2014-02-14 17:32:50

അർജ്ജന്‍റീനിയൻ അഭയാർത്ഥികളുമായി പാപ്പായുടെ സൗഹൃദകൂടിക്കാഴ്ച്ച


14 ഫെബ്രുവരി 2014,വത്തിക്കാൻ
സ്വീഡനിൽ അഭയാർത്ഥി ജീവിതം നയിക്കുന്ന രണ്ട് അർജ്ജന്‍റീനിയൻ സഹോദരങ്ങളുമായി ഫ്രാൻസിസ് മാർപാപ്പ കൂടിക്കാഴ്ച്ച നടത്തി. പേപ്പൽ വസതിയായ സാന്താ മാർത്താ മന്ദിരത്തില്‍ ബുധനാഴ്ച വൈകീട്ടായിരുന്നു കൂടിക്കാഴ്ച്ച. കാർലോസ് ലൂന, റൊഡോൾഫ് ലൂന എന്നീ സഹോദരങ്ങളുമായി പാപ്പായുടെ കൂടിക്കാഴ്ച്ച ഒരു മണിക്കൂറോളം നീണ്ടു. അവരിലൊരാളുടെ ഭാര്യയേയും (എസ്തെർസിത്ത) ഭാര്യാമാതാവിനേയും (എസ്തെർ ബലെസ്ത്രിനോ ദെ കരെയാഗ) മാർപാപ്പയ്ക്ക് നേരിട്ടറിയാമായിരുന്നു. ഈശോസഭയില്‍ പ്രവേശിക്കുന്നതിനു മുൻപ് ഒരു കെമിക്കൽ ലാബിൽ ഹോർഗെ ബെർഗോളിയോ ജോലി ചെയ്തിരുന്ന കാലത്ത് എസ്തെർ ബലെസ്ത്രിനോ ദെ കരെയാഗ അദ്ദേഹത്തിന്‍റെ മേലധികാരിയായിരുന്നു. അർജ്ജന്‍റീനയിലെ സ്വേച്ഛാധിപത്യകാലത്ത് രണ്ട് ഫ്രഞ്ച് കന്യാസ്ത്രികൾക്കൊപ്പം ബന്ധിയാക്കപ്പെടുകയും പിന്നീട് കൊല്ലപ്പെടുകയും ചെയ്ത പരാഗ്വേസ്വദേശിനിയാണ് ഈ സ്ത്രീ. ബ്യൂനസ് എയിരെസില്‍ ലൂനാ സഹോദരർക്ക് നേരിട്ടറിയാവുന്ന ചില വ്യക്തികളുമായി തനിക്കുള്ള സൗഹൃദ ബന്ധത്തെക്കുറിച്ചും പാപ്പ സംഭാഷണത്തില്‍ പരാമർശിച്ചു.
ലൂനാ സഹോദരൻമാർക്ക് രാഷ്ട്രീയ അഭയം നൽകിയ സ്വീഡിഷ് സർക്കാരിനെ പ്രശംസിച്ച പാപ്പ അഭയാർത്ഥിക്ഷേമത്തിനു വേണ്ടി സ്വീഡൻ കൈകൊണ്ടിരിക്കുന്ന നടപടികൾ അനുമോദനാഹർമാണെന്ന് അഭിപ്രായപ്പെടുകയും ചെയ്തു. ക്രമേണ അഭയാർത്ഥി പ്രശ്നങ്ങളിലേക്ക് സംഭാഷണം ഗതിമാറി. ഇറ്റലിയിലെ ലാമ്പെദൂസാ ദ്വീപിലേക്ക് താൻ നടത്തിയ സന്ദർശനത്തെക്കുറിച്ച് പാപ്പ തദവസരത്തില്‍ അനുസ്മരിച്ചു. അഭയാർത്ഥികൾക്ക് വേണ്ടത്ര ശ്രദ്ധയും പരിഗണനയും ലഭിക്കാത്തതില്‍ കുണ്ഠിതം രേഖപ്പെടുത്തിയ പാപ്പ നിസംഗതയുടെ ആഗോളവത്കരണത്തെ മറികടന്ന് കരുതലിന്‍റേയും കാരുണ്യത്തിന്‍റേയും സംസ്കൃതി രൂപപ്പെടുത്തേണ്ടതിന്‍റെ അനിവാര്യതയെക്കുറിച്ച് പ്രതിപാദിച്ചു. അഭയാർത്ഥികളുടെ ക്ഷേമത്തിനുവേണ്ടി പരിശുദ്ധസിംഹാസനം നടത്തുന്ന ശുശ്രൂഷകള്‍, വിശിഷ്യാ നീതി സമാധാന കാര്യങ്ങൾക്കുവേണ്ടിയുള്ള പൊന്തിഫിക്കൽ കൗൺസിൽ, സാമൂഹ്യ ശാസ്ത്ര പൊന്തിഫിക്കൽ അക്കാഡമി എന്നിവ മുഖാന്തരം നടത്തിവരുന്ന അഭയാർത്ഥി ക്ഷേമ പരിപാടികൾ അഭയാർത്ഥികളുടെ വേദനയോട് പരിശുദ്ധസിംഹാസനത്തിനുള്ള ശ്രദ്ധയും കരുതലുമാണ് വെളിപ്പെടുത്തുന്നതെന്നും പാപ്പ പ്രസ്താവിച്ചു.

Reported: Vatican Radio, TG








All the contents on this site are copyrighted ©.