2014-02-07 17:44:13

മെത്രാൻമാരുടെ ഐക്യവും കൂട്ടായ്മയും ഒരുകാരണവശാലും തകർക്കപ്പെടരുത്: മാർപാപ്പ


07 ഫെബ്രുവരി 2014, വത്തിക്കാൻ
മെത്രാൻമാരുടെ ഐക്യവും കൂട്ടായ്മയും ഒരുകാരണവശാലും തകർക്കപ്പെടരുതെന്ന് ഫ്രാൻസിസ് മാർപാപ്പ. ആദ് ലിമിന സന്ദർശനത്തിനെത്തിയ പോളിഷ് മെത്രാൻമാരുമായി വെള്ളിയാഴ്ച രാവിലെ നടത്തിയ കൂടിക്കാഴ്ച്ചയില്‍ നൽകിയ സന്ദേശത്തിലാണ് മാർപാപ്പ ഇപ്രകാരം പ്രസ്താവിച്ചത്. മെത്രാൻമാരുടെ പരസ്പര ഐക്യവും സഹകരണവും വിശ്വാസ സമൂഹത്തിന് ഗുണകരമാണെന്നും മെത്രാൻമാർക്കിടയില്‍ ഭിന്നിപ്പും വിഭാഗീയതയുമുണ്ടാക്കാൻ ആരേയും ഒന്നിനേയും അനുവദിക്കരുതെന്നും മാർപാപ്പ അവരെ ഉത്ബോധിപ്പിച്ചു.
വിശുദ്ധപദത്തിലേക്കുയർത്തപ്പെടാൻ പോകുന്ന പോളണ്ടു സ്വദേശിയായ ജോൺ പോൾ രണ്ടാമൻ പാപ്പായുടെ ജീവിത സാക്ഷ്യത്തെക്കുറിച്ച് കൃതജ്ഞതയോടെ അനുസ്മരിച്ച ഫ്രാൻസിസ് പാപ്പ ജോൺ പോൾ രണ്ടാമൻ പാപ്പായെ നൽകിയ പോളണ്ടിലെ സഭയെ അനുമോദിക്കുകയും അദ്ദേഹത്തിന്‍റെ ജീവിത മാതൃക പിന്തുടരാൻ പോളിഷ് മെത്രാൻമാരെ ക്ഷണിക്കുകയും ചെയ്തു.
കുടുംബ പ്രേഷിതത്വം, യുവജന പരിശീലനം, ദൈവ വിളി പ്രോത്സാഹനം, വൈദികരുടെ ശുശ്രൂഷയും ജീവിത സാക്ഷ്യവും, സമർപ്പിത ജീവിത രംഗത്തെ വെല്ലുവിളികൾ, എന്നീ വിഷയങ്ങളെക്കുറിച്ചും ഫ്രാൻസിസ് മാർപാപ്പ പോളിഷ് മെത്രാൻമാരോട് സംസാരിച്ചു.
Reported: Vatican Radio, TG








All the contents on this site are copyrighted ©.