2014-02-14 17:33:08

കൂടുതൽ നീതിയുക്തമായ സമൂഹനിർമ്മിതിക്കുവേണ്ടി ക്രൈസ്തവരും ജൂതരും കൈകോർത്തു പ്രവർത്തിക്കണമെന്ന് പാപ്പ


14 ഫെബ്രുവരി 2014,വത്തിക്കാൻ
കൂടുതൽ നീതിയുക്തമായ സമൂഹനിർമ്മിതിക്കുവേണ്ടി ക്രൈസ്തവരും ജൂതരും കൈകോർത്തു പ്രവർത്തിക്കണമെന്ന് പാപ്പ. വ്യാഴാഴ്ച രാവിലെ അമേരിക്കൻ ജൂത സമിതി അംഗങ്ങളുമായി നടത്തിയ കൂടിക്കാഴ്ച്ചയിലാണ് മാർപാപ്പ ഇപ്രകാരം പ്രസ്താവിച്ചത്. ക്രൈസ്തവരും ജൂതരും തമ്മിലുള്ള ഐക്യത്തിന്‍റെ ദൈവശാസ്ത്ര മാനങ്ങളെക്കുറിച്ച് മതാന്തര സംവാദത്തെ സംബന്ധിച്ച ‘Nostra Aetate’ എന്ന രണ്ടാം വത്തിക്കാൻ സൂന്നഹദോസ് പ്രമാണ രേഖയെ ആസ്പദമാക്കി മാർപാപ്പ വിശദീകരിച്ചു. പരസ്പരം ആദരിക്കാനും അംഗീകരിക്കാനുമുള്ള ആഗ്രഹത്തേക്കാളുപരിയായി, ഇരു മതസ്ഥർക്കും ദൈവവുമായുള്ള ബന്ധമാണ് അവരുടെ ഐക്യത്തിനും സാഹോദര്യത്തിനും നിദാനം. ഇരു മതസ്ഥരും തമ്മിലുള്ള ഐക്യവും സൗഹാർദവും വരും തലമുറകളിലേക്ക് കൈമാറേണ്ടതിന്‍റെ ആവശ്യകതയെക്കുറിച്ചും പാപ്പ തന്‍റെ സന്ദേശത്തില്‍ പരാമർശിച്ചു. കത്തോലിക്കാ സെമിനാരികളിലും അൽമായ പരീശീലന കേന്ദ്രങ്ങളിലും ജൂതമതവുമായുള്ള മതാന്തര സംവാദത്തെക്കുറിച്ച് പഠിപ്പിക്കണമെന്ന് നിർദേശിച്ച പാപ്പ, യുവ യഹൂദ റബ്ബിമാർ ക്രൈസ്തവ മതവിശ്വാസത്തെക്കുറിച്ച് മനസിലാക്കാൻ ശ്രമിക്കുന്നതും നന്നായിരിക്കുമെന്ന് അഭിപ്രായപ്പെട്ടു.
മെയ് 24 മുതൽ 26വരെ വിശുദ്ധ നാട്ടിലേക്ക് തീർത്ഥാടനം നടത്തുന്നതിനെക്കുറിച്ച് സംഭാഷണത്തില്‍ സൂചിപ്പിച്ച പാപ്പ, ഈ തീർത്ഥാടനം ഐക്യത്തിന്‍റേയും പ്രത്യാശയുടേയും സമാധാനത്തിന്‍റേയും ഫലമേകുവാൻ വേണ്ടി പ്രാർത്ഥിക്കണമെന്നും ജൂത പ്രതിനിധികളോട് അഭ്യർത്ഥിച്ചു.

Reported: Vatican Radio, TG








All the contents on this site are copyrighted ©.