2014-02-08 15:13:47

ബ്യൂനസ് എയിരെസിൽ അഗ്നിബാധ: പാപ്പായുടെ അനുശോചനം


07 ഫെബ്രുവരി 2014, വത്തിക്കാൻ
ബ്യൂനെസ് എയിരെസില്‍ ഒൻപതു പേരുടെ മരണത്തിനിടയാക്കിയ അഗ്നിബാധയില്‍ മാർപാപ്പ അനുശോചിച്ചു. നഗരത്തിന്‍റെ തെക്കുഭാഗത്ത് സ്ഥിതിചെയ്യുന്ന ബറാക്കാസ് എന്ന സ്ഥലത്തെ ഒരു കെട്ടിട സമുച്ചയത്തിലുണ്ടായ അഗ്നിബാധയില്‍ അഗ്നിശമനസേനാംഗങ്ങളടക്കം ഒൻപതു പേർ മരണമടഞ്ഞിരുന്നു. ഗുരുതരമായി പൊള്ളലേറ്റ ഏഴു പേർ അത്യാഹിത വിഭാഗത്തില്‍ ചികിത്സയിലാണ്.
ബ്യൂനസ് എയിരെസ് അതിരൂപതാധ്യക്ഷൻ ആർച്ചുബിഷപ്പ് മാരിയോ ഔറേലിയോ പോളിക്ക് അയച്ച അനുശോചന സന്ദേശത്തില്‍ മാർപാപ്പ അപകടത്തില്‍ ദുഃഖവും വേദനയും രേഖപ്പെടുത്തി. അപകടത്തിൽ മരിച്ചവരുടെ ആത്മശാന്തിക്കുവേണ്ടി പ്രാർത്ഥിച്ച പാപ്പ, ഗുരുതരാവസ്ഥയില്‍ കഴിയുന്നവർക്കും മരണമടഞ്ഞവരുടെ കുടുംബാംഗങ്ങൾക്കുമൊപ്പം തന്‍റെ ആത്മീയ സാമീപ്യവും പ്രാർത്ഥനയും ഉറപ്പുനൽകുകയും, അവരേവർക്കും തന്‍റെ അപ്പസ്തോലിക ആശീർവാദമേകുകയും ചെയ്തു. ബ്യൂനസ് എയിരെസിലെ ജനങ്ങളോട് തനിക്കുള്ള സ്നേഹവാത്സല്യത്തെക്കുറിച്ചും പാപ്പ തന്‍റെ സന്ദേശത്തില്‍ പരാമർശിച്ചിട്ടുണ്ട്. ആ നഗരവും നഗരവാസികളും തന്‍റെ ഹൃദയത്തിലെന്നുമുണ്ടെന്ന് മാർപാപ്പ അവരെ ഓർമ്മിപ്പിച്ചു.
Reported: Vatican Radio, TG







All the contents on this site are copyrighted ©.