2014-02-11 17:07:13

രോഗികൾക്കുവേണ്ടി പാപ്പായുടെ ശബ്ദമുയരുന്നു


11 ഫെബ്രുവരി 2014, വത്തിക്കാൻ
സാർവ്വത്രിക സഭ ലോക രോഗീദിനമായി ആചരിക്കുന്ന ഫെബ്രുവരി 11ന് രോഗികൾക്കുവേണ്ടി ഫ്രാൻസിസ് പാപ്പായുടെ ട്വീറ്റ്. “രോഗികൾക്കും വേദനയില്‍ കഴിയുന്നവർക്കും സ്നേഹാശംസകൾ, ക്രൂശിതനായ ക്രിസ്തു നിങ്ങളുടെ ചാരെയുണ്ട്. ക്രിസ്തുവിനെ മുറുകെ പിടിക്കുക.” എന്നാണ് പാപ്പ ട്വിറ്ററില്‍ കുറിച്ചിരിക്കുന്നത്.

ഇക്കഴിഞ്ഞ ഞായറാഴ്ച നൽകിയ ത്രികാല പ്രാർത്ഥനാ സന്ദേശത്തിലും രോഗികളുടെ വേദനയെക്കുറിച്ചും അവർക്കു ലഭിക്കേണ്ട സ്നേഹ ശുശ്രൂഷയെക്കുറിച്ചും മാർപാപ്പ പ്രതിപാദിച്ചിരുന്നു. ലൂർദു മാതാവിന്‍റെ തിരുന്നാൾ ദിനമായ ഫെബ്രുവരി 11ന് കത്തോലിക്കാ സഭ ലോക രോഗീ ദിനം ആചരിക്കുന്ന കാര്യം അനുസ്മരിച്ചു കൊണ്ട് സംസാരിച്ചു തുടങ്ങിയ പാപ്പ, ഈ ദിനാചരണത്തിന്‍റെ പ്രസക്തിയെക്കുറിച്ച് തദവസരത്തില്‍ പരാമർശിച്ചു. രോഗികൾ ശ്രദ്ധാകേന്ദ്രമായി മാറുന്ന ദിനമാണ് ലോക രോഗീ ദിനം. രോഗികകളെക്കുറിച്ച് ചിന്തിക്കാനും അവർക്കുവേണ്ടി പ്രാർത്ഥിക്കാനും, അവരോടൊപ്പമായിരിക്കാനും വേണ്ടിയുള്ള അവസരം. “ക്രിസ്തു സ്വന്തം ജീവൻ നമുക്കുവേണ്ടി പരിത്യജിച്ചു എന്നതില്‍ നിന്നും സ്നേഹം എന്തെന്ന് നാമറിയുന്നു. നമ്മളും സഹോദരർക്കുവേണ്ടി ജീവൻ പരിത്യജിക്കാൻ കടപ്പെട്ടിരിക്കുന്നു” (1യോഹ 3,16) എന്ന വിശുദ്ധഗ്രന്ഥ ഭാഗമാണ് ഇക്കൊല്ലത്തെ ലോക രോഗീദിനാചരണ സന്ദേശത്തിനു പ്രചോദനം. രോഗികളോട്, എല്ലാ വിധത്തിലുള്ള രോഗികളോട് ക്രിസ്തുവിനുണ്ടായിരുന്ന സമീപനം നാമും അനുകരിക്കണം. രോഗികളുടെ വേദനയില്‍ പങ്കുചേർന്ന് അവരെ പരിചരിക്കുന്ന, അവരുടെ ഹൃദയങ്ങളില്‍ പ്രത്യാശപകരുന്നവനാണ് ക്രിസ്തുനാഥൻ.

രോഗീ ശുശ്രൂഷയില്‍ മുഴുകിയിരിക്കുന്ന ആതുര സേവകരെക്കുറിച്ചും പാപ്പ തദവസരത്തില്‍ പരാമർശിച്ചു. അമൂല്യമായ ശുശ്രൂഷയാണ് അവർ നിർവഹിക്കുന്നത്. ശാരീരിക വൈഷമ്യങ്ങളനുഭവിക്കുന്ന വ്യക്തികളുമായി എന്നും കൂടിക്കാഴ്ച്ച നടത്തുകയും, അവരെ ശുശ്രൂഷിക്കുകയും, അവർക്കാവശ്യമായ സഹായങ്ങള്‍ ചെയ്തുകൊടുക്കുകയും ചെയ്യുന്നവരാണ് ആതുര സേവകർ. ഒരു വ്യക്തിയുടെ അന്തസ് നിർണ്ണയിക്കേണ്ടത് വ്യക്തിയുടെ ശേഷികളോ കഴിവുകളോ നോക്കിയല്ല. ഒരു വ്യക്തിയുടെ കഴിവുകൾ കുറയുകയോ, ശേഷികൾ നഷ്ടപ്പെടുകയോ, അംഗവൈകല്യം സംഭവിക്കുകയോ ചെയ്താലും ആ വ്യക്തിയുടെ അന്തസ്സിന് ഒരു കുറവും വരുന്നില്ല.
സ്വഭവനങ്ങളില്‍ രോഗികൾക്ക് ലഭിക്കേണ്ട സ്നേഹ ശുശ്രൂഷയെക്കുറിച്ചാണ് പാപ്പ തുടർന്ന് പ്രതിപാദിച്ചത്. ചില സാഹചര്യങ്ങളില്‍ അതു പ്രയാസകരമാണെന്ന് തനിക്കറിയാമെന്നും, ഇക്കാര്യത്തിലുള്ള കഷ്ടപ്പാടുകളും ബുദ്ധിമുട്ടുകളും വിവരിച്ചുകൊണ്ട് ഒരുപാടു പേർ തനിക്കെഴുതുന്നുണ്ടെന്നും പാപ്പ വെളിപ്പെടുത്തി. അത്തരം കുടുംബങ്ങൾക്ക് തന്‍റെ ആത്മീയ സാമീപ്യം ഉറപ്പു നൽകിയ പാപ്പ ബലഹീനതയെ ഭയപ്പെടരുതെന്നും അവരെ ഉത്ബോധിപ്പിച്ചു. ബലഹീനതയെ ഭയപ്പെടരുത്! സ്നേഹത്തോടെ പരസ്പരം സഹായിക്കുവിൻ, അങ്ങനെ ദൈവത്തിന്‍റെ സാന്ത്വന സാമീപ്യം അനുഭവിച്ചറിയൂ, എന്നായിരുന്നു പാപ്പായുടെ വാക്കുകൾ.

ഉദാരതയോടെ രോഗീശുശ്രൂഷയില്‍ ഏർപ്പെടുന്ന ക്രൈസ്തവ മനോഭാവം ലോകത്തിന്‍റെ പ്രകാശവും ഭൂമിയുടെ ഉപ്പുമാണ്. അപ്രകാരം ജീവിക്കാൻ പരിശുദ്ധകന്യകാ മറിയം നമ്മെ സഹായിക്കുകയും രോഗപീഡകളാൽ വലയുന്നവർക്ക് ശാന്തിയും സമാശ്വാസവും നൽകുകയും ചെയ്യുമാറാകട്ടെയെന്നും പാപ്പ പ്രാർത്ഥിച്ചു.

Reported: Vatican Radio, TG







All the contents on this site are copyrighted ©.