2014-02-07 15:55:20

ഇസ്രായേല്‍ നിര്‍മ്മിച്ച സമാഗമകൂടാരം
ദൈവിക സാന്നിദ്ധ്യത്തിന്‍റെ പ്രതീകം (70)


RealAudioMP3
ദൈവത്തെ യഥാതഥം ദര്‍ശിക്കുവാന്‍ ആഗ്രഹിച്ച മോശയ്ക്ക് അവിടുന്നു നല്കുന്ന രസാവഹമായ മറുപടി നാം കേട്ടതാണ്. തന്‍റെ മുഖക്കാഴ്ച നല്കാതെ, പിന്‍ഭാഗം മാത്രായി, ഭാഗികമായ ദര്‍ശനമാണ് ദൈവം മോശയക്ക് അനുവദിച്ചത്. അവിടുത്തെ മഹത്വം പൂര്‍ണ്ണമായി ഗ്രഹിക്കുവാന്‍ മനുഷ്യബുദ്ധിക്ക് ആഗ്രാഹ്യമാണെന്ന് മോശയിലൂടെ ദൈവം അറിയിക്കുന്നതുപോലെ! എന്നിട്ടും സീനായില്‍നിന്നും യാത്രപുറപ്പെടുന്നതിന് മുന്‍പ് ഉടച്ചുകളഞ്ഞ കല്പനകള്‍ക്കു പകരം, ദൈവം മോശയെ വിളിച്ച് വീണ്ടും എല്ലാം നവമായി നല്ക്കുന്നു. കര്‍ത്താവിന്‍റെ സാന്നിദ്ധ്യത്തിലുള്ള നവീകരണത്തിന്‍റെ പ്രതീകമാണിത്.

അതിനുശേഷം, എല്ലാം ഒരു തനിയാവര്‍ത്തനംപോലെ - കൂടാരവും, കൂടാരാങ്കണവും, സാക്ഷൃപേടകവും, പുരോഹിതവസ്ത്രവുമെല്ലാം ഇസ്രായേല്‍ പുനര്‍നിര്‍മ്മിക്കുന്നു. അക്ഷരാത്ഥത്തിലുള്ള ആവര്‍ത്തനമാണ് പുറപ്പാടുഗ്രന്ഥത്തിന്‍റെ അവസാനഭാഗത്ത് കാണുന്നതെങ്കിലും, ദൈവകല്പനപോലെ അവയെല്ലാം പൂര്‍ത്തീകരിച്ചുകൊണ്ട് ദൈവത്തില്‍ കേന്ദ്രീകൃതമായി ജീവിക്കാനുള്ള ഇസ്രായേല്‍ ജനത്തിന്‍റെ നല്ല മനസ്സും പരിശ്രമവും നമുക്കിവിടെ കാണാം.

കര്‍ത്താവു മോശയോടു കല്പിച്ചതനുസരിച്ച് ഇസ്രായേല്‍ ജനം എല്ലാക്കാര്യങ്ങളും ചെയ്തു. കൂടാരം അതിന്‍റെ എല്ലാ ഉപകരണങ്ങളോടുംകൂടി അവര്‍ മോശയുടെ പക്കല്‍ കൊണ്ടുചെന്നു:
കൊളുത്തുകള്‍, പലകകള്‍, അഴികള്‍, തൂണുകള്‍, പാദകുടങ്ങള്‍, ഊറയ്ക്കിട്ട മുട്ടാടിന്‍ ‍തോലുകൊണ്ടുള്ള വിരി, നിലക്കരടിത്തോലുകൊണ്ടുള്ള വിരി, തിരശ്ശീല, സാക്ഷൃപേടകം, അതിന്‍റെ തണ്ടുകള്‍, കൃപാസനം, മേശ, അതിന്‍റെ ഉപകരണങ്ങള്‍, തിരുസാന്നിദ്ധ്യത്തിന്‍റെ അപ്പം, തനി സ്വര്‍ണ്ണകൊണ്ടു നിര്‍മ്മിച്ച വിളക്കുകാല്‍, അതിലെ ദീപനിര, അതിന്‍റെ ഉപകരണങ്ങള്‍, വിളക്കിനുള്ള എണ്ണ, സ്വര്‍ണ്ണനിര്‍മ്മിതമായ ബലിപീഠം, അഭിഷേകതൈലം, പരിമളധൂപത്തിനുള്ള സുഗന്ധദ്രവ്യങ്ങള്‍, പിന്നെ കൂടാരവാതിലിന്‍റെ യവനികയും അവര്‍ നിരത്തിവച്ചു. ഓടുകൊണ്ടുള്ള ബലിപീഠം, ചട്ടക്കൂട്, തണ്ടുകള്‍, ഉപകരണങ്ങള്‍, ക്ഷാളനപാത്രം, അതിന്‍റെ പീഠം, അങ്കണത്തിന്‍റെ മറകള്‍, തൂണുകള്‍, പാദകുടങ്ങള്‍ എന്നിവയും അവരുണ്ടാക്കി.
പിന്നെ, അങ്കണകവാടത്തിന്‍റെ യവനിക, കയറുകള്‍, കുറ്റികള്‍, സമാഗമകൂടാരത്തിലെ ശുശ്രൂഷയ്ക്കുള്ള പാത്രങ്ങള്‍, വിശുദ്ധസ്ഥലത്തെ ശുശ്രൂഷയ്ക്കുവേണ്ട വസ്ത്രങ്ങള്‍, പുരോഹിതനായ അഹറോന്‍റെ വിശുദ്ധ വസ്ത്രങ്ങള്‍, അവന്‍റെ പുത്രന്മാര്‍ പുരോഹിത ശുശ്രൂഷയ്ക്കണിയേണ്ട അങ്കികള്‍ എന്നിവയും തയ്യാറാക്കി.
കര്‍ത്താവു മോശയോടു കല്പിച്ചതുപോലെയാണ്, ഇസ്രായേല്‍ ജനം ഇവയെല്ലാം ഉണ്ടാക്കിയത്. അവര്‍ ചെയ്ത ജോലികളെല്ലാം മോശ പരിശോധിച്ചു. കര്‍ത്താവിന്‍റെ ആജ്ഞകള്‍ ജനം നിവര്‍ത്തിച്ചിരിക്കുന്നുവെന്ന് മോശ പ്രഖ്യാപിച്ചു. എന്നിട്ട് അവരെ അനുഗ്രഹിച്ചു.


തങ്ങളുടെ ജീവിതത്തിലെ ദൈവികസാന്നിദ്ധ്യം അംഗീകരിച്ചുകൊണ്ട് ഇസ്രായേല്‍ ചെയ്ത ബൃഹത്തായതും എന്നാല്‍ ബാഹ്യവുമായ ഒരുക്കങ്ങള്‍ നാം കണ്ടതാണ്. പിന്നെയും മോശയിലൂടെ ദൈവം ജനത്തോടു സംസാരിച്ചു. കര്‍ത്താവു മോശയോട് അരുളിച്ചെയ്തു. ഒന്നാം മാസത്തിന്‍റെ ഒന്നാം ദിവസം നീ സമാഗമകൂടാരം സ്ഥാപിക്കണം. സാക്ഷൃപേടകം അതിനുള്ളില്‍ പ്രതിഷിഠിച്ച് തിരശ്ശീലകൊണ്ടു മറയ്ക്കണം. അതിന്‍റെ ഉപകരണങ്ങളെല്ലാം അതിന്‍മേല്‍ ക്രമപ്പെടുത്തിവയ്ക്കണം. വിളക്കുകാല്‍ കൊണ്ടുവന്ന് അതിന്‍മേല്‍ വിളക്കുകള്‍ ഉറപ്പിക്കണം. ധൂപാര്‍ച്ചനയ്ക്കുള്ള സ്വര്‍ണ്ണപീഠം സാക്ഷൃപേടകത്തിന്‍റെ മുന്‍പില്‍ സ്ഥാപിക്കുകയും കൂടാരവാതിലിന് യവനിക ഇടുകയും വേണം. സമാഗമകൂടാരത്തിന്‍റെ വാതിലിനു മുന്‍പില്‍ നീ ദഹനബലിപീഠം സ്ഥാപിക്കണം. സമാഗമകൂടാരത്തിന്‍റെയും ബലിപീഠത്തിന്‍റെയുംമദ്ധ്യേ ക്ഷാണനപാത്രംവച്ച് അതില്‍ വെള്ളമൊഴിക്കണം.

കര്‍ത്താവിന്‍റെ ആജ്ഞപ്രകാരം മോശ എല്ലാം അഭിഷേകംചെയ്ത് തയ്യാറാക്കിവയ്ക്കുന്നു. പിന്നെയും നിര്‍ദ്ദേശങ്ങള്‍ തുടരുകയാണ്. ചുറ്റും അങ്കണമൊരുക്കി അങ്കണകവാടത്തില്‍ യവനിക തൂക്കിയിടണം. അതിനുശേഷം അഭിഷേകതൈലമെടുത്ത് കൂടാരവും അതിലുള്ള സകലതും അഭിഷേചിക്കുക. അങ്ങനെ കൂടാരവും അതിലെ ഉപകരണങ്ങളും ശുദ്ധീകരിക്കുക. അവ അങ്ങനെ വിശുദ്ധമാകും. ദഹനബലിപീഠവും അതിലെ ഉപകരണങ്ങളും അഭിഷേചിച്ചു ശുദ്ധീകരിക്കുക. അപ്പോള്‍ ബലിപീഠം അതിവിശുദ്ധമാകും. ക്ഷാളനപാത്രവും അതിന്‍റെ പീഠവും അഭിഷേചിച്ചു ശുദ്ധീകരിക്കണം. അനന്തരം, അഹറോനെയും അവന്‍റെ പുത്രന്മാരെയും സമാഗമകൂടാരത്തിന്‍റെ വാതില്‍ക്കല്‍ കൊണ്ടുവന്ന് ജലംകൊണ്ടവരെ കഴുകണം. അഹറോനെയും അവന്‍റെ പുത്രന്മാരെയും സമാഗമകൂടാരത്തിന്‍റെ വാതില്‍ക്കല്‍ കൊണ്ടുവന്ന് ജലംകൊണ്ടു ക്ഷാളനം നടത്തുക. അഹറോനെ നീ വിശുദ്ധ വസ്ത്രങ്ങളണിയിക്കുക, പിന്നെ അഭിഷേചിച്ചു ശുദ്ധീകരിക്കുകയും ചെയ്യുക. അങ്ങനെ അവന്‍ പുരോഹിത പദവിലയില്‍ എന്നെ ശുശ്രൂഷിക്കട്ടെ. പിന്നെ അവന്‍റെ പുത്രന്മാരെകൊണ്ടുവന്ന് അങ്കികളണിയിക്കണം. അവരുടെ പിതാവിനെ അഭിഷേചിച്ചതുപോലെ അവരെയും അഭിഷേകംചെയ്യണം. പുരോഹിതരെന്ന നിലയില്‍ അവര്‍ എനിക്കു ശുശ്രൂഷചെയ്യട്ടെ. അവരുടെ ഈ അഭിഷേകം അവരെ തലമുറകളിലൂടെ നിലനില്‍ക്കുന്ന നിത്യപൗരോഹിത്യത്തില്‍ അവരെ ഭാഗഭാക്കുകളാക്കും.

കര്‍ത്താവു കല്പിച്ചതുപ്രകാരെ എന്ന ആവിഷ്ക്കാരശൈലം ഈ ഭാഗത്ത് ആവര്‍ത്തിച്ചിരിക്കുന്നത് ശ്രദ്ധേയമാണ്. അങ്ങനെ കര്‍ത്താവു കല്പിച്ചതെല്ലാം മോശ അനുഷ്ഠിച്ചു. രണ്ടാം വര്‍ഷം ഒന്നാം മാസം ഒന്നാം ദിവസം കൂടാരം സ്ഥാപിക്കപ്പെട്ടു. മോശ കൂടാരമൂയര്‍ത്തി, അതിന്‍റെ പാദകുടങ്ങളുറപ്പിച്ചു. പലകകള്‍ പിടിപ്പിച്ചു. അഴികള്‍ നിരത്തി, തൂണുകള്‍ നാട്ടി. കര്‍ത്താവു കല്പിച്ചതനുസരിച്ച്, മോശ സാക്ഷൃപേടകം കൂടാരത്തിനുള്ളിലേയ്ക്കു കൊണ്ടുവന്നു. അതു തിരശ്ശീലകൊണ്ടു മറച്ചു. അവന്‍ സമാഗമകൂടാരത്തില്‍ ശ്രീകോവിലിന്‍റെ വടക്കു വശത്തായി യവനികയ്ക്കു വെളിയില്‍ മേശ സ്ഥാപിച്ചു. അതിന്മേല്‍ കര്‍ത്താവു കല്പിച്ചതുപോലെ അവിടുത്തെ മുന്‍പില്‍, ക്രമപ്രകാരം അപ്പവുംവച്ചു. സമാഗമകൂടാരിത്തില്‍ മേശയ്ക്കെതിരായി ശ്രീകോവിലിന്‍റെ തെക്കു വശത്തു വിളക്കുകാല്‍ സ്ഥാപിച്ചു. കര്‍ത്താവു കല്പിച്ചതുപോലെ, മോശ കര്‍ത്താവിന്‍റെ മുന്‍പില്‍ വിളക്കുകള്‍ വച്ചു. സമാഗമകൂടാരത്തില്‍ തിരശ്ശീലയുടെ മുന്‍പില്‍ ധൂപാര്‍ച്ചനയ്ക്കുള്ള സ്വര്‍ണ്ണപീഠം സ്ഥാപിച്ചു. മോശ അതിന്മേല്‍ പരിമളദ്രവ്യങ്ങള്‍ പുകച്ചു. കൂടാരത്തിന്‍റെ വാതില്‍ക്കല്‍ തിരശ്ശീല തൂക്കിയിട്ടു. പിന്നെ സമാഗമകൂടാരത്തിന്‍റെ വാതില്‍ക്കല്‍ ദഹനബലിപീഠം സ്ഥാപിക്കുകയും അതിന്മേല്‍ ദഹനബലിയും ധാന്യബലിയും അര്‍പ്പിക്കുയുംചെയ്തു. സമാഗമകൂടാരത്തിനും ബലിപീഠത്തിനും മദ്ധ്യേ ക്ഷാണനപാത്രംവച്ച് അതില്‍ ക്ഷാണനത്തിനുള്ള വെള്ള മൊഴിച്ചു. ഈ വെള്ളംകൊണ്ടു മോശയും അഹറോനും, അഹറോന്‍റെ പുത്രന്മാരും പാദശുദ്ധിവരുത്തി. കര്‍ത്താവു മോശയോടു കല്‍പിച്ചതുപോലെ, അവര്‍ സമാഗമകൂടാരത്തില്‍ പ്രവേശിക്കുമ്പോഴും ബലിപീഠത്തെ സമീപിക്കുമ്പോഴും ക്ഷാണനകര്‍മ്മം അനുഷ്ഠിച്ചുപോന്നു. അവന്‍ കൂടാരത്തിനും ബലിപീഠത്തിനും ചുറ്റും അങ്കണമുണ്ടാക്കി. അങ്കണകാവാടത്തില്‍ യവനികയിട്ടു. അങ്ങനെ, മോശ കര്‍ത്താവിന്‍റെ ആജ്ഞകള്‍ നിറവേറ്റി.

അപ്പോള്‍ ഒരു മേഘം സമാഗമകൂടാരത്തെ ആവരണംചെയ്തു. കര്‍ത്താവിന്‍റെ മഹത്വം കൂടാരത്തില്‍ നിറഞ്ഞുനിന്നു. മോശയ്ക്കു സമാഗമകൂടാരത്തില്‍ പ്രവേശിക്കാന്‍ കഴിഞ്ഞില്ല, കാരണം, മേഘം അതിനെ ആവരണം ചെയ്തിരുന്നു. കര്‍ത്താവിന്‍റെ മഹത്വം കൂടാരത്തില്‍ നിറഞ്ഞുനിന്നിരുന്നു. മേഘം കൂടാരത്തില്‍നിറഞ്ഞുനിന്നിരുന്നു. മേഘം കൂടാരത്തില്‍നിന്ന് ഉയരുമ്പോഴാണ് ഇസ്രായേല്‍ജനം യാത്രപുറപ്പെട്ടിരുന്നത്. മേഘം ഉയര്‍ന്നില്ലെങ്കില്‍, അതുയരുന്ന ദിവസംവരെ അവര്‍ പുറപ്പെട്ടിരുന്നില്ല. കര്‍ത്താവിന്‍റെ മേഘം പകല്‍സമയത്ത് കൂടാരത്തിനു മുകളില്‍ നിലകൊണ്ടിരുന്നു. രാത്രി സമയത്ത് മേഘത്തില്‍ അഗ്നിജ്വലിച്ചിരുന്നു. ഇസ്രായേല്‍ജനം യാത്രയുടെ ഓരോ ഘട്ടത്തിലും ഇതു ദര്‍ശിച്ചു.

പുറപ്പാടില്‍ നാം വായിക്കുന്ന വലിയൊരു ഭാഗം ഉരുപ്പിടിയും ഇസ്രായേല്‍ ജനത്തിന്‍റെ രൂപീകരണകാലത്തെ വളരെ നിയമാനുഷ്ഠാനപരവും കര്‍മ്മാനുഷ്ഠാനപരവുമായ വ്യാഖ്യാനങ്ങളാണ്. ഇസ്രായേലിന്‍റെ നിയമങ്ങളും ആരാധനക്രമകാര്യങ്ങളും പുറപ്പാടിന്‍റെ കേന്ദ്രസംഭവങ്ങളെയും നായകനായ മോശ എന്ന വ്യക്തിയെയും കേന്ദ്രീകരിച്ചാണ് മെനഞ്ഞെടുത്തിരിക്കുന്നത്. ഒരു ജനത്തിന്‍റെ ജീവല്‍ബന്ധിയായ സംഭവങ്ങള്‍ ദൈവാനുഭവമായി കൂട്ടിയിണക്കി, കഥകളും കവിതകളുമായി അവതരിപ്പിച്ചിരിക്കുന്നതാണ് പുറപ്പാട്. എന്നാല്‍ ചരിത്രകാലമൊക്കെയും മനുഷ്യന്‍റെ ജീവിതപുറപ്പാടിന്‍റെ രംഗങ്ങള്‍പോലെ വിശുദ്ധ ഗ്രന്ഥത്തിലെ ഈ ഭാഗം വികസിക്കുന്നത് നമുക്കിനിയും മനസ്സിലാക്കാം.
______________________________
Prepared by Nellikal, Vatican Radio









All the contents on this site are copyrighted ©.