2014-02-08 09:51:33

ക്രിസ്തുവില്‍ വിരിഞ്ഞ
രക്ഷയുടെ പ്രത്യാശാകിരണം


RealAudioMP3
വി. ലൂക്കാ 7, 18-23 ദനഹായ്ക്കുശേഷം അഞ്ചാം വാരം - മലങ്കരറീത്തു പ്രകാരം
ഈ സംഭവങ്ങളെപ്പറ്റിയെല്ലാം യോഹന്നാന്‍റെ ശിഷ്യന്മാര്‍ അവനെ അറിയിച്ചു. അവന്‍ ശിഷ്യന്മാരില്‍ രണ്ടുപേരെ വിളിച്ച്, വരാനിരിക്കുന്നവന്‍ നീ തന്നെയോ, അതോ ഞങ്ങള്‍ വേറൊരുവനെ കാത്തിരിക്കണമോ എന്നു കര്‍ത്താവിനോടു ചോദിക്കാന്‍ പറഞ്ഞയച്ചു. അവര്‍ അവന്‍റെ അടുത്തു ചെന്നു പറഞ്ഞു. വാരാനിരിക്കുന്നവന്‍ അങ്ങു തന്നെയോ അതോ ഞങ്ങള്‍ വോറൊരുവനെ കാത്തിരിക്കണമോ എന്നു ചോദിക്കാന്‍ സ്നാപകയോഹാന്നാന്‍ ഞങ്ങളെ നിന്‍റെ അടുത്തേയ്ക്ക് അയച്ചിരിക്കുന്നു.
അപ്പോള്‍ യേശു വളരെപ്പേരെ രോഗങ്ങളിനിന്നും പീഡനകളില്‍നിന്നും അശുദ്ധാത്മാക്കളില്‍നിന്നും സുഖപ്പെടുത്തുകയും അനേകം കുരുടന്മാര്‍ക്ക് കാഴ്ചകൊടുക്കുകയും ചെയ്തു. അവന്‍ പറഞ്ഞു. നിങ്ങള്‍ കാണുകയും കേള്‍ക്കുകയും ചെയ്തതെല്ലാം ചെന്ന് യോഹന്നാനെ അറിയിക്കു. കുരുടന്മാര്‍ കാണുന്നു, മുടന്തന്മാര്‍ നടക്കുന്നു. ചെകിടര്‍ കേള്‍ക്കുന്നു, മരിച്ചവര്‍ ഉയിര്‍പ്പിക്കപ്പെടുന്നു, ദരിദ്രരോടും സുവിശേഷം പ്രസംഗിക്കപ്പെടുന്നു. എന്നില്‍ ഇടര്‍ച്ചയുണ്ടാകാത്തവന്‍ ഭാഗ്യവാന്‍.

കാര്‍ക്കശ്യത്തിന്‍റെയും ആത്മീയതയുടെയും അധികാരമുള്ള ശബ്ദമായിട്ടാണ് യോഹന്നാന്‍ ക്രിസ്തുവിന്‍റെ മുന്നോടിയായി ഗലീലിയായില്‍ പ്രത്യക്ഷപ്പെട്ടത്. പരസ്യമായും നിര്‍ഭയമായും പൊള്ളയായ അധികാരത്തെ ചോദ്യംചെയ്യുകയും അനീതിക്കെതിരെ വിരല്‍ചൂണ്ടുകയും ചെയ്ത യോഹന്നാന്‍ കാരാഗൃഹത്തില്‍ അടയ്ക്കപ്പെടുന്നു. ചാവുകടലിനടുത്തുള്ള മക്കേരൂസ് കോട്ടയിലെ തടങ്കലില്‍ ഹെറോദ് അന്തിപ്പാസ് രാജാവ് യോഹന്നാനെ ബന്ധിയാക്കിയത് ചരിത്രമാണ്. മരണം പാര്‍ത്തിരിക്കുന്ന മനുഷ്യന്‍ ക്രിസ്തുവിനോട് ചോദ്യങ്ങള്‍ ഉന്നയിക്കുന്നു. “വരാനിരിക്കുന്നവന്‍ അങ്ങു തന്നെയോ…? അതോ, മറ്റൊരാളെ കാത്തിരിക്കണമോ....?”

യോഹന്നാന്‍റെ ഹൃദയാന്തരാളത്തിലെ ഇനിയും അണയാത്ത രക്ഷയുടെ പ്രത്യശാകിരണം ക്രിസ്തുവില്‍ ആളിക്കത്തുന്നതാണ് ഈ ചോദ്യങ്ങളില്‍ കാണേണ്ടത്. ക്രിസ്തുവിലുള്ള പ്രത്യാശയാണിത്. തന്‍റെ പിന്നാലെ വന്ന ദൈവകുഞ്ഞാടായ ക്രിസ്തുവിനെക്കുറിച്ചുള്ള ആകുലതയാണിത്.

“കാണുന്നതും കേള്‍ക്കുന്നതും, നിങ്ങള്‍ പോയി യോഹന്നാനെ അറിയിക്കുവിന്‍,” എന്നാണ് ക്രിസ്തു പറഞ്ഞു വിട്ടത്. “അന്ധര്‍ കാണുന്നു, മുടന്തര്‍ നടക്കുന്നു, കുഷ്ഠരോഗികള്‍ ശുദ്ധരാക്കപ്പെടുന്നു. ബധിരര്‍ കേള്‍ക്കുന്നു, മരിച്ചവര്‍ ഉയിര്‍ക്കുന്നു. ദരിദ്രരോട് സുവിശേഷം പ്രസംഗിക്കപ്പെടുന്നു. ഞാന്‍ നിമിത്തം ഇടര്‍ച്ചയുണ്ടാകാത്തവര്‍ ഭാഗ്യവാന്മാര്‍.”
രക്ഷയുടെ കാലത്തെക്കുറിച്ച് പ്രാവചകന്മാര്‍ പറഞ്ഞ കാര്യങ്ങളാണ് ക്രിസ്തുവിന്‍റെ മറുപടിയില്‍ നിവര്‍ത്തിതമാകുന്നത്. “അവന്‍റെ കാലത്ത അന്ധരുടെ കണ്ണുകള്‍ തുറക്കപ്പെടും, ബധിരരുടെ ചെവി അടഞ്ഞിരിക്കയില്ല, മുടന്തന്‍ മാനിനെപ്പോലെ കുതിച്ചുചാടും, മൂകന്‍റെ നാവില്‍നിന്ന് സന്തോഷത്തിന്‍റെ ഗീതം ഉതിര്‍ക്കും (ഏശയാ 35, 5) കര്‍ത്താവിന്‍റെ ആത്മാവ് അവന്‍റെ മേലുണ്ട്. ദരിദ്രരോട് സദ്വാര്‍ത്ത അറിയിക്കുന്നതിന് അവിടുന്ന് അവനെ അഭിഷേചിച്ചിരിക്കുന്നു..” ഏശയ 61.1 എന്നീ തിരുവെഴുത്തുകള്‍ യേശുവില്‍ യഥാര്‍ത്ഥ്യമാവുകയാണ്. ഇസ്രായേലിന്‍റെ ദീര്‍ഘകാല പ്രതീക്ഷകള്‍ ക്രിസ്തുവില്‍ പൂവണിയുന്നതായി സുവിശേഷകന്‍ സമര്‍ത്ഥിക്കുന്നു.

ദൈവരാജ്യത്തിന്‍റെ നന്മയും സ്നേഹവും സ്വാതന്ത്ര്യവുമാണ് ക്രിസ്തുവിന്‍റെ വരവോടെ ഭൂമിയില്‍ തുറക്കപ്പെട്ടത്. പാപഭാരത്താല്‍ ശക്തിക്ഷയിച്ച് മൃതപ്രായരായവര്‍ക്ക് അവിടുന്ന് സ്നേഹത്തിന്‍റെയും സമാധാനത്തിന്‍റെയും നവജീവന്‍ നല്കി. അതുപോലെ ക്രിസ്തുവിന്‍റെ സാമീപ്യത്താലും കൃപാസ്പര്‍ശത്താലും ദരിദ്രരായവര്‍ ദൈവസ്നേഹത്തിന്‍റെ സമ്പന്നതയിലേയ്ക്ക് ഉയര്‍ത്തപ്പെട്ടു. ക്രിസ്തുവിന്‍റെ വരവില്‍ ലോകം കണ്ടതും അനുഭവിച്ചതും ഇതാണ്. അവിടുത്തെ പ്രവര്‍ത്തനങ്ങള്‍ ഇന്നും ലോകത്ത് ആവര്‍ത്തിക്കപ്പെടേണ്ടിയിരിക്കുന്നു.

സമയവും ദൂരവും കീഴ്പ്പെടുത്തിയ സാങ്കേതികവിദ്യ ലോകത്തെ ഒരാഗോള ഗ്രാമമാക്കി മാറ്റിയിട്ടുണ്ട്. മനുഷ്യന്‍റെ അതിരുകളെ ഭേദിക്കുന്ന ആഗോളവത്ക്കരണം വിദൂരദേശങ്ങളെ അയല്‍പക്കങ്ങളാക്കുകയും, വ്യത്യസ്ത ജനതകളെ അയല്‍ക്കാരാക്കുകയും ചെയ്തു. എന്നാല്‍ അയല്‍ക്കാരെ സൃഷ്ടിച്ച ആഗോളീകരണം മനുഷ്യരെ സഹോദരങ്ങളാക്കുന്നില്ല എന്ന വിമര്‍ശനമാണ് പാപ്പാ ഫ്രാന്‍സിസ് ഇക്കുറി തന്‍റെ വിശ്വശാന്തി സന്ദേശത്തില്‍ ഉയര്‍ത്തിയത്. സഹോദര്യത്തിന്‍റെ ആഭാവമാണ് പാപ്പാ ഫ്രാന്‍സിസ് വളരെ ആകുലതയോടെ ലോകത്തെ ഓര്‍മ്മിപ്പിക്കുന്നത്.

ഇന്ന് ഏറെ പ്രകീര്‍ത്തിക്കപ്പെടുകയും, ആദരിക്കപ്പെടുകയും ചെയ്യുന്ന സഹവര്‍ത്തിത്വം നിലനില്പിനുവേണ്ടിയുള്ള സ്വാര്‍ത്ഥമായ നിലപാടു മാത്രമാണെന്ന് പാപ്പാ സന്ദേശത്തില്‍ കുറ്റപ്പെടുത്തുന്നുണ്ട്. നിലനില്പിനുവേണ്ടി മാത്രമുള്ള സഹവര്‍ത്തിത്വം എന്ന ആശയം, പൊതുവെ സ്വീകാര്യമാണ്. എന്നാല്‍ സമാധാനമെന്നത് പ്രായോഗികമായ സഹവര്‍ത്തിത്വമല്ല. അതിജീവനത്തിനു വേണ്ടിയുള്ള സഹവര്‍ത്തിത്വം സമസ്ത ജീവജാലങ്ങളെയും പ്രകൃതി പഠിപ്പിച്ച പാഠമാണ്.

സാഹോദര്യത്തിന്‍റെ അടിസ്ഥാനത്തിലുള്ള സഹവര്‍ത്തിത്വമാണ് സമാധാനം ഉറപ്പാക്കുന്നത്. സാഹോദര്യത്തിലൂടെയാണ് യഥാര്‍ത്ഥ അയല്‍ക്കാര്‍ ഉണ്ടാകുന്നത്. സാഹോദര്യത്തില്‍ അധിഷ്ഠിതമായി അയല്‍ക്കൂട്ടങ്ങള്‍ വികസിക്കണം. എല്ലാവരും എല്ലാവരുടെയും കാവല്‍ക്കാരാകുമ്പോള്‍, യുദ്ധം ഒഴിഞ്ഞുപോകും. ഈ അവസ്ഥയാണ് യഥാര്‍ത്ഥ സമാധാനം ഉരുവാക്കുന്നത്. ദൈവത്തിന്‍റെ പിതൃത്വത്തെ ആധാരമാക്കി ഏകീഭവിക്കുന്ന മാനവസാഹോദര്യമാണ് ദൈവകൃപയ്ക്ക് ആധാരവും, കാരണവുമാകുന്നത്.
അങ്ങനെയുള്ള അവസ്ഥയില്‍ സമാധാനം എന്നത് ദൈവത്തിന്‍റെ കൃപയ്ക്കൊപ്പം മനുഷ്യന്‍റെ അവകാശവുമായി തീരുന്നു. ഈ സമാധാനമാണ് ക്രിസ്തു പഠിപ്പിച്ചത്. അവിടുന്ന് പ്രഘോഷിച്ചത് പിതൃസ്നേഹത്തില്‍ അധിഷ്ഠിതമായ സാഹോദര്യമാണ്. മനുഷ്യന്‍റെ സമഗ്രവിമോചനത്തില്‍ അധിഷ്ഠിതമായ സാഹോദര്യവും സ്നേഹവും! സാഹോദര്യത്തിന്‍റെ മേശയ്ക്കുചുറ്റും ഉടമകളുടെയും വിമോചിതരായ അടിമകളുടെയും മക്കള്‍ ഒരുമിച്ചിരിക്കുന്ന ദിനമാണ് മാര്‍ട്ടിന്‍ ലൂതര്‍ കീങ്ങ് 50 വര്‍ഷങ്ങള്‍‍ക്കുമുന്‍പ് സ്വപ്നംകണ്ടത്. Table of brotherhood സാഹോദര്യത്തിന്‍റെ സംഗമം, എന്നത് മനോഹരമായ സങ്കല്പമാണ്. ധനികനോടൊപ്പം ലാസറിനും ഇടമുള്ള മേശയാണത്. അങ്ങനെയെങ്കില്‍ അബ്രാഹത്തിന്‍റെ മടിയില്‍ ഇരുകൂട്ടര്‍ക്കും ഇടമുണ്ടാകും എന്നതില്‍ സംശയമില്ല.

സഹോദര്യത്തിന്‍റെ ആഭാവത്തിലാണ് സമാധാനം ഇല്ലാതാകുന്നത്. സഹോദര്യമില്ലാത്തിടത്ത് അനീതിയുണ്ടാകുന്നു. അനീതിയില്‍നിന്ന് ദാരിദ്ര്യവും രോഗവും പീഡനങ്ങളും യുദ്ധവും കലാപവും മരണവും ഉണ്ടാകുന്നത്. ദാരിദ്ര്യമാണ് ഏറ്റവും ഗുരുതരമായ മനുഷ്യാവകാശ ലംഘനം. സമസ്തവും സകലര്‍ക്കുമായി ദൈവം വാഗ്ദാനംചെയ്തിരിക്കെ, എന്തുകൊണ്ടാണ് ലോകത്ത് ബഹുഭൂരിപക്ഷം ജനങ്ങളും പാവങ്ങളായി കഴിയുന്നത്? എന്തുകൊണ്ടാണ് പാവങ്ങള്‍ പെരുകുന്നത്, രോഗങ്ങള്‍ വര്‍ദ്ധിച്ചുവരുന്നത്, എന്തുകൊണ്ട് സാമൂഹ്യ കലാപങ്ങളും യുദ്ധവും പൂര്‍വ്വോപരി തലപൊക്കുന്നത്? ഈ ചോദ്യം ആഗോളവത്ക്കരണത്തിന്‍റെ ഭാഗമായിരിക്കുകയാണ്.

അനീതിക്കെതിരായ ഉറച്ചനിലപാടും വിമോചനത്തിന്‍റെ പാതയുമാണ് ചരിത്രത്തില്‍ ക്രിസ്തുവിനെ വ്യത്യസ്തനാക്കുന്നത്. യേശുവിന്‍റെ സഭ ഏറ്റെടുത്തിരിക്കുന്ന ചരിത്രപരമായ ദൗത്യവും ഇതു തന്നെയാണ്.
ക്രിസ്തു ഉറയില്‍ സൂക്ഷിക്കാന്‍ ആജ്ഞാപിക്കപ്പെട്ട വാള്‍, പത്രോസിന്‍റെ സിംഹാസനത്തിന്‍റെ ഭാഗമാണെന്നോര്‍ക്കണം. അവസരോചിതമായി പ്രയോഗിക്കാനുള്ളതാണ് ആ വാള്‍. പാപ്പാ ഫ്രാന്‍സിസിന്‍റെ മൗലികമായ ചിന്താഗതികൊണ്ടും പാവങ്ങളോടുള്ള പതറാത്ത പ്രതിപത്തികൊണ്ടും മാര്‍ക്സിസ്റ്റുകാരനായി കാണുന്നവരുണ്ട്. ദാരിദ്ര്യത്തിനെതിരെയും, രോഗങ്ങളുടെയും യുദ്ധത്തിന്‍റെയും സാമൂഹ്യപീഡനത്തിന്‍റെയും, മൗലികവാദത്തിന്‍റെയും അനീതിക്കെതിരെ ക്രിസതുവിനെപ്പോലെ സംസാരിക്കുകയും പ്രവര്‍ത്തിക്കുകയും ചെയ്യുന്ന ഒരാളെ ഇന്നത്തെ ലോകം അങ്ങനെ സംശയിക്കും. എനിക്കെന്തുകിട്ടും എന്ന ചോദ്യമില്ലാതെ അപരനെ അയല്‍ക്കാരനായും ദൈവത്തിന്‍റെ പ്രതിച്ഛായയായും കണ്ട് അവനുവേണ്ടി പ്രവര്‍ത്തിക്കുന്നവനാണ് യഥാര്‍ത്ഥ ക്രിസ്തുസാക്ഷി, വിശ്വാസി. അങ്ങനെ വിശ്വാസി സഹോദരന്‍റെ കാവല്‍ക്കാരനായിരിക്കും, അവന്‍റെ ആവശ്യങ്ങള്‍ അറിയുന്നവനായിരിക്കും. മാര്‍ക്സിസം തെറ്റാണെങ്കിലും മാര്‍ക്സിസ്റ്റ്കാരിലും നല്ല മനുഷ്യരുണ്ടെന്ന് ഉരഭിമുഖത്തില്‍ പാപ്പാ ഫ്രാന്‍സിസ് ഉദ്ധരിച്ചത്,
ഈ അടിസ്ഥാനത്തിലായിരിക്കണം.


ക്രിസ്തു പ്രഖ്യാപിച്ച ദൈവരാജ്യം സമഗ്രവിമോചനത്തിന്‍റേതാണ്. കേരളത്തിന്‍റെ മലയോരങ്ങളിലും കായലോരങ്ങളിലും മാത്രമല്ല, ലോകത്ത് എവിടെയും, അതിജീവനത്തിനുവേണ്ടിയുള്ള പോരാട്ടങ്ങള്‍ പ്രതിദിനം നടക്കുമ്പോള്‍ നല്ലവരുമായി സഹകരിക്കുക, നന്മയുടെ പക്ഷംചേരുക, നീതിനിഷ്ഠരാവുക എന്ന പാപ്പാ ഫ്രാന്‍സിസിന്‍റെ നിലപാടിന് കൂടുതല്‍ പ്രസക്തിയുണ്ടാകുന്നു. വിശ്വാസവും പ്രത്യയശാസ്ത്രവും സൃഷ്ടിക്കുന്ന ഭിന്നതകള്‍ മറന്ന് മനുഷ്യര്‍ സാഹോദര്യത്തില്‍ കൈകോര്‍ക്കുന്ന വിശാലമായ സ്നേഹസമൂഹത്തിനായി നമുക്കൊത്തുചേരാം.

സമൂഹ്യജീവിയായ മനുഷ്യന് സാഹോദര്യം മൗലികമായ ഗുണമാണ്, പുണ്യമാണ്. ക്രിസ്തുവില്‍ ഈ ലോകത്ത് വിരിയുകയും സജീവമാവുകയും ചെയ്ത ദൈവരാജ്യത്തിന്‍റെ അവബോധം കൂടുതല്‍ നന്മയും സ്നേഹവും ഉള്ളവരായി ജീവിക്കാന്‍ നമ്മെ സഹായിക്കട്ടെ.
_____________________________
Prepared by Nellikal, Vatican Radio









All the contents on this site are copyrighted ©.