2014-02-12 16:34:54

തിരുക്കച്ചയുടെ പ്രദര്‍ശനം
പാപ്പാ പങ്കെടുക്കും


12 ഫെബ്രുവരി 2014, ഇറ്റലി
പാപ്പാ ഫ്രാന്‍സിസ് ട്യൂറിനിലെ തിരുക്കച്ച സന്ദര്‍ശിക്കുമെന്ന്, സ്ഥലത്തെ മെത്രാപ്പോലീത്താ ആര്‍ച്ചുബിഷപ്പ് ചെസാരെ നൊസാലിയ അറിയിച്ചു. 2015 ഏപ്രില്‍ 5-ന് ഈസ്റ്റര്‍ദിനത്തില്‍ വടക്കെ ഇറ്റലിയിലെ ട്യൂറിന്‍ കത്തിഡ്രലില്‍ ആരംഭിക്കുന്ന ക്രിസ്തുവിന്‍റെ പ്രതിച്ഛായ പതിഞ്ഞ തിരുക്കച്ചയുടെ പ്രദര്‍ശനത്തിലും, നഗരം ആഘോഷിക്കുന്ന വിശുദ്ധ ജോണ്‍ ബോസ്ക്കോയുടെ ശതാബ്ധി ആഘോഷങ്ങളിലും പാപ്പാ ഫ്രാന്‍സിസ് പങ്കെടുക്കുമെന്ന് ഫെബ്രുവരി 11-ന് പുറത്തിറക്കിയ പ്രസ്താവനയിലൂടെ ആര്‍ച്ചുബിഷപ്പ് നൊസാലിയ വെളിപ്പെടുത്തി.

സാമൂഹ്യ-സഭാ പ്രതിനിധികളെ ഉള്‍പ്പെടുത്തി രൂപീകരിച്ച പ്രവര്‍ത്തന കമ്മിറ്റിയും, കൗണ്‍സിലും ഉത്ഘാടനംചെയ്തുകൊണ്ടാണ് തിരുക്കച്ചയുടെ പ്രദര്‍ശനം, ഡോണ്‍ ബോസ്ക്കോയുടെ ശതാബ്ദി ആഘോഷം എന്നീ പരിപാടികള്‍ക്ക് ട്യൂറിന്‍ നഗരം ഒരുക്കമാരംഭിച്ചതെന്നും പ്രസ്താവന വ്യക്തമാക്കി. ട്യൂറിന്‍ അതിരൂപതാ മെത്രാപ്പോലീത്ത ആര്‍ച്ചുബിഷപ്പ് ചെസ്സാരെ, നൊസീലിയ, പിയെഡ്മോണ്ട് പ്രവിശ്യയുടെ പ്രസിഡന്‍റ് റൊബേര്‍ത്തോ കോസ്താ, ട്യൂറിന്‍റെ മേയര്‍ പിയെരോ ഫസ്സീനോ, ട്യൂറിനിലെ സലീഷ്യന്‍ പ്രൊവിന്‍ഷ്യല്‍ ഡോണ്‍ അന്തോണിയോ സായിത്താ തുടങ്ങിയ പ്രമുഖര്‍ പാപ്പായുടെ സന്ദര്‍ശന പരിപാടികള്‍ക്കും, തിരുക്കച്ചയുടെ പ്രദര്‍ശന സംവിധാനങ്ങള്‍ക്കും നേതൃത്വംനല്കുമെന്ന് ട്യൂറിന്‍ അതിരൂപതയുടെ പ്രസ്താവന അറിയിച്ചു.

13-ാം നൂറ്റാണ്ടില്‍ ഫ്രാന്‍സില്‍ കണ്ടെത്തിയ തിരുക്കച്ച നീണ്ട ചരിത്രകാലയളവില്‍ വിമര്‍ശനത്തിനും വില്പനയ്ക്കും, ചിലപ്പോള്‍ കീഴ്പ്പെടുത്തലുകള്‍ക്കും വിധേയമായി. 15-ാം നൂറ്റാണ്ടിന്‍റെ ആരംഭിത്തിലാണ് സാവോയ് പ്രഭുകുടുംബത്തിലൂടെ തിരുക്കച്ച ട്യൂറിനില്‍ എത്തിയത്. നീണ്ടുവെളുത്ത കച്ചയില്‍ രക്തക്കറ പുരണ്ട് പതിഞ്ഞിരിക്കുന്ന അതികായനായ മനുഷ്യന്‍റെ സന്ദിഗ്ദ്ധമായ ചിത്രം നസ്രായനായ ക്രിസ്തുവിന്‍റേതാണെന്ന നിഗമനത്തിന് നൂറ്റാണ്ടുകളുടെ പഴക്കമുണ്ട്. ചരിത്രകരാന്മാരെയും ഗവേഷകരെയും ദൈവശാസ്ത്രജ്ഞന്മാരെയും ഒരുപോലെ അമ്പരപ്പിച്ചിട്ടുള്ള ചിത്രം ആധുനിക ശാസ്ത്രത്തിന്‍റെയും വിവാദവസ്തുവാണ്.

1958-ല്‍ 12-ാം പിയൂസ് പാപ്പായാണ് ക്രിസ്തുവിന്‍റെ തിരുമുഖത്തിന്‍റെ ഭക്തിയായി ട്യൂറിനിലെ തിരുക്കച്ചയെ വിശേഷിപ്പിച്ചുകൊണ്ട് തിരുക്കച്ചയുടെ ആദ്യ പൊതുപ്രദര്‍ശനത്തിനു തുടക്കമിട്ടത്. പ്രദര്‍ശനത്തിന് ഒരുക്കവെ വിശദമായി അത് ക്യാമറയില്‍ പകര്‍ത്തിയപ്പോള്‍, നെഗറ്റീവ് ഫിലിമില്‍ ക്രിസ്തുവിന്‍റെ മുഖച്ഛായോടുള്ള സാമ്യം കൂടുതല്‍ വ്യക്തമായത് അതിന്‍റെ പ്രദര്‍ശനത്തിനും ലോകമെമ്പാടുമുള്ള വണക്കത്തിനും ആക്കംകൂട്ടി.

2000-ാമാണ്ട് ജൂബിലി വര്‍ഷത്തില്‍ സംഘടിപ്പിച്ച തിരുക്കച്ചയുടെ പ്രദര്‍ശനത്തില്‍ ജോണ്‍ പോള്‍ രണ്ടാമന്‍ പാപ്പാ പങ്കെടുത്തു.

2009-ല്‍ ട്യൂറിന്‍ സന്ദര്‍ശിച്ച ബനഡിക്ട് 16-ാമന്‍ പാപ്പാ തിരുക്കച്ച വണങ്ങുകയും, അതിനെ ക്രിസ്തുവിന്‍റെ പുരാതന Icon-നെന്നു വിശേഷിപ്പിക്കുകയുംചെയ്തു..
_____________________
Report: Nellikal, sedoc








All the contents on this site are copyrighted ©.