2014-02-10 16:03:26

ലോകത്തിന്‍റെ പ്രകാശവും ഭൂമിയുടെ ഉപ്പും


(ഫെബ്രുവരി 9ാം തിയതി ഞായറാഴ്ച്ച മാർപാപ്പ നൽകിയ ത്രികാല പ്രാർത്ഥനാ സന്ദേശം)

പ്രിയ സഹോദരീ സഹോദരൻമാരേ സുപ്രഭാതം,

സുവിശേഷ ഭാഗ്യങ്ങൾക്കു ശേഷം വരുന്ന സുവിശേഷ ഭാഗമാണ് ഞായറാഴ്ച ദിവ്യബലിയില്‍ നാം വായിച്ചത്. “നിങ്ങൾ ലോകത്തിന്‍റെ പ്രകാശവും... ഭൂമിയുടെ ഉപ്പുമാണ്” (മത്താ5,13,14). സാധാരണക്കാരായ തന്‍റെ ശിഷ്യരോടാണ് ക്രിസ്തു ഇങ്ങനെ പറയുന്നതെന്നു കാണുമ്പോൾ നാം ആശ്ചര്യപ്പെടും. എളിയ മനുഷ്യരായ മീൻപിടുത്തക്കാരെ, ലോകത്തിന്‍റെ പ്രകാശവും ഭൂമിയുടെ ഉപ്പുമെന്നു ക്രിസ്തു വിശേഷിപ്പിക്കുന്നു. കാരണം, ദൈവത്തിന്‍റെ കണ്ണിലൂടെയാണ് ക്രിസ്തു അവരെ കാണുന്നത്. സുവിശേഷ ഭാഗ്യങ്ങളുടെ തുടർച്ചയായാണ് ക്രിസ്തു ഈ പ്രസ്താവന നടത്തുന്നതെന്നും ശ്രദ്ധേയമാണ്. നിങ്ങൾ ആത്മാവില്‍ ദരിദ്രരാണെങ്കില്‍, ഹൃദയ വിശുദ്ധിയുള്ളവരാണെങ്കിൽ, ശാന്തശീലരാണെങ്കിൽ, കരുണയുള്ളവരാണെങ്കിൽ....... നിങ്ങൾ ഭൂമിയുടെ ഉപ്പും, ലോകത്തിന്‍റെ പ്രകാശവുമായിത്തീരുമെന്നാണ് ക്രിസ്തു പറയുന്നത്.

ഹെബ്രായ പാരമ്പര്യത്തെക്കുറിച്ച് മനസിലാക്കിയെങ്കില്‍ മാത്രമേ ഭൂമിയുടെ ഉപ്പും, ലോകത്തിന്‍റെ പ്രകാശവുമെന്ന് പറയുന്നതിന്‍റെ സാംഗത്യം പൂർണ്ണമായും വ്യക്തമാകൂ. ദൈവത്തിനു സമർപ്പിക്കുന്ന കാഴ്ച്ച വസ്തുക്കളിലെല്ലാം ദൈവിക ഉടമ്പടിയുടെ അടയാളമായി, സ്വൽപം ഉപ്പ് ഇടണമെന്ന് ഹെബ്രായ നിയമം നിഷ്കർഷിക്കുന്നു. പ്രകാശമാകട്ടെ, വിജാതീയ ശക്തികളുടെ അന്ധകാരത്തിനുമേൽ വിജയം നേടുന്ന മിശിഹായെക്കുറിച്ചുള്ള വെളിപാടിന്‍റെ അടയാളമാണ്.
പുതിയ ഇസ്രായേലായ ക്രൈസ്തവരാണ് സകല മനുഷ്യർക്കും വേണ്ടി ഇന്ന് ഈ ദൗത്യം സ്വീകരിക്കുന്നത്. വിശ്വാസവും ഉപവിയും വഴിയായി മനുഷ്യകുലത്തെ വഴിനയിക്കാനും, വിശുദ്ധീകരിക്കാനും, ഫലദായകമാക്കാനും വിളിക്കപ്പെട്ടിരിക്കുന്നവരാണ് ക്രൈസ്തവർ. ജ്ഞാനസ്നാനം സ്വീകരിച്ച നാമേവരും ക്രിസ്തു ശിഷ്യരായ പ്രേഷിതരാണ്. ഈ ലോകത്തില്‍ ജീവിക്കുന്ന സുവിശേഷമാകാനും, വിശുദ്ധമായ ജീവിതം കൊണ്ട് വിവിധ ജീവിതമേഖലകൾക്ക് രുചി പകരാനും, സമൂഹം ജീർണ്ണിക്കാതെ സംരക്ഷിക്കാനും വിളിക്കപ്പെട്ടിരിക്കുന്നവരാണ് നാം. സത്യസന്ധമായി സ്നേഹത്തിന്‍റെ സാക്ഷ്യം നൽകികൊണ്ട് ക്രിസ്തുവിന്‍റെ പ്രകാശം ലോകത്തിനേകുക എന്ന ദൗത്യവും നമുക്കുണ്ട്. പക്ഷേ, ക്രൈസ്തവരായ നമ്മുടെ രുചി നഷ്ടമായാൽ, പ്രത്യാശ അസ്തമിച്ചാൽ, നമ്മുടെ പ്രവർത്തന ക്ഷമതയും നഷ്ടമായിപോകും. ലോകത്തിനു പ്രകാശം നൽകുക എന്നത് എത്ര മനോഹരമായ ദൗത്യമാണ്. നമുക്കു ലഭിച്ചിരിക്കുന്ന അതിമനോഹരമായ ദൗത്യമാണത്. ക്രിസ്തു നൽകിയ പ്രകാശം, കാത്തു സംരക്ഷിക്കുകയെന്നതും സുപ്രധാനമായ ഒരു ദൗത്യം തന്നെയാണ്. പ്രകാശമുള്ള, പ്രകാശം പരത്തുന്ന വ്യക്തിത്വങ്ങളായിരിക്കണം ക്രൈസ്തവർ. എന്നാൽ ഈ പ്രകാശം തന്നിൽ നിന്നും വരുന്നതല്ലെന്നും ക്രിസ്തുവിന്‍റേതാണെന്നുമുള്ള ബോധ്യം നമുക്കുണ്ടായിരിക്കണം.
ക്രിസ്തുവിലൂടെ ദൈവം നൽകുന്ന ദാനമാണ് നമുക്കു നൽകപ്പെട്ടിരിക്കുന്ന ഈ പ്രകാശം. ക്രിസ്തു നൽകുന്ന പ്രകാശത്തിന്‍റെ വാഹകരാണ് നമ്മൾ. ഈ വെളിച്ചം കെടുത്തിക്കളഞ്ഞാൽ ക്രിസ്ത്യാനിയുടെ ജീവിതം അർത്ഥശൂന്യമാകും. പേരിൽ മാത്രം ക്രിസ്ത്യാനിയായി, അർത്ഥശൂന്യമായ ജീവിതം നയിക്കുന്ന അത്തരക്കാർ പ്രകാശവാഹകരായിരിക്കില്ല.
നിങ്ങളോടൊന്ന് ചോദിക്കട്ടെ, എങ്ങനെ ജീവിക്കാനാണ് നിങ്ങൾ ആഗ്രഹിക്കുന്നത്? തെളിച്ച വിളക്കുകളായി ജീവിക്കാനാണോ ? അണഞ്ഞുപോയ വിളക്കായി ജീവിക്കാനാണോ നിങ്ങൾ ആഗ്രഹിക്കുന്നത്. (ചോദ്യം ഒരിക്കൽ കൂടി മാർപാപ്പ ആവർത്തിച്ചപ്പോൾ തെളിയിച്ച വിളക്കായി ജീവിക്കാൻ ആഗ്രഹിക്കുന്നുവെന്ന് ജനം അത്യുച്ചത്തില്‍ മറുപടി പറഞ്ഞു.)

അതേ തെളിച്ച വിളക്ക്! തെളിച്ച വിളക്കായി ജീവിക്കേണ്ടവരാണ് നാം. ദൈവം നമുക്കു നൽകുന്ന ഈ വെളിച്ചം നാം അന്യരുമായി പങ്കുവയ്ക്കണം. തെളിച്ച വിളക്കുമായുള്ള ജീവിതമാണ് ക്രിസ്തീയ ജീവിതം.

Source: Vatican Radio, TG







All the contents on this site are copyrighted ©.