനാള്‍ സംഘത്തെ ഔദ്യോഗിക ഉപദേശക സമിതിയായി സ്ഥാപിച്ചുകൊണ്ടുള്ള തിരുവെഴുത്ത് (Chirografo) സെപ്തംബര്‍ 30നാണ് മാര്‍പാപ്പ പ്രസിദ്ധീകരിച്ചത്. സാര്‍വ്വത്രിക സഭയുടെ ഭരണകാര്യങ്ങളിലും റോമന്‍ കൂരിയായെ സംബന്ധിച്ച അപ്പസ്തോലിക കോണ്‍സ്റ്റിറ്റൂഷന്‍ ‘പാസ്തോര്‍ ബോനൂസ്’ പരിഷ്ക്കരിക്കുവാനും പാപ്പായെ സഹായിക്കുകയാണ് ഉപദേശക സമിതിയുടെ ചുമതല.

Reported: Vatican Radio, T.G







All the contents on this site are copyrighted ©.