2014-02-07 17:43:14

ശൈലിമാറ്റത്തെക്കുറിച്ച് മെത്രാൻമാർ ചർച്ചചെയ്യുന്നു


07 ഫെബ്രുവരി 2014, പാല
ഭാരത കത്തോലിക്കാ സഭയുടെ മനോഭാവത്തിലും പ്രവര്‍ത്തനശൈലികളിലും വരുത്തേണ്ട മാറ്റങ്ങളെക്കുറിച്ചു സിബിസിഐയുടെ 31-ാം പ്ളീനറി സമ്മേളനത്തിന്‍റെ രണ്ടാം ദിവസം ഭാരതസഭയിലെ മെത്രാന്മാര്‍ ഗൗരവ ചര്‍ച്ചകളില്‍ മുഴുകി. രണ്ടാം വത്തിക്കാന്‍ കൗണ്‍സിലിന്‍റെ പ്രബോധനങ്ങളുടെ അടിസ്ഥാനത്തിലും അതിനു ഫ്രാന്‍സിസ് മാര്‍പാപ്പ നല്കുന്ന പുത്തന്‍ വ്യാഖ്യാനങ്ങളുടെ അടിസ്ഥാനത്തിലും ആയിരുന്നു ചര്‍ച്ചകൾ.
രണ്ടാം വത്തിക്കാൻ സൂന്നഹദോസ് പ്രമാണരേഖകളായ ജനതകളുടെ പ്രകാശം, മിഷനറി പ്രവര്‍ത്തനം, സഭ ആധുനിക ലോകത്തില്‍, അല്മായര്‍ എന്നിവയെ ആധാരമാക്കിയുള്ള പ്രബന്ധാവതരണങ്ങളും ചര്‍ച്ചകളുമാണു രണ്ടാം ദിനമായ വ്യാഴാഴ്ച സമ്മേളനത്തില്‍ നടന്നത്. വൈകുന്നേരം ഫ്രാന്‍സിസ് മാര്‍പാപ്പയുടെ നിലപാടുകളെക്കുറിച്ചുതന്നെ ഒരു സെഷനില്‍ ചര്‍ച്ചകള്‍ നടന്നവെന്ന് സിബിസിഐ ഡെപ്യൂട്ടി സെക്രട്ടറി ജനറല്‍ റവ.ഡോ. ജോസഫ് ചിന്നയ്യന്‍ വ്യാഴാഴ്ച വൈകീട്ടു നടന്ന പത്രസമ്മേളനത്തില്‍ വെളിപ്പെടുത്തി. സമ്മേളന തീരുമാനങ്ങള്‍ ക്രോഡീകരിച്ച് രേഖപ്പെടുത്തുന്നതിന് ആര്‍ച്ച്ബിഷപ്പ് ഡോ. ആല്‍ബര്‍ട്ട് ഡിസൂസ അധ്യക്ഷനും ബിഷപ്പുമാരായ മാര്‍ ജോസഫ് കല്ലറങ്ങാട്ട്, ഡോ. തോമസ് ഡാബ്രേ, ഏബ്രഹാം മാര്‍ ജൂലിയോസ്, ഡോ. ആഞ്ചലോ റുഫിനോ എന്നിവര്‍ അംഗങ്ങളുമായുള്ള സമിതിയെ യോഗം തെരഞ്ഞെടുത്തുവെന്നും അദ്ദേഹം അറിയിച്ചു.
കഴിഞ്ഞ രണ്ടു വര്‍ഷത്തിനിടയില്‍ കാലം ചെയ്ത മെത്രാന്മാരുടെ ആത്മശാന്തിക്കായുള്ള ദിവ്യബലിയോടെയാണ് ഇന്നലെ പരിപാടികള്‍ ആരംഭിച്ചത്. രൂപതകളുടെ ജീവിതത്തിലും പ്രവര്‍ത്തനങ്ങളിലും മെത്രാന്മാര്‍ക്കുള്ള ദൗത്യത്തെക്കുറിച്ച് ദിവ്യബലിക്കിടെ നൽകിയ വചന സന്ദേശത്തില്‍ കര്‍ദിനാള്‍ ഡോ. ഓസ്വാള്‍ഡ് ഗ്രേഷ്യസ് അനുസ്മരിച്ചു.
രണ്ടാം വത്തിക്കാന്‍ കൗണ്‍സിലിന്‍റെ ആരംഭത്തില്‍ ജോൺ 23-ാമന്‍ മാര്‍പാപ്പ മെത്രാന്മാരോടു പറഞ്ഞ വാക്കുകള്‍ അദ്ദേഹം ഇന്ത്യൻ മെത്രാൻമാരോട് ആവർത്തിച്ചു: "മെത്രാൻമാർ വിശുദ്ധരായിരിക്കണം. അങ്ങനെ വൈദികര്‍ വിശുദ്ധരാകും. അവരിലൂടെ വിശ്വാസികളും വിശുദ്ധിയിലേക്കു നയിക്കപ്പെടും.'' എന്നാണ് വിശുദ്ധപദത്തിലേക്കുയർത്തപ്പെടാൻ പോകുന്ന ജോൺ ഇരുപത്തിമൂന്നാമൻ പാപ്പ മെത്രാൻമാരെ ആഹ്വാനം ചെയ്തത്.
അതിനിടെ, സി.ബി.സി.ഐ. സമ്മേളനത്തില്‍ പങ്കെടുക്കുന്ന മെത്രാന്മാര്‍ക്കു ശനിയാഴ്ച വൈകുന്നേരം 5.30ന് പാലാ സെന്‍റ് തോമസ് കോളജ് ഗ്രൗണ്ടില്‍ തയാറാക്കിയിരിക്കുന്ന പ്രത്യേക പന്തലില്‍ പൗരസ്വീകരണം നല്‍കും. മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി ഉദ്ഘാടനം ചെയ്യുന്ന സമ്മേളനത്തില്‍. കേന്ദ്രമന്ത്രി വയലാര്‍ രവി അധ്യക്ഷത വഹിക്കും. കേന്ദ്രമന്ത്രി കെ.വി. തോമസ് മുഖ്യപ്രഭാഷണം നടത്തും. മുസ്ലിം ലീഗ് സംസ്ഥാന അധ്യക്ഷന്‍ പാണക്കാട് സയ്യിദ് ഹൈദരാലി ശിഹാബ് തങ്ങള്‍ മുഖ്യാതിഥിയായിരിക്കും. എസ്എന്‍ഡിപിയോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍, എന്‍എസ്എസ് പ്രസിഡന്റ് അഡ്വ.നരേന്ദ്രനാഥന്‍നായര്‍ എന്നിവര്‍ സന്ദേശം നല്‍കും.
Source: Deepika







All the contents on this site are copyrighted ©.