2014-02-08 15:14:12

ആത്മീയ ജീവിതത്തിലെ ഇരുളടഞ്ഞ രാത്രികൾ


08 ഫെബ്രുവരി 2014, വത്തിക്കാൻ
എളിമയോടെ വചന പ്രഘോഷണം നടത്തേണ്ടവരാണ് ക്രൈസ്തവരെന്ന് മാർപാപ്പ സഭാംഗങ്ങളെ ഓർമ്മിപ്പിക്കുന്നു. ഫെബ്രുവരി 7ന് സാന്താ മാർത്താ മന്ദിരത്തിലെ ദിവ്യബലിയില്‍ വചന സന്ദേശം നൽകുകയായിരുന്നു പാപ്പ. ക്രിസ്തുവിന് വഴിയൊരുക്കാൻ വന്ന സ്നാപക യോഹന്നാന്‍റെ ദാരുണാന്ത്യത്തെക്കുറിച്ച് പരാമർശിച്ചുകൊണ്ടാണ് പാപ്പ വചന സന്ദേശം ആരംഭിച്ചത്. മാനസാന്തരപ്പെട്ട് സ്വർഗ്ഗരാജ്യത്തിനായി ഒരുങ്ങാൻ ഏവരേയും ക്ഷണിച്ച വി.സ്നാപക യോഹന്നാൻ, അഴിമതിക്കാരനും ദുർവൃത്തനുമായ ഹേറോദേസ് രാജാവിന്‍റെ ന്യായാസനത്തില്‍ ശിക്ഷാവിധേയനാകേണ്ടി വന്നു. ക്രിസ്തു ശിഷ്യരുടെ സത്യസന്ധതയും ധീരതയും പ്രകീർത്തിച്ച പാപ്പ, ആത്മീയ ജീവിതത്തിലെ അന്ധകാര രാത്രികളിലൂടേയും അവർ കടന്നുപോകേണ്ടി വരുമെന്ന് വ്യക്തമാക്കി. വി.സ്നാപക യോഹന്നാൻ തടവിൽ കഴിയവേ തന്‍റെ ശിഷ്യൻമാരെ ക്രിസ്തുവിന്‍റെ പക്കലേക്കു പറഞ്ഞു വിട്ട് ക്രിസ്തുവില്‍ നിന്ന് ഉറപ്പു തേടിയത് ആന്തരീക സംഘർഷം മൂലമാണ്. ഉള്ളിലെ സന്ദേഹങ്ങൾക്ക് ഉത്തരം തേടുകയായിരുന്നു അദ്ദേഹം. ലോകം മുഴുവൻ പ്രശംസിച്ച കൽക്കട്ടയിലെ മദർ തെരേസയും ആത്മീയ ജീവിതത്തിലെ ഇരുളടഞ്ഞ രാത്രികളുടെ അനുഭവം വെളിപ്പെടുത്തിയിട്ടുണ്ടെന്ന് പാപ്പ അനുസ്മരിച്ചു. ആന്തരിക സംഘർഷവും സംശയങ്ങളുമെല്ലാം ആത്മീയ ജീവിതത്തില്‍ ഉണ്ടാകുന്നത് സ്വാഭാവികമാണ്. ഏതവസ്ഥയിലും ക്രിസ്തുവിനെ പിന്തുരാനും സുവിശേഷസാക്ഷ്യം നൽകാനും ക്രിസ്തു ശിഷ്യർക്കു സാധിക്കണമെന്ന് ഉത്ബോധിപ്പിച്ച പാപ്പ, വി.സ്നാപക യോഹന്നാനെ ക്രിസ്തു ശിഷ്യരുടെ ഉത്തമ മാതൃകയായി ചൂണ്ടിക്കാട്ടി. ക്രൈസ്തവ ജീവിതത്തിന്‍റെ ആനുകൂല്യങ്ങളാസ്വദിച്ചിരിക്കാതെ, എളിമയോടെ വചന പ്രഘോഷണം നടത്തി ക്രിസ്തുസാക്ഷികളാകാൻ മാർപാപ്പ സഭാംഗങ്ങളെ ക്ഷണിച്ചു.








All the contents on this site are copyrighted ©.