2014-02-18 16:25:46

ഉപദേശക സമിതിയുടെ മൂന്നാം യോഗത്തിന്‍റെ മുഖ്യപ്രമേയം സാമ്പത്തികപരിഷ്കരണം


18 ഫെബ്രുവരി 2014, വത്തിക്കാൻ
വത്തിക്കാന്‍റെ സാമ്പത്തിക കാര്യാലയത്തിന്‍റേയും വത്തിക്കാൻ ബാങ്കിന്‍റേയും പ്രവർത്തനത്തെ സംബന്ധിച്ച കാര്യങ്ങളാണ് മാർപാപ്പയുടെ ഔദ്യോഗിക ഉപദേശക സമിതിയായ എട്ടംഗ കർദിനാൾ സംഘത്തിന്‍റെ മൂന്നാമത് യോഗത്തിൽ മുഖ്യമായും ചർച്ച ചെയ്യപ്പെടുന്നതെന്ന് വത്തിക്കാൻ വക്താവ് ഫാ.ഫെദറിക്കോ ലൊംബാർദി അറിയിച്ചു. തിങ്കളാഴ്ച രാവിലെ വത്തിക്കാനിൽ നടത്തിയ വാർത്താ സമ്മേളനത്തിലാണ് ഉപദേശക സമിതിയുടെ പ്രധാന ചർച്ചാവിഷയങ്ങളെക്കുറിച്ച് വത്തിക്കാൻ വാർത്താകാര്യാലയത്തിന്‍റേയും വത്തിക്കാൻ റേഡിയോയുടേയും ഡയറക്ടർ ജനറലായ ഫാ.ലൊംബാർദി മാധ്യമപ്രവർത്തകരോട് വിശദീകരിച്ചത്. ഫ്രാൻസിസ് പാപ്പായുടെ അധ്യക്ഷതയിൽ നടക്കുന്ന യോഗത്തിൽ എട്ടംഗ കർദിനാൾ സംഘത്തോടൊപ്പം വത്തിക്കാൻ രാഷ്ട്ര കാര്യാലയത്തിന്‍റെ സെക്രട്ടറിയും നിയുക്ത കർദിനാളുമായ ആർച്ചുബിഷപ്പ് പിയത്രോ പരോളിനും പങ്കെടുക്കുന്നുണ്ടെന്ന് ഫാ.ലൊംബാർദി അറിയിച്ചു. തിങ്കളാഴ്ച രാവിലെ മാർപാപ്പയുടെ മുഖ്യകാർമ്മികത്വത്തിൽ അർപ്പിച്ച ദിവ്യബലിയോടെയാണ് ത്രിദിന സമ്മേളനം ആരംഭിച്ചത്. വത്തിക്കാന്‍റെ സാമ്പത്തിക കാര്യാലയത്തെ വിലയിരുത്താൻ 2013 ജൂലൈ മാസത്തിൽ ഫ്രാൻസിസ് പാപ്പ നിയോഗിച്ച നിരീക്ഷണ കമ്മീഷന്‍റെ പഠനറിപ്പോർട്ടിനെക്കുറിച്ചാണ് കർദിനാൾ സംഘം തിങ്കളാഴ്ച ചർച്ച ചെയ്തത്. വത്തിക്കാൻ ബാങ്കിന്‍റെ (Institute for Works of Religion,IOR) പ്രവർത്തനമാണ് ചൊവ്വാഴ്ച്ച എട്ടംഗ കർദിനാൾ സംഘം വിശകലവിധേയമാക്കുന്നത്. പരിശുദ്ധസിംഹാസനത്തിന്‍റെ സാമ്പത്തിക കാര്യങ്ങളെക്കുറിച്ച് വിലയിരുത്താൻ മാർപാപ്പ സ്ഥാപിച്ച പതിനഞ്ചംഗ കർദിനാൾ സംഘത്തിന്‍റേയും പാപ്പായുടെ ഔദ്യോഗിക ഉപദേശക സമിതിയായ എട്ടംഗ കർദിനാൾ സംഘത്തിന്‍റേയും സംയുക്ത യോഗം ബുധനാഴ്ച നടക്കും.

ഉപദേശക സമിതിയുടെ ത്രിദിന സമ്മേളനത്തിനു ശേഷം, ഫെബ്രുവരി 20ന് കർദിനാൾ സംഘത്തിന്‍റെ ദ്വിദിന പൊതുയോഗം ആരംഭിക്കും.

‘കുടുംബം’ എന്ന വിഷയത്തെ ആസ്പദമാക്കി നടക്കുന്ന കർദിനാൾ സംഘത്തിന്‍റെ ദ്വിദിന പൊതുയോഗം (Consistory) ഫെബ്രുവരി 20ാം തിയതി വ്യാഴാഴ്ചയാണ് ആരംഭിക്കുന്നത്. കർദിനാൾ സംഘത്തിന്‍റെ തലവൻ കർദിനാൾ ആഞ്ചലോ സൊഡാനോ പൊതുയോഗം ഉത്ഘാടനം ചെയ്യും. സഭൈക്യ കാര്യങ്ങൾക്കുവേണ്ടിയുള്ള പൊന്തിഫിക്കൽ സംഘത്തിന്‍റെ മുൻഅദ്ധ്യക്ഷനായ ജർമ്മൻ കർദിനാൾ വാൾട്ടർ കാസ്പറാണ് വിഷയാവതരണം നടത്തുക.

Reported: Vatican Radio, T.G







All the contents on this site are copyrighted ©.