2014-02-11 17:08:01

പതിനൊന്നാം പീയൂസ് പാപ്പായുടെ 75ാം ചരമവാർഷികം


11 ഫെബ്രുവരി 2014, വത്തിക്കാൻ
പ്രതിസന്ധികളില്‍ പതറാതെ കത്തോലിക്കാ സഭയ്ക്ക് ധീരമായ നേതൃത്വം നൽകിയ മഹത് വ്യക്തിത്വമായിരുന്നു പതിനൊന്നാം പീയൂസ് പാപ്പായെന്ന് മിലാൻ സർവ്വകലാശാലയിലെ ചരിത്രവിദഗ്ദൻ ഡോ.അഗസ്റ്റിൻ ജ്യൊവാൻഞ്യൊലി. മാർപാപ്പയുടെ 75ാം ചരമ വാർഷികത്തോടനുബന്ധിച്ച് വത്തിക്കാൻ റേഡിയോയ്ക്ക് അനുവദിച്ച അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. പരിശുദ്ധസിംഹാസനം ഇറ്റലിയുടേയും ഇറ്റലി പരിശുദ്ധസിംഹാസനത്തിന്‍റേയും രാഷ്ട്രാധികാരം അംഗീകരിച്ചുകൊണ്ടുള്ള ഉടമ്പടിയില്‍ ഒപ്പിട്ടത് പതിനൊന്നാം പീയൂസ് പാപ്പായുടെ കാലത്താണ്. ഇറ്റാലിയൻ രാഷ്ട്രത്തെ അംഗീകരിച്ചെങ്കിലും മതസ്വാതന്ത്ര്യത്തിനുമേൽ രാഷ്ട്രത്തിന്‍റെ കടന്നുകയറ്റത്തിനെതിരേ പാപ്പ ശക്തമായ നിലപാടു സ്വീകരിച്ചുവെന്ന് ഡോ. ജ്യൊവാൻഞ്യൊലി പ്രസ്താവിച്ചു. അനുരജ്ഞനം എന്ന ക്രിസ്തീയ പുണ്യം യാഥാർത്ഥവത്കരിക്കാനും അതേസമയം സഭാ ജീവിതത്തില്‍ രാഷ്ട്രത്തിന്‍റെ കടന്നുകയറ്റം ചെറുത്തുനിൽക്കാനും ധൈര്യം കാണിച്ച ശ്രേഷ്ഠ നേതാവായിരുന്നു പതിനൊന്നാം പീയൂസ് പാപ്പായെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. സമ്പർക്ക മാധ്യമ ലോകത്തോടു പാപ്പാ പ്രകടമാക്കിയ തുറവിന്‍റെ ഉത്തമ ഉദാഹരണമാണ് 1931ല്‍ വത്തിക്കാൻ റേഡിയോ നിലയത്തിന്‍റെ ഉദ്ഘാടനമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

1939 ഫെബ്രുവരി 10ന് കാലം ചെയ്ത പതിനൊന്നാം പീയൂസ് പാപ്പായുടെ എഴുപത്തിയഞ്ചാം ചരമവാർഷികമായിരുന്നു 10ാം തിയതി തിങ്കളാഴ്ച. 1857 മെയ് 3ന് മൊൻസാ പ്രവിശ്യയിലെ ദേസ്യോയില്‍ ജനിച്ച അദ്ദേഹം, വിവിധ അജപാലന മേഖലകളില്‍ വൈദിക ശുശ്രൂഷനിർവഹിച്ചിട്ടുണ്ട്. അജപാലന രംഗത്തും നയതന്ത്ര രംഗത്തും സുത്യർഹമായ വിധത്തില്‍ സേവനമേകിയ അദ്ദേഹം മിലാൻ അതിരൂപതയുടെ മെത്രാപ്പോലീത്തായായി ശുശ്രൂഷചെയ്യുമ്പോഴാണ് 1922ല്‍ മാർപാപ്പയായി തിരഞ്ഞെടുക്കപ്പെട്ടത്. നീണ്ട 17 വർഷക്കാലം പേപ്പൽശുശ്രൂഷയിലൂടെ അദ്ദേഹം സാർവ്വത്രിക സഭയെ നയിച്ചു.


Reported: Vatican Radio, TG








All the contents on this site are copyrighted ©.