2014-02-14 17:31:20

സുല്‍ത്താന്‍പേട്ട രൂപത ഉദ്ഘാടനവും മെത്രാഭിഷേകവും 16ന്


14 ഫെബ്രുവരി 2014,കൊയമ്പത്തൂർ
ഫ്രാൻസിസ് മാർപാപ്പ പുതുതായി സ്ഥാപിച്ച സുല്‍ത്താന്‍പേട്ട രൂപതയുടെ ഉദ്ഘാടനവും പ്രഥമ രൂപതാധ്യക്ഷൻ റവ.ഡോ.അന്തോണിസാമി പീറ്റര്‍ അബീറിന്‍റെ മെത്രാഭിഷേക ചടങ്ങും ഫെബ്രുവരി 16ാം തിയതി ഞായറാഴ്ച നടക്കും.

വൈകുന്നേരം നാലിന് ഇന്ദിരാഗാന്ധി സ്റ്റേഡിയത്തില്‍ പ്രത്യേകം തയാറാക്കിയ വേദിയിലാണു ചടങ്ങുകള്‍. അപ്പസ്തോലിക സ്ഥാനപതി ആര്‍ച്ചുബിഷപ്പ് ഡോ.സാല്‍വത്തോരെ പെനാക്കിയോയുടെ മുഖ്യ കാർമ്മികത്വത്തില്‍ നടക്കുന്ന ചടങ്ങുകളിൽ വരാപ്പുഴ അതിരൂപതാധ്യക്ഷൻ ആർച്ചുബിഷപ്പ് ഡോ.ഫ്രാന്‍സിസ് കല്ലറയ്ക്കല്‍, കോയമ്പത്തൂര്‍ മെത്രാൻ ഡോ.തോമസ് അക്വിനാസ്, കോഴിക്കോട് മെത്രാൻ ഡോ.വര്‍ഗീസ് ചക്കാലയ്ക്കല്‍ എന്നിവര്‍ സഹകാര്‍മികരായിരിക്കും. ലത്തീന്‍ സഭയുടെ കേരളത്തിലെ പന്ത്രണ്ടാമത്തെ രൂപതയാണു സുല്‍ത്താന്‍പേട്ട. കഴിഞ്ഞ ഡിസംബര്‍ 28നാണ് സുല്‍ത്താന്‍പേട്ട രൂപത സ്ഥാപിച്ചുകൊണ്ടും റവ.ഡോ.അന്തോണി സാമി പീറ്റര്‍ അബിറിനെ രൂപതാമെത്രാനായി നിയമിച്ചുകൊണ്ടുമുള്ള പേപ്പൽ പ്രഖ്യാപനം പരിശുദ്ധസിംഹാസനം പ്രസിദ്ധീകരിച്ചത്.

ലത്തീന്‍ കത്തോലിക്കാസഭയുടെ കേരളം, തമിഴ്നാട്, പോണ്ടിച്ചേരി എന്നിവിടങ്ങളില്‍നിന്നുള്ള മെത്രാന്‍മാര്‍, വൈദികര്‍, സന്ന്യസ്തര്‍ എന്നിവര്‍ അഭിഷേക ചടങ്ങില്‍ പങ്കെടുക്കും. സീറോ മലബാര്‍ സഭാ മെത്രാൻമാരും സന്നിഹിതരാകും. വൈകുന്നേരം മൂന്നേകാലിനു കത്തീഡ്രല്‍ വെഞ്ചിരിപ്പും തുടര്‍ന്നു നാലിനു മെത്രാഭിഷേക ചടങ്ങുകളും നടക്കും.

മെത്രാഭിഷേക ചടങ്ങുകള്‍ക്കുശേഷം വൈകുന്നേരം 6.30 നടക്കുന്ന പൊതുസമ്മേളനം കേന്ദ്രമന്ത്രി പ്രഫ. കെ.വി. തോമസ് ഉദ്ഘാടനം ചെയ്യും. മന്ത്രി പി.ജെ. ജോസഫ് ഉപഹാരം സമര്‍പ്പിക്കും. പാലക്കാട് മെത്രാൻ മാര്‍ ജേക്കബ് മനത്തോടത്ത്, തിരുവനന്തപുരം അതിരൂപതയുടെ മെത്രാപ്പോലീത്താ ഡോ. സൂസപാക്യം, തമിഴ്നാട് കത്തോലിക്കാ മെത്രാൻസമിതിയുടെ അദ്ധ്യക്ഷൻ ബിഷപ്പ് ഡോ. പീറ്റർ റെമിജിയൂസ് എന്നിവര്‍ സന്ദേശം നല്കും.



RV/TG







All the contents on this site are copyrighted ©.