2014-02-18 09:01:32

ഇസ്രായേലിന്‍റെ രക്ഷയുടെ പാത (75)
കര്‍ത്താവുകാട്ടുന്ന കാരുണ്യാതിരേകം


RealAudioMP3
പുറപ്പാടു ഗ്രന്ഥം സംഗീത-കഥാവിഷ്ക്കാരത്തിന്‍റെ നാലാം ഭാഗമാണിത്.

അടമത്വത്തില്‍നിന്നും ഇസ്രായേല്‍ മോചിതരായി. സ്വതന്ത്ര ജനതയായി ഈജിപ്തില്‍നിന്നു
അവര്‍ പുറത്തുകടന്നു. ദൈവത്തിന്‍റെ പരിപാലനയില്‍ അവര്‍ അത്ഭുതകരമായി ചെങ്കടല്‍ കടന്ന് മറുകരയെത്തി. പക്ഷെ ദൈവം തങ്ങള്‍ക്കായി വാഗ്ദാനംചെയ്യപ്പെട്ട നാടിനും പുറപ്പാടിനും ഇടയ്ക്ക് വലിയൊരു മരുഭൂമിയാണു കിടക്കുന്നതെന്ന് അവര്‍ക്ക് അറിയാമായിരുന്നു.
കത്തിക്കരിയുന്ന വെയിലത്ത് മരുഭൂമിയല്‍ക്കൂടിയുള്ള യാത്ര ഒട്ടും എളുപ്പമായിരുന്നില്ല. ഭക്ഷണം, വെള്ളം മരുഭൂമിയിലെ അന്യവര്‍ഗ്ഗക്കാരുടെ ആക്രമണം. ഇവയെല്ലാം വലിയ പ്രശ്നങ്ങളായിരുന്നു. പക്ഷെ എല്ലാറ്റിലും ദൈവം തന്‍റെ ജനതയുടെ കൂടെയുണ്ടായിരുന്നു. അവിടുന്ന് അവരെ പരിപാലിച്ചു, നയിച്ചു. സന്ധ്യമയങ്ങിയപ്പോള്‍ ക്ഷീണിതരായ ജനം മരുഭൂമിയില്‍ത്തന്നെ കൂടാരമടിച്ചു. വിശ്രമിച്ചു.

Exodus III sl. 1 നല്കണേ ദൈവമേ, മോചനം, പൂര്‍ണ്ണമോചനം
നില്ക്കണേ കാവലായ് രക്ഷതന്‍ പാതയില്‍
പാടുന്നൂ തവ മഹത്വമെന്നും ദൈവമേ,
പുകഴ്ത്തുന്നു ഞങ്ങള്‍ തവ നാമമെങ്ങും...

പുലര്‍ച്ചയക്ക് ഉണര്‍ന്ന് എഴുന്നേറ്റുവരുമ്പോള്‍ അവര്‍ കണ്ടത് കൂടാരത്തിനു ചുറ്റും വെളുത്ത കട്ടിയുള്ള എന്തോ പദാര്‍ത്ഥം കിടക്കുന്നതാണ്. അവര്‍ അതെടുത്ത് പരിശോധിച്ചു, രുചിച്ചു നോക്കി. അത് അപ്പത്തിനുപകരം അവര്‍ ഉപയോഗിച്ചു – മന്ന! ‘മന്ന’ എന്നാണ് അവരതിനു പേരു നല്കിയത്. പിന്നെ ഭക്ഷിക്കാനായി മാംസം അന്വേഷിച്ചപ്പോള്‍ കൂടാരത്തിന്‍റെ സമീപത്തേയ്ക്കു ആയിരക്കണക്കിന് കാടപ്പക്ഷികള്‍ പറന്നുവരുന്നത് അവര്‍ കണ്ടു. അവയും ദൈവം തന്‍റെ പരിപാലനയില്‍ തങ്ങള്‍ക്കു നല്കിയ ദാനമായി ജനം വിശ്വസിച്ചു.

Exodus II sl. 15 മരുഭൂവിലന്ന് പശിയാല്‍ വലഞ്ഞപ്പോള്‍
മന്നയേകി ഞങ്ങള്‍ക്കായ് സുരഭോജ്യമായ്
ദാഹിച്ചലഞ്ഞപ്പോള്‍ ആശ്വസമായ് തന്നു നീ
ജനധാരകള്‍, നിത്യജീവന്‍റെ ജലധാരകള്‍....

കുടിക്കാന്‍ ജലമില്ലാതെ ജനം വലഞ്ഞപ്പോള്‍ കര്‍ത്താവിന്‍റെ ആജ്ഞപ്രകാരം മോശ സമീപത്തുള്ള പാറമേല്‍ തന്‍റെ ഇടയവടികൊണ്ട് അടിച്ചു. അപ്പോള്‍ പാറയില്‍നിന്നും ശുദ്ധജലം സമൃദ്ധമായി നിര്‍ഗ്ഗളിച്ചു. മോശ കൈയ്യുയര്‍ത്തി പ്രാര്‍ത്ഥിച്ചുനിന്നപ്പോള്‍ മാര്‍ഗ്ഗമദ്ധ്യേ അമലേക്യര്‍ എന്ന ഗോത്രവാര്‍ഗ്ഗക്കാരുടെ ആക്രമണത്തില്‍നിന്നും വിജയംനേടാനും ഇസ്രായേലിനു കഴിഞ്ഞു. എന്നിട്ടും വഴിയില്‍ ജനം പിറുപിറുക്കുകയും മോശയെ കുറ്റംപറയുകയും ചെയ്തു. എങ്കിലും ദൈവം അവരെ പരിപാലിച്ചു. കര്‍ത്താവു തന്‍റെ ജനത്തെ മരുഭൂമിയിലൂടെ മുന്നോട്ടു നയിച്ചു.

Exodus III sl. 3 കാറ്റുവിതച്ചവന്‍, കടല്‍ പകുത്തു മാറ്റിയവന്‍
കാരുണ്യത്തോടെ തന്‍ ജനത്തെ നയിപ്പവന്‍
തന്‍ കരുത്തിനാല്‍ ജനത്തെ മോചിപ്പവന്‍
കാട്ടിടും കാരുണ്യാതിരേകം തന്‍ കരത്തിനാല്‍...

മൂന്നു മാസങ്ങള്‍ക്കുശേഷം അവര്‍ സീനായ് മലയുടെ അടിവാരത്തെത്തിയ ജനം അവിടെ കൂടാരമടിച്ചു. എല്ലാവരും വിശ്രമിക്കാന്‍ തുടങ്ങിയപ്പോള്‍ മോശ ഏകനായി മല മുകളിലേയ്ക്കു പ്രാര്‍ത്ഥിക്കാനായി പോയി. അവിടെവച്ചു ദൈവം മോശയോടു സംസാരിച്ചു. മലയില്‍നിന്നു മടങ്ങി വന്നപ്പോള്‍ ദൈവത്തില്‍നിന്നും ലഭിച്ച സന്ദേശം മോശ അവര്‍ക്കു നല്കി.
“നിങ്ങളെ ഞാന്‍ ഈജിപ്തില്‍നിന്നുംകൊണ്ടുവന്നു. മറ്റുള്ളവരില്‍നിന്നും വേര്‍പെടുത്തി നിങ്ങളെ എന്‍റെ ജനതയാക്കുകയാണ്. നിങ്ങളെന്നെ ശ്രവിക്കുകയും, നിയമങ്ങള്‍ അനുസരിക്കുകയും ചെയ്താല്‍ പ്രത്യേകമായ വിധത്തില്‍ നിങ്ങളെ എന്‍റെ ജനതയാക്കും.”
ഇതു കേട്ട ജനം ഒരേ ശബ്ദത്തില്‍ മറുപടിപറഞ്ഞു. “കര്‍ത്താവു പറയുന്നതെല്ലാം ഞങ്ങള്‍ നിവര്‍ത്തിക്കും! ഞങ്ങള്‍ അവിടുത്തെ ജനമാണ്!!”

Exodus III Sl. 7 ജനമേ, കേല്‍പ്പൂ ഞാന്‍ നിങ്ങടെ രോദനം
നിന്ദ്യമാം പ്രരോദനം
എങ്കിലും നല്കും ഞാന്‍ നിങ്ങള്‍ക്കു ഭോജനം
മാംസവും മന്നുയും
അറിയും നിങ്ങളെന്നെ കര്‍ത്താവെന്ന്
നിത്യനാം ദൈവമെന്ന്

ഒരുനാള്‍ മോശ മലയിലേയ്ക്ക് പ്രാര്‍ത്ഥിക്കാന്‍ പോയി. ജനം അടിവാരത്തു കാത്തുനിന്നു. ആ കാത്തിരിപ്പ് മൂന്നു ദിവസത്തോളം നീണ്ടുനിന്നു. മൂന്നാം ദിവസം അവര്‍ മലയെ സമീപിച്ചപ്പോള്‍ മിന്നലും ഇടിമുഴക്കവും ഉണ്ടായി. കാഹളധ്വനി മുഴങ്ങി. അതു കൂടുതല്‍ ഉച്ചത്തില്‍ കേള്‍ക്കാന്‍ തുടങ്ങി. ദൈവികസാന്നിദ്ധ്യത്തിന്‍റെ പ്രതീകമെന്നോണം മലമുകള്‍ വെണ്മയാര്‍ന്നു.
ആ പ്രദേശമാകെ തെളിഞ്ഞുനിന്നു. ജനം പേടിച്ചുവിറച്ചു. അവര്‍ മലയുടെ അടിവാരത്തുനിന്ന് പിന്നോട്ടു മാറി. എന്നിട്ട് ജനം ഇങ്ങനെ വിലപിച്ചു. “കര്‍ത്താവേ, അങ്ങു ഞങ്ങളോടു സംസാരിക്കാന്‍ ഈ ജനം യോഗ്യരല്ല. ഞങ്ങള്‍ ഭയന്നു വിറയ്ക്കുന്നു. ഞങ്ങള്‍ മരിച്ചുവീഴും!”

മോശ അപ്പോള്‍ മലമുകളില്‍ ദൈവത്തോടു സംസാരിച്ചു. ദൈവിക സാന്നിദ്ധ്യവും അവിടുത്തെ സംസാരവും ഇടിനാദംപോലെ പിന്നെയും ജനങ്ങള്‍ക്കു കേള്‍ക്കാമായിരുന്നു. എന്നാല്‍ അവര്‍ക്കൊന്നും മനസ്സിലായില്ല. അന്ന് ദൈവം മോശയ്ക്ക് പത്തു കല്പനകള്‍ നല്‍കി.

Exodus III sl. 9 കര്‍ത്താവു കാക്കുന്നൂ ചിതറാതെ തന്‍ ജനതയെ
ശത്രുകരങ്ങളില്‍നിന്നും റഹിദീമില്‍
ശക്തമായ് പൊരുതുന്നു തിന്മതല്‍ ശക്തിയെ
സദാ നല്കുന്നവിടുന്ന് വിജയവീഥി തന്‍ ജനത്തിനായ്.

മോശ മലയിറങ്ങിവന്ന് കര്‍ത്താവ് പറഞ്ഞതെല്ലാം ജനങ്ങളെ അറിയച്ചു.
ജനം മറുപടി പറഞ്ഞു. “ദൈവത്തിന്‍റെ കല്പനകള്‍ ഞങ്ങള്‍ അനുസരിച്ചുകൊള്ളാം.” അങ്ങനെ കര്‍ത്താവ് ജനങ്ങളുമായി ചെയ്ത ഉടമ്പടി അവര്‍ കല്‍ഫലകങ്ങളില്‍ രേഖപ്പെടുത്തിവച്ചു. കല്പനകള്‍ നല്കിയ ദൈവത്തിന് നന്ദിയായി മോശ ബലിയര്‍പ്പിച്ചു. ബലിവസ്തുവിന്‍റെ രക്തം എടുത്ത് മോശ ജനങ്ങളുടെമേല്‍ തളിച്ചുകൊണ്ട് പറഞ്ഞു.
“ദൈവം നിങ്ങളോടു ചെയ്ത ഉടമ്പടിയുടെ രക്തമാണിത്!”

ദൈവത്തിന്‍റെ നിയമങ്ങള്‍ അനുസരിച്ചു ജനം ജീവിക്കണം എന്നുള്ളതാണ് ഉടമ്പടികൊണ്ട് അര്‍ത്ഥമാക്കുന്നത്.

ഇസ്രായേല്യര്‍ക്കും പിന്നീട് സകലജനതകള്‍ക്കും എക്കാലത്തേയ്ക്കുമുള്ള കര്‍ത്താവിന്‍റെ കല്പനകളായിരുന്നു അവ. സീനായ് മലയുടെ അടിവാരത്തില്‍വച്ച് ഉടമ്പടി അംഗീകരിക്കപ്പെട്ടു. യഹോവയെ തങ്ങളുടെ ഏകദൈവമായി ഇസ്രായേല്‍ അംഗീകരിച്ചു. ജനതയ്ക്ക് മറ്റൊരു ദൈവമില്ല. തന്നോട് വിശ്വസ്തരായിരിക്കുന്ന ജനത്തെ അവിടുന്ന് പരിപാലിക്കുന്നു.


Exodus II 14 കര്‍ത്താവെന്നും രാജാവായ് ഭരിക്കും
തന്‍റെ ജനത്തെ അനുസ്യൂതം
ശക്തിയും രക്ഷയും, ജയവും മഹത്വവും
എന്നും അവിടുത്തേതാകുന്നു.
ദൈവമേ, അവിടുത്തേതാകുന്നു.

ദൈവം ഇസ്രായേല്‍ക്കാരെ തന്‍റെ സ്വന്തം ജനതായായി തിരഞ്ഞെടുത്തതില്‍ അവര്‍ അഭിമാനംകൊണ്ടു. സംസ്ക്കാരവും ധൈര്യവുമില്ലാത്ത ക്ഷീണിതരായ ജനതയായിരുന്നു അവര്‍. ശക്തരും ധീരരുമായ ജനതയായിട്ട് അവരെ മാറ്റുവാന്‍ വര്‍ഷങ്ങള്‍ വേണ്ടിവരുമെന്ന് മോശയ്ക്ക് അറിയാമായിരുന്നു. ബലഹീനതകള്‍ ഉണ്ടെങ്കിലും ദൈവം ഇസ്രായേലില്‍ നന്മ കണ്ടെത്തിയിരുന്നു. അവിടുന്ന് തന്‍റെ ജനത്തിനായി ക്ഷമയോടെ എന്നും കാത്തിരിക്കുന്നു.

മോശ വീണ്ടും സീനായ് മലമുകളില്‍ ദൈവസന്നിധിയില്‍ ചിലവൊഴിച്ചു. ഭക്ഷണോ ഉറക്കമോ കൂടാതെ നാല്പതു രാവുംപകലും മോശ ദൈവത്തോടു സംസാരിച്ചുകൊണ്ടിരുന്നു. അദ്ദേഹം അവിടെയായിരുന്നപ്പോള്‍ രണ്ടു കല്‍ഫലകങ്ങളിലായി ദൈവം നല്കിയ പ്രമാണങ്ങള്‍ വീണ്ടും കൊത്തിവച്ചു. അവയാണ് ‘പത്തുകല്പനകള്‍’ എന്ന പേരില്‍ ഇന്നും അറിയപ്പെടുന്നത്.
മനുഷ്യബന്ധിയായ ജീവിതംനയിക്കാന്‍ സഹായകമാണ് ഈ പ്രമാണങ്ങള്‍...
__________________
Prepared by Nellikal








All the contents on this site are copyrighted ©.