2014-02-08 09:20:32

ദൈവം വിളിച്ച ജനത – ഇസ്രായേല്‍ (72)
പുറപ്പാടിന്‍റെ സംഗീത-കഥാവിഷ്ക്കാരം


RealAudioMP3
1. ഒരു ജനതയുടെ രൂപീകരണം
ആദിയിലുണ്ടായ മനുഷ്യസൃഷ്ടിക്കുശേഷം നൂറ്റാണ്ടുകള്‍ കടന്നുപോയി. കോടിക്കണക്കിനു മനുഷ്യര്‍ ഭൂമുഖത്തു പെരുകി. അവര്‍ നഗരങ്ങളുണ്ടാക്കി. രാഷ്ട്രങ്ങളുണ്ടാക്കി. ദൈവത്തോടു വിശ്വസ്തരായും മനസ്സാക്ഷിക്കൊത്തും ജീവിച്ചിരുന്ന നല്ല മനുഷ്യര്‍ കുറേപ്പേരെങ്കിലും എല്ലാ ജനതകളിലുമുണ്ടായിരുന്നു. എന്നാല്‍ പൂര്‍ണ്ണമായും ദൈവത്തോട് വിശ്വസ്തരായിരുന്നുവെന്ന് അവകാശപ്പെടാവുന്ന ഒരു ജനതയും ഭൂമുഖത്തില്ലായിരുന്നുതാനും.

ഏതാണ്ട് അറുന്നൂറ് വര്‍ഷക്കാലംകൊണ്ട് ദൈവം ഒരു ജനതയെ തനിക്കായി രൂപപ്പെടുത്തി. അവര്‍ തന്‍റേതായിരിക്കണമെന്നും, നന്മയുടെ പ്രായോജകരാകണമെന്നും അവിടുന്ന് ആഗ്രഹിച്ചു. ആ ജനത്തിന്‍റെ രൂപീകരണ കഥയാണ് പുറപ്പാട്. ‘ഇസ്രായേല്യര്‍’ എന്നായിരുന്നു ആ ജനത്തിന്‍റെ പേര്. അവര്‍ ദൈവത്തിന്‍റെ തിരഞ്ഞെടുക്കപ്പെട്ട ജനമായിരുന്നു – ഇസ്രായേല്‍!

Exodus IV sl. 17 ആദിയില്‍ ദൈവത്തോടൊത്തു വിസിച്ചൊരു..
നാദസ്വരൂപമേ, വിശ്വവിജ്ഞാനമേ
പൃഥിയെ സൃഷ്ടിച്ചു പാലിച്ചുപോരുന്ന
ത്രിത്വൈക ദൈവമേ, തവഗീതി പാടാം.
ഞങ്ങള്‍ തവഗീതി പാടാം.

യാക്കോബിന്‍റെ സന്തതികള്‍ ഈജിപ്തിലെ ഗോഷനില്‍ പെരുകി വര്‍ദ്ധിച്ചു. ആദ്യമെത്തിയത് ഇളയപുത്രന്‍ ജോസഫായിരുന്നു. ജോസഫ് സല്‍സ്വഭാവംകൊണ്ടും കഴിവുകൊണ്ടും ഫറവോയ്ക്ക് പ്രിയപ്പെട്ടവനായി. അയാളെ ഫറവോ ഈജിപ്തിലെ ഗവര്‍ണ്ണറാക്കി. ജോസഫ് അന്തരിച്ചു. തലമുറകള്‍ കടന്നുപോയി. ജോസഫിനെപ്പറ്റിയുള്ള ഓര്‍മ്മകള്‍ നിലനിന്ന കാലമത്രയും ഫറവോ രാജാക്കന്മാര്‍ ഇസ്രായേല്‍ക്കാരോട് അനുഭാവമുള്ളവരായിരുന്നു. എന്നാല്‍ കാലാന്തരത്തില്‍ ഫറവോ രാജാക്കന്മാര്‍ ഇസ്രായേല്യരോട് തീരെ കനിവില്ലാതെ പെരുമാറിത്തുടങ്ങി. അവര്‍ പെരുകിവര്‍ദ്ധിച്ചതും മറ്റുള്ളവരുടെ അസൂയയ്ക്ക് കാരണമായി. ഈജിപ്തിന്‍റെ സുരക്ഷയെക്കുറിച്ചുപോലും ഫറവോയ്ക്ക് അങ്ങനെ ഭയമായിത്തുടങ്ങി.

Exodus I sl. b ഈജിപ്തില്‍ വസിക്കും ഇസ്രായേല്യര്‍
ഫറവോയിന്‍ പീഡനത്തിന്‍ നുകം പേറി
അടിമകളായ് ആലംബഹീനരായ്
ആര്‍ദ്രമായ് കേണൂ, യാവേയിന്‍ കരുണയ്ക്കായ്.

കഠിനവേല ചെയ്യിച്ചും, പലപ്രകാരത്തില്‍ പീഡിപ്പിച്ചും, കുറെപ്പേരെ കൊന്നൊടുക്കിയും ഇസ്രായേല്‍ക്കാരുടെ പെരുപ്പം തടയാന്‍ ഫറവോ ശ്രമിച്ചു. അതുകൊണ്ടും പ്രയോജനമില്ലെന്നു കണ്ടപ്പോള്‍, പിന്നെ വേറൊരു തന്ത്രമാണ് പ്രയോഗിച്ചത്. ഇസ്രായേല്‍ക്കാര്‍ക്കു ജനിക്കുന്ന ആണ്‍കുഞ്ഞുങ്ങളെയെല്ലാം നൈല്‍നദിയില്‍ എറിഞ്ഞു കൊല്ലണമെന്ന് ഫറവോ കല്പനയിട്ടു.
അതിന്‍റെപേരില്‍ നടന്ന അനീതിക്കും അധിക്രമങ്ങള്‍ക്കും കൈയ്യും കണക്കുമില്ല.
എണ്ണമറ്റ ആണ്‍കുഞ്ഞുങ്ങള്‍ നൈല്‍നദിയില്‍ എറിയപ്പെട്ടു. ഇസ്രായേല്‍ വിലപിച്ചു.

Exodus I sl. c ദൈവിക സമൃദ്ധിയില്‍ വളരും ഇസ്രായേല്യരെ
ഇല്ലായ്മചെയ്യാന്‍ നിനച്ചു ഫറവോ
ആണായ്പ്പിറക്കും ഇസ്രായേല്‍ മക്കളെ
കൊല്ലുവാന്‍ കല്പനയേകി നൃപന്‍.

2. ജനത്തിനൊരു നായകന്‍
കാനാന്‍ ദേശത്തുനിന്നും ദൈവമാണ് ഇസ്രായേല്യരെ ഈജിപ്തിലേയ്ക്കു കൊണ്ടുവന്നത്. എന്നിട്ടും അവര്‍ അവിടെ മര്‍ദ്ദിക്കപ്പെടുകയാണ്. തങ്ങളുടെ രക്ഷയ്ക്കുള്ള മാര്‍ഗ്ഗം ദൈവം കാട്ടിത്തരും എന്നു വിശ്വസിച്ചും പ്രാര്‍ത്ഥിച്ചും ഇസ്രായേല്‍ ജനത കണ്ണുനീര്‍ വാര്‍ത്തു. അങ്ങനെയിരിക്കെ..... നദീതീരത്തു താമസിക്കുന്ന ഇസ്രായേല്‍ ഭവനത്തില്‍ ഒരാണ്‍കുഞ്ഞു ജനിച്ചു. കുഞ്ഞിന്‍റെ അമ്മ അവനെ മൂന്നുമാസം രഹസ്യമായി വളര്‍ത്തി. പിന്നെയും ഒളിച്ചു വളര്‍ത്താന്‍ സാദ്ധ്യമല്ലാതായപ്പോള്‍ അവള്‍ കുഞ്ഞിനെ നദിയില്‍ ഒഴുക്കിവിടാന്‍ തീരുമാനിച്ചു.

Exodus I sl. e ഒഴുകിയെത്തും കൃപാതിരേകം
രക്ഷതന്‍ നവധാരയായ്
നൈല്‍നദദിതന്‍ നീര്‍ധാരയില്‍
ജനിച്ചവന്‍ - ഇസ്രായേലിന്‍ രക്ഷകന്‍.
മോസസ്.... മോസസ്.....

വെള്ളം കേറാത്തവിധത്തില്‍ ഞാങ്കണകൊണ്ട് തൊട്ടിയുണ്ടാക്കി. കുഞ്ഞിനെ അവള്‍ അതില്‍ക്കിടത്തി. നദിയുടെ തീരത്ത് അധികം വെള്ളമില്ലാത്ത ഭാഗത്ത് അവള്‍ അത് കൊണ്ടുവച്ചു. വല്ലവിധത്തിലും തന്‍റെ മകന്‍ രക്ഷപ്പെട്ടെങ്കിലോ എന്നാശിച്ചാണ് ആ മാതാവ് അങ്ങനെ ചെയ്തത്.

പതിവനുസരിച്ച് ഫറവോയുടെ മകള്‍ തോഴിമാരോടൊപ്പം കുളിക്കാന്‍ പുഴക്കടവിലെത്തി. ആഴംകുറഞ്ഞ വെള്ളത്തില്‍ അതാ, ഒരു തൊട്ടി തേങ്ങിത്തേങ്ങി നീങ്ങുന്നതു കണ്ടപ്പോള്‍ അവര്‍ക്കു കൗതുകമായി.
അതു പിടിച്ചെടുക്കാന്‍ കൂടെയുണ്ടായിരുന്ന തോഴിമാരോട് രാജകുമാരി ആവശ്യപ്പെട്ടു. തോഴിമാര്‍ തൊട്ടി പിടിച്ച് കരയ്ക്കടുപ്പിച്ചു.
തൊട്ടി തുറന്നു നോക്കിയപ്പോള്‍, ദാ... ഒരു കുഞ്ഞ്, ഒരാണ്‍കുഞ്ഞ്! പിള്ളക്കച്ചയില്‍നിന്നും അവന്‍ ഇസ്രായേലിന്‍റെ പുത്രനാണെന്നു തിരിച്ചറിഞ്ഞിട്ടും രാജകുമാരിക്ക് അവനോട് അനുകമ്പതോന്നി. അവള്‍ അവനെ വാരിയെടുത്ത്, ഓമനിച്ചു, ഉമ്മവച്ചു. അവനെ എടുത്തു വളര്‍ത്താന്‍ത്തന്നെ തീരുമാനിച്ചു.

കുഞ്ഞിന്‍റെ സഹോദരി മറിയം തെല്ലകലെ ഞാങ്കണക്കാട്ടില്‍ ഒളിച്ചുനിന്ന് ഇതെല്ലാം നോക്കി കാണുന്നുണ്ടായിരുന്നു. അവള്‍ ഓടി രാജകുമാരിയുടെ അടുത്തുവന്നു.
“കുഞ്ഞിനെ നോക്കാന്‍ വേലക്കാരിയെ വേണോ? വേലക്കാരിയെ വേണോ?”
അവള്‍ രാജകുമാരിയോടു ചോദിച്ചു.
“വേണം. നിന്നെ പറ്റില്ല, എനിക്കൊരു പ്രായമായ സ്ത്രീയെ വേണം.”
രാജകുമാരി പറഞ്ഞു.
“ഞാന്‍ കൊണ്ടു തരാം...” മറിയം പ്രത്യുത്തരിച്ചു.
അവള്‍ വീട്ടിലേയ്ക്ക് ഓടി. വിളിച്ചുകൊണ്ടു വന്നത് ആരെയാണെന്നോ? അവളുടെ അമ്മയെ!. അങ്ങനെ ആ കുഞ്ഞിന് എല്ലാം ഭാഗ്യമായി.
അവന്‍ വീണ്ടും സ്വന്തം അമ്മയുടെ പരിചരണയില്‍ കുറെനാള്‍ വളര്‍ന്നു.

Exodus I sl. d കേഴുന്നൂ ജനം രക്ഷയ്ക്കായ്
കേള്‍ക്കുന്നൂ രോദനം ഒരു ജനത്തിന്‍ പ്രരോദനം
രക്ഷകാ, രക്ഷകാ, എന്നു നീ വരും,
എന്നു നീ വരും.....

കുറച്ചു വളര്‍ന്നപ്പോള്‍ ഫറവോന്‍റെ കൊട്ടാരത്തിലേയ്ക്കു രാജകുമാരി അവനെ കൂട്ടിക്കൊണ്ടുപോയി. നല്ല വിദ്യാഭ്യാസം അവനു നല്‍കപ്പെട്ടു. കളരിയിലും കായികാഭ്യാസത്തിലും അവന്‍ മുന്‍പന്തിയിലായിരുന്നു അവന്‍. എന്നാല്‍ സ്വന്തം ജനതയുടെ സ്പന്ദനവും വികാരങ്ങളും അമ്മയുടെ വളര്‍ത്തലില്‍ അവനു ശരിക്കും ലഭിച്ചിരുന്നു. അവന്‍ യഥാര്‍ത്ഥത്തില്‍ ഇസ്രായേല്‍ക്കാരന്‍ തന്നെയായിരുന്നു. അവന്‍ വളര്‍ന്നു കരബലവും കഴിവുമുള്ള സുമുഖനായ യുവാവായി തീര്‍ന്നു. ‘ജലത്തില്‍നിന്നെടുക്കപ്പെട്ടവന്‍’ എന്ന അര്‍ത്ഥത്തില്‍ അവന്, മോശ എന്നവര്‍ പേരിട്ടു.

Exodus I sl. f വളര്‍ന്നൂ ജനനായകന്‍
അണഞ്ഞൂ രാജസന്നിധേ
തന്‍റെ ജനത്തെ നയിക്കാന്‍
ഇസ്രായേല്യരെ നയിക്കാന്‍
മോസസ്...മോസസ്................

3. മോശ ഒളിച്ചോടുന്നു
ഫറവോയുടെ കൊട്ടാരത്തിലാണ് പിന്നെ അവന്‍ വളര്‍ന്നതെങ്കിലും തന്‍റെ ജനത്തെക്കുറിച്ച് മോശ ബോധവാനായിരുന്നു. അവരോടുള്ള ഈജിപ്തുകാരുടെ ക്രൂരമായ പെരുമാറ്റത്തെപ്പറ്റി അവന് അതിയായ സങ്കടം തോന്നി.
ഒരിക്കല്‍, ഫറവോയുടെ കാര്യസ്ഥന്‍ ഒരു ഇസ്രായേല്‍ക്കാരനെ പണിസ്ഥലത്ത് ചാട്ടവാറുകൊണ്ട് അടിക്കുന്നതു കണ്ടപ്പോള്‍ മോശയുടെ രക്തം തിളച്ചുകയറി. കോപിഷ്ഠനായി. കരുത്തനായ മോശ കാര്യസ്ഥനെ ഒറ്റയടിക്കു താഴെ വീഴ്ത്തി. അയാള്‍ അവിടെക്കിടന്ന് പിടഞ്ഞു മരിച്ചു.

Exodus I sl. g കണ്ടൂ തന്‍ജന പീഡനം
നൊന്തൂ മനമൊന്നതില്‍
ഫറവോതന്നുടെ ഭൃത്യനെ മോശ
ചെയ്തൂ കൊലയതു നീതിയില്‍...

ഫറവോ ഇതറിഞ്ഞാല്‍ തന്നോടു കോപിക്കും, ശിക്ഷിക്കും എന്ന് മോശയ്ക്ക് നന്നായി അറിയാമായിരുന്നു. അതുകൊണ്ട് അയാള്‍ തല്‍ക്ഷണം ഈജിപ്ത് വിട്ടു. സീനായ് മരുപ്രദേശം കടന്ന് മോശ മേദിയാന്‍ മരുപ്പച്ചയിലെത്തി. അവിടെ ജെത്രോയെ പരിചയപ്പെട്ടു. അയാളുടെ ആടുകളെ മേയിച്ച് മോശ താമസിച്ചു. പിന്നീട് ജെത്രോയുടെ പുത്രിയെ മോശ വിവാഹം കഴിച്ചു.
അങ്ങനെ മോശ മേദിയാനിലെ ഇടയാനായി.

Exodus I sl. f മേദിയാനിന്‍ കുടുംബം
ജെത്രോയിന്‍ ചെറുകുടുംബം
അഭയമേകി, ഇടയനാക്കി
മോശയെ തന്‍ മരുമകനാക്കി.

ക്രിസ്തുവിന് ആയിരത്തി ഇരൂന്നൂറ്റി ഇരുപത്തഞ്ച് (1225 ബിസി) വര്‍ഷങ്ങള്‍ക്കു മുന്‍പ് തന്‍റെ ജനതയ്ക്ക് ഒരു നേതാവിനെ തിരഞ്ഞെടുക്കാന്‍ ദൈവം വരല്‍ചൂണ്ടി. അത് മോശയെന്ന വ്യക്തിയുടെ നേര്‍ക്കായിരുന്നു. ദൈവം ഇസ്രായേലിന്‍റെ കരച്ചില്‍ കേട്ടു. അടിമത്വത്തില്‍ക്കിടക്കുന്ന ജനത്തെ മോചിക്കാന്‍ ദൈവം തീരുമാനിച്ചു. മോശയെപ്പോലെ അസാധാരണമായ കരുത്തും കഴിവുമുള്ള ഒരാള്‍ക്കുമാത്രമേ അതുപോലെയുള്ളൊരു ജനതയെ സംഘടിപ്പിച്ച് ഒറ്റക്കെട്ടായി നിറുത്തുവാനും, നയിക്കുവാനും കഴിയുകയുള്ളൂ!
_____________________________
Prepared by Nellikal, Vatican Radio








All the contents on this site are copyrighted ©.