2014-02-08 09:31:45

തലമുറകളുടെ പിന്‍തുണയാണ് നിലനില്‍പ്
യേശുവിന്‍റെ സമര്‍പ്പണത്തിരുനാള്‍


RealAudioMP3
വി. ലൂക്കാ 2, 21-35 സമര്‍പ്പണത്തിരുനാള്‍
ശിശുവിന്‍റെ പരിച്ഛേദനത്തിനുള്ള എട്ടാം ദിവസം ആയപ്പോള്‍, അവന്‍ ഗര്‍ഭത്തില്‍ ഉരുവാകുന്നതിനുമുമ്പ്, ദൂതന്‍ നിര്‍ദ്ദേശിച്ചിരുന്ന ‘യേശു’ എന്ന പേര് നല്കപ്പെട്ടു. മോശയുടെ നിയമമനുസരിച്ച്, ശുദ്ധീകരണത്തിനുള്ള ദിവസങ്ങള്‍ പൂര്‍ത്തിയായപ്പോള്‍, അവനെ കര്‍ത്താവിനു സമര്‍പ്പിക്കാന്‍ അവര്‍ ജരൂസലേമിലേയ്ക്കു പുറപ്പെട്ടു. കടിഞ്ഞൂല്‍ പുത്രന്മാരൊക്കെയും ‘കര്‍ത്താവിന്‍റെ പരിശുദ്ധന്‍’ എന്നു വിളിക്കപ്പെടണമെന്നും, ഒരു ജോടി ചെങ്ങാലികളെയോ രണ്ടു പ്രാവിന്‍ കുഞ്ഞുങ്ങളെയോ ബലിയര്‍പ്പിക്കണമെന്നും കര്‍ത്താവിന്‍റെ നിയമത്തില്‍ പറഞ്ഞിരിക്കുന്നതനുസരിച്ചാണ് അവര്‍ അങ്ങനെ ചെയ്തത്. ജരൂസലേമില്‍ ശിമയോന്‍ എന്നൊരാള്‍ ജീവിച്ചിരുന്നു. അയാള്‍ നീതിമാനും ദൈവഭക്തനും ഇസ്രായേലിന്‍റെ ആശ്വാസം പ്രതീക്ഷിച്ചിരുന്നവനുമായിരുന്നു. പരിശുദ്ധാത്മാവ് അവന്‍റെമേല്‍ ഉണ്ടായിരുന്നു. കര്‍ത്താവിന്‍റെ അഭിഷിക്തനെ കാണുന്നതുവരെ മരിക്കുകയില്ല എന്ന് പരിശുദ്ധാത്മാവ് അവന് വെളിപ്പെടുത്തിയിരുന്നു. പരിശുദ്ധാത്മാവിന്‍റെ പ്രേരണയാല്‍ അവന്‍ ദേവാലയത്തിലേയ്ക്കു വന്നു. നിയമപ്രകാരമുള്ള അനുഷ്ഠാനങ്ങള്‍ക്കായി ഉണ്ണിയേശുവിനെ മാതാപിതാക്കന്മാര്‍ ദേവാലയത്തില്‍ കൊണ്ടുചെന്നു. ശിമയോന്‍ ശിശുവിനെ കൈയ്യിലെടുത്ത്, ദൈവത്തെ സ്തുതിച്ചുകൊണ്ട് പറഞ്ഞു. കര്‍ത്താവേ, അവിടുത്തെ വാഗ്ദാനമനുസരിച്ച് ഇപ്പോള്‍ ഈ ദാസനെ സമാധാനത്തില്‍ വിട്ടയയ്ക്കണമേ. എന്തെന്നാല്‍, സകല ജനതകള്‍ക്കുംവേണ്ടി അങ്ങ് ഒരുക്കിയിരിക്കുന്ന രക്ഷ എന്‍റെ കണ്ണുകള്‍ കണ്ടുകഴിഞ്ഞു.
അത് വിജാതീയര്‍ക്കു വെളിപാടിന്‍റെ പ്രകാശവും അവിടുത്തെ ജനമായ ഇസ്രായേലിന്‍റെ മഹിമയുമാണ്. അവനെക്കുറിച്ചു പറയപ്പെട്ടതെല്ലാം കേട്ട് അവന്‍റെ പിതാവും മാതാവും അത്ഭുതപ്പെട്ടു. ശിമയോന്‍ അവരെ അനുഗ്രഹിച്ചുകൊണ്ട് അവന്‍റെ അമ്മയായ മറിയത്തോടു പറഞ്ഞു. ഇവന്‍ ഇസ്രായേലില്‍ പലരുടെയും വീഴ്ചയ്ക്കും ഉയര്‍ച്ചയ്ക്കും കാരണമാകും. ഇവന്‍ വിവാദവിഷയമായ അടയാളവുമായിരിക്കും. അങ്ങനെ അനേകരുടെ ഹൃദയവിചാരങ്ങള്‍ വെളിപ്പെടും. നിന്‍റെ ഹൃദയത്തിലൂടെ ഒരു വാള്‍ തുളച്ചു കയറുകയും ചെയ്യും.

കടത്തുവഞ്ചില്‍ ബുദ്ധസന്ന്യാസി പുഴമുറിച്ചു കടക്കുകയാണ്. വഞ്ചി നിറയെ ഗ്രന്ഥച്ചുരുളുകളാണ്. പുഴയുടെ മദ്ധ്യത്തില്‍ എത്തിയതും അവരൊരു ചുഴിയില്‍ പെട്ടു. മുങ്ങിപ്പോകുമാറ് കടത്തുകാരന് വഞ്ചിയുടെ പിടിവിട്ടു. “സ്വാമികളേ, ഗ്രന്ഥച്ചുരുളുകള്‍ പുഴയിലേയ്ക്കെറിഞ്ഞ് ഘനം കുറയ്ക്കുകയാണെങ്കില്‍ അപകടം ഒഴിവാക്കാനാകും. നമുക്കു രക്ഷപെടാം..” വള്ളക്കാരന്‍ അഭിപ്രായപ്പെട്ടു. അപ്പോള്‍ സന്ന്യാസി പറഞ്ഞു.
“ഇല്ല, ഇല്ല, ഈ ഗ്രന്ഥച്ചുരുളുകള്‍ തലമുറകള്‍ക്കു വേണ്ടിയുള്ളതാണ്. മനുഷ്യന്‍ കടന്നുപോകാനുള്ളവനല്ലേ!”

ഇത്രയും പറഞ്ഞ് ബുദ്ധസന്ന്യാസി കരം കൂപ്പി പുഴയിലേയ്ക്കു ചാടി. പ്രപഞ്ചത്തിനുമീതെ എല്ലാം മുദ്രവയ്ക്കപ്പെട്ടിരിക്കുന്നു. ഏതാനും ചില താക്കോലുകളെ മനുഷ്യകുലത്തിനു ലഭിച്ചിട്ടുള്ളൂ. അതിലൊന്നാണ് അക്ഷരത്താക്കോല്‍. ‘അക്ഷരം’ എന്നാല്‍ നശിക്കാത്ത്, ക്ഷയിക്കാത്തത് എന്നാണര്‍ത്ഥം. അക്ഷരം പഠിപ്പിക്കുന്നതിന് കണ്ണുതെളിയിക്കുക എന്നാണ് ഗ്രാമീണമനസ്സുകള്‍ പണ്ടു പറഞ്ഞിരുന്നത്. കുഞ്ഞിക്കരങ്ങളിലേയ്ക്ക് അക്ഷരത്താക്കോല്‍ വച്ചു കൊടുക്കുന്നതാണ് ഭാരതീയ പാരമ്പരൃത്തിലെ വിദ്യാരംഭം.

“അരുതാത്തതു ചെയ്യരുത് മകനേ,” മുത്തച്ഛിയാണ് അത് പതിവായിട്ട് എന്നോടു പറഞ്ഞിരുന്നത്. എഴുത്തിനിരുത്താത്ത കുട്ടിയെ സ്ക്കൂളില്‍ ചേര്‍ക്കുന്നത് അക്ഷരത്തിന്‍റെ വെളിച്ചം പകരാനാണ്, മറിച്ച് അരുതാത്തതു ചെയ്യിക്കാനല്ല. പഴയ തലമുറയ്ക്കാര്‍ക്ക് ഇന്നും ഇപ്പോഴും അങ്ങനെയൊക്കെയാണ് കാര്യങ്ങള്‍. ഒന്‍പതു ദിവസത്തെ ഉപവാസവും പ്രാര്‍ത്ഥനയുമെല്ലാം കഴിഞ്ഞുവരുന്ന വിജയദശമിനാളിലാണ് വിദ്യാരംഭത്തിന്‍റെ പുണ്യദിനം ആചരിക്കുന്നത്. ഭാരതീയ സങ്കല്പത്തില്‍ വേദാരംഭത്തിനു പറ്റിയദിവസവും ഇതുതന്നെയാണ്.
ഹരിശ്രീ കുറിക്കുന്നതിന്‍റെ പൊരുള്‍ എന്താണ്? വിദ്യ എപ്പോഴും ദൈവത്തില്‍ നിന്നാരംഭിക്കണം. ദൈവത്തിന്‍റെ ദീപപീഠത്തിനു മുമ്പില്‍ രണ്ടിനും മൂന്നിനും ഇടയ്ക്കു വയസ്സ് പ്രായമുള്ള കുരുന്നുകളെ ഇരുത്തി വിദ്യാരംഭവും വേദാരംഭവും കുറിക്കുന്നു.

സാഹിത്യകാരന്മാരായ എംടി, സുഗതകുമാരി, കാക്കനാടന്‍, ഓണക്കൂര്‍, പിസി ദേവസ്യാ, സ്ക്കറിയ സക്കറിയ തുടങ്ങയവര്‍ ഭാഷയുടെ ജന്മഭൂമി എന്നറിയപ്പെടുന്ന തിരൂരുള്ള തുഞ്ചന്‍പറമ്പില്‍ വിദ്യാരംഭനാളില്‍ കുട്ടികള്‍ക്ക് ആദ്യാക്ഷരം കുറിക്കാന്‍ എത്തിച്ചേരുമായിരുന്നു. ഗുരു സ്പര്‍ശനത്താല്‍ കുരുന്നുകള്‍ വിരലിലും നാവിലും വിദ്യാരംഭം കുറിച്ചിരുന്നു. ഇപ്പോള്‍ ചില പള്ളികളിലും കുഞ്ഞുങ്ങളെ എഴുത്തിനിരുത്തുന്നുണ്ട്. നല്ലകാര്യം!
“ദൈവഭയമാണ് ജ്ഞാനത്തിന്‍റെ ആരംഭം.” - സുഭാഷിതങ്ങളും സങ്കീര്‍ത്തനവും (സുഭാ. 9, 10.. സങ്കീര്‍ത്തനം 111, 10) ഒരുപോലെ ഇതേറ്റു പാടുന്നു. Fear of God is the beginning of wisdom! നസ്രത്തിലെ കുടുംബം, ജോസഫും മേരിയും ഈ വേദവാക്യത്തില്‍ വിശ്വാസിച്ചിരുന്നിരിക്കണം. തിരുക്കുടുംബം ഉണ്ണിയേശുവെ ദേവാലയത്തില്‍ സമര്‍പ്പിച്ച് ഹരിശ്രീ കുരിക്കുന്നതാണ് ഇന്നത്തെ വചനസമീക്ഷ. അമ്മയുടെ ഗര്‍ഭപാത്രം തുറന്ന് ആദ്യമായി പുറത്തുവരുന്നവന്‍ ദൈവത്തിനു കൂദാശ ചെയ്യപ്പെട്ടവനാണ് എന്ന ചിന്തയാണ് ദേവാലയ സമര്‍പ്പണത്തിനും, ഹരിശ്രീ കുറിക്കലിനും പിന്നിലുമുള്ള സാമൂഹ്യസങ്കല്പം. ശിശുവിനെക്കുറിച്ചു പറയപ്പെട്ട സംഗതികളോര്‍ത്ത് അവന്‍റെ അമ്മയും അച്ഛനും വിസ്മയംകൊണ്ടു. ദൈവത്തിന്‍റെ രീതിയും ദിശയും ശിശുക്കളില്‍ പ്രത്യക്ഷപ്പെടുമ്പോള്‍ മാതാപിതാക്കളിലുണ്ടാകുന്ന പ്രതികരണമാണ് ഈ വിസ്മയം. ജ്ഞാനത്തിന്‍റെ ആരംഭമാണിത്. അക്ഷരത്താക്കോല്‍ ആദ്യമായി കുഞ്ഞിക്കരങ്ങളേയ്ക്ക് വച്ചുകൊടുക്കുന്നത് മാതാപിതാക്കള്‍ തന്നെയാണ്. അത് ദൈവത്തിന്‍റെ സന്നിധിയിലായാല്‍ ശ്രേഷ്ഠമായി. കാരണം അതുവഴി കുഞ്ഞ് ദൈവത്തിന് കൂദാശചെയ്യപ്പെട്ടനായി മാറുകയാണല്ലോ. അങ്ങനെ ‘അരുതാത്തതു ചെയ്യാതെ’ കണ്ണിനു തെളിച്ചമുള്ളവരാകാന്‍ ദൈവത്തിന്‍റെ ഓരോ കുഞ്ഞുമക്കള്‍ക്കും സാധിക്കട്ടെ.

ക്രിസ്തുവിനെ പ്രഘോഷിക്കുന്ന തലമുറകളുടെ കൂട്ടായ്മയെയാണ് ഇന്നത്തെ സുവിശേഷം ചിത്രീകരിക്കുന്നത്. മാതാപിതാക്കള്‍ ഉണ്ണിയേശുവിനെ ദേവാലയത്തില്‍ സമര്‍പ്പിക്കുന്ന രംഗത്ത് യാഥാര്‍ത്ഥ്യമാകുന്നത് വ്യത്യസ്ത പ്രായക്കാരെ, കാരണവന്മാരെയും മാതാപിതാക്കളെയും കുഞ്ഞുങ്ങളെയും പ്രതിനിധാനംചെയ്യുന്ന സംഗമമാണ്.. വളരെ മനോഹരവും അര്‍ത്ഥസമ്പുഷ്ടവുമായ രംഗാവിഷ്ക്കാമാണ്, ചിത്രകാരനെന്നും ഭിഷഗ്വരനെന്നും നിരുപകന്മാര്‍ വിശേഷിപ്പിക്കുന്ന വിശുദ്ധ ലൂക്കാ ഇവിടെ വരച്ചുവയ്ക്കുന്നത്. നമ്മെ ഓരോരുത്തരെയുംപോലെ, ഈ രംഗത്ത് അരങ്ങേറുന്ന എല്ലാ വ്യക്തികള്‍ക്കും അവരുടേതായ ഉത്തരവാദിത്വങ്ങളുണ്ട്, അവരുടേതായ ജോലികള്‍ പൂര്‍ത്തീകരിക്കുവാനുണ്ട്. ആദ്യമായി, ജോസഫും മേരിയും കര്‍ത്തൃനിയമത്തിന് വിധേയരായിട്ടാണ് ജരൂസലേം ദേവാലയത്തിലെത്തിയത്. രണ്ടാമതായി, പരിശുദ്ധാത്മാവിനാല്‍ നിയുക്തരും പ്രചോദിതരുമായിട്ടാണ് ദീര്‍ഘദര്‍ശിയായ ശിമയോനും പ്രവാചികയായ അന്നയും തല്‍സമയത്ത് അവിടെ രംഗപ്രവേശം ചെയ്തത്. മൂന്നു തലമുറകള്‍ സമ്മേളിക്കുന്ന അപൂര്‍വ്വ മുഹൂര്‍ത്തമായിരുന്നു അത്. ഉണ്ണിയേശുവിനെ കരങ്ങളില്‍ എടുത്ത ശിമയോന്‍ ദൈവപുത്രനായ മിശിഹായെ തിരിച്ചറിഞ്ഞു. പ്രവാചിക അന്നയാവട്ടെ, ഇസ്രായേലിന്‍റെ വിമോചനം പാര്‍ത്തിരുന്നവള്‍, ആസന്നമായ രക്ഷയുടെ വാഗ്ദാനങ്ങള്‍ക്ക് ദൈവത്തിന് നന്ദിപറയുന്നു.

നസ്രത്തിലെ തിരുക്കുടുംബത്തെപോലെ ലോകത്തെ ഓരോ കുടുംബവും ചരിത്രത്തിന്‍റെ ഭാഗമാണ്. കടന്നുപോകുന്ന തലമുറകളുടെ പിന്‍തുണയില്ലാതെ നമുക്ക് നിലനില്പില്ല എന്ന സന്ദേശമാണ് ഇന്നത്തെ തിരുനാള്‍ നമുക്കു നല്കുന്നത്. തലമുറകള്‍കളുടെ കൂട്ടായ്മയാണ് ലോകത്ത് നന്മ പ്രഘോഷിക്കേണ്ടത്. കുടുംബങ്ങള്‍ ദൈവജനത്തിന്‍റെ ഭാഗമാണ്. ഈ സ്നേഹസഞ്ചയത്തില്‍ കുടുംബങ്ങള്‍ സന്തോഷത്തോടെ ജീവിതത്തില്‍ പകര്‍ത്തണം. ക്രിസ്തുവിനോട് ചേര്‍ന്നുനില്ക്കുന്ന കുടുംബങ്ങള്‍ അവരുടെമദ്ധ്യേയുള്ള രക്ഷകന്‍റെ സജീവ സാന്നിദ്ധ്യത്തെ മറ്റുള്ളവര്‍ക്കും അനുഭവേദ്യമാക്കും, കാണിച്ചുകൊടുക്കും. ഇത് സുവിശേഷത്തിന്‍റെ പങ്കുവയ്ക്കലാണ്, സുവിശേഷ പ്രഘോഷണമാണ്. കുടുംബങ്ങളുടെ ഇങ്ങനെയുള്ള കൂട്ടായ്മ ഏറെ മനോഹരമാണ്, ആനന്ദദായകമാണ്, അര്‍ത്ഥവത്താണ്.

‘വിശ്വാസത്തിന്‍റെ സന്തോഷമാണ് കുടുംബങ്ങളില്‍ തെളിയേണ്ടത്’ കുട്ടികളും മാതാപിതാക്കളും കാരണവന്മാരും ഒത്തൊരുമിച്ചുള്ള നിറസാന്നിദ്ധ്യം കുടുംബത്തിന്‍റെ ശ്രേഷ്ഠതയാണ്. ദൈവപരിപാലനയിലും അവിടുത്തെ വിശ്വസ്തതയിലും ആശ്രയിക്കുകയാണെങ്കില്‍, ഭയപ്പെടാതെ അനുദിന ജീവിതത്തില്‍ ശ്രേയസ്സോടെ മുന്നേറാന്‍ കുടുംബങ്ങള്‍ക്കു സാധിക്കും. ലോകത്തിന്‍റെ പ്രലോഭനങ്ങളും പ്രതിസന്ധികളും അറിയാന്‍പാടില്ലാത്ത, അല്ലെങ്കില്‍ മനസ്സിലാകാത്ത ശുദ്ധാത്മാക്കളല്ല ഇന്നത്തെ ദമ്പതികള്‍.

ദൈവത്തിന്‍റെയും സമൂഹത്തിന്‍റെയും മുന്‍പാകെ ഉത്തരവാദിത്വപൂര്‍ണ്ണമായി ജീവിക്കാന്‍ കുടുംബങ്ങള്‍ക്കു സാധിക്കണം എന്നാണ് സമര്‍പ്പണത്തിരുനാള്‍ നമ്മെ അനുസ്മരിപ്പിക്കുന്നത്. കുടുംബങ്ങളെ രൂപപ്പെടുത്തുന്നതിലും, കുഞ്ഞുങ്ങളെ വളര്‍ത്തിയെടുക്കുന്നതിലുമുള്ള
മാതാപിതാക്കളുടെ വലിയ പങ്ക് മാറ്റിവയ്ക്കുകയോ അതില്‍നിന്ന് ഒളിച്ചോടുകയോ ഒഴിഞ്ഞുമാറുകയോ ചെയ്യാതെ, തലമുറകളെ കൈകോര്‍ത്തു മുന്നേറാന്‍ കുടുംബങ്ങള്‍ക്കു സാധിക്കട്ടെ! ജീവിതപ്രതിസന്ധികളില്‍ കരുത്തേകുന്നതും വിശ്വാസത്തില്‍ ദൃഢപ്പെടുത്തുന്നതുമായ പത്രോശ്ലീഹായുടെ വാക്കുകള്‍ സ്വായത്തമാക്കാം. “കര്‍ത്താവേ, ഞങ്ങള്‍ ആരുടെ പക്കലേയ്ക്കു പോകാനാണ്? നിത്യജീവന്‍റെ വചസ്സുകള്‍ അങ്ങേ പക്കലുണ്ടല്ലോ!” (യോഹന്നാന്‍ 6, 68). അങ്ങാണ് ഞങ്ങളുടെ രക്ഷകനും നാഥനും, ജീവന്‍റെ നീരുറവയും... അങ്ങേ കൃപാസ്പര്‍ശത്താല്‍ വിശ്വാസത്തിന്‍റെ ആനന്ദം അനുദിനജീവിതത്തില്‍ പങ്കുവച്ചു ജീവിക്കുവാന്‍ ഞങ്ങള്‍ക്കു സാധിക്കട്ടെ!
_____________________________
Prepared by Nellikal, Vatican Radio








All the contents on this site are copyrighted ©.