2014-02-11 17:07:23

മുൻപാപ്പയ്ക്കുവേണ്ടി ഫ്രാൻസിസ് പാപ്പായുടെ പ്രാർത്ഥനാഭ്യർത്ഥന


11 ഫെബ്രുവരി 2014, വത്തിക്കാൻ
ബെനഡിക്ട് പതിനാറാമൻ പാപ്പായ്ക്കുവേണ്ടി പ്രാർത്ഥിക്കാൻ ഫ്രാൻസിസ് പാപ്പായുടെ അഭ്യർത്ഥന. മുൻപാപ്പ ബെനഡിക്ട് പതിനാറാമന്‍ സ്ഥാനത്യാഗ പ്രഖ്യാപനം നടത്തിയതിന്‍റെ പ്രഥമ വാർഷികത്തില്‍, (ഫെബ്രുവരി 11ന്) പങ്കുവയ്ച്ച ട്വീറ്റിലൂടെയാണ് തന്‍റെ മുൻഗാമിക്കുവേണ്ടി പ്രാർത്ഥിക്കാൻ ഫ്രാൻസിസ് പാപ്പ ലോകത്തെ ഒരിക്കൽ കൂടി ക്ഷണിച്ചത്. അനിതരസാധാരണമായ ധൈര്യവും എളിമയുമുള്ള വ്യക്തിയെന്നാണ് മുൻപാപ്പ ബെനഡിക്ട് പതിനാറാമനെ ഫ്രാൻസിസ് പാപ്പ ട്വീറ്റിൽ വിശേഷിപ്പിച്ചിരിക്കുന്നത്.

മാർപാപ്പയായി സ്ഥാനമേറ്റ ദിനം മുതൽ നിരവധി തവണ ബെനഡിക്ട് പാപ്പായ്ക്കുവേണ്ടി പ്രാർത്ഥിക്കാൻ ഫ്രാൻസിസ് പാപ്പ ആഹ്വാനം ചെയ്തിട്ടുണ്ട്. അദ്ദേഹത്തിന്‍റെ ധീരതയേയും എളിമയേയും കുറിച്ച് നിരവധി തവണ സംസാരിച്ചിട്ടുമുണ്ട്. വത്തിക്കാനില്‍ ഫ്രാൻസിസ് പാപ്പായുടെ വസതിയായ സാന്താ മാർത്താ മന്ദിരത്തില്‍ നിന്നും അധികം അകലെയല്ലാത്ത മാത്തെർ എക്ലേസിയ ആശ്രമത്തില്‍ കഴിയുന്ന മുൻപാപ്പായുമായി നല്ല സമ്പർക്കം പുലർത്തുന്നുണ്ട് ഫ്രാൻസിസ് മാർപാപ്പ. സാധിക്കുമ്പോഴൊക്കെ ഇരുവരും നേരിൽ കാണുകയോ, ഫോണില്‍ സംസാരിക്കുകയോ, സന്ദേശങ്ങൾ കൈമാറുകയോ ചെയ്യുന്നത് പതിവാണ്. ഇരുവരും തമ്മിലുള്ള സാഹോദര്യവും സൗഹൃദവും അതീവഹൃദ്യമാണെന്ന് വത്തിക്കാൻ വക്താവ് ഫാ.ഫെദറിക്കോ ലൊംബാർദി അഭിപ്രായപ്പെട്ടു.

Reported: Vatican Radio, TG







All the contents on this site are copyrighted ©.