2014-02-06 09:28:01

സി.ബി.സി.ഐ. സമ്മേളനത്തിനു തുടക്കം


05 ഫെബ്രുവരി 2014, പാല
രണ്ടാം വത്തിക്കാന്‍ കൗണ്‍സില്‍ വിഭാവന ചെയ്തതും അര നൂറ്റാണ്ടായി സഭ നടപ്പാക്കുന്നതുമായ നവീകരണ നടപടികള്‍ക്കു, ഫ്രാന്‍സിസ് മാര്‍പാപ്പയുടെ നിലപാടുകള്‍കൂടി കണക്കിലെടുത്തു ഭാരതത്തില്‍ വരുത്തേണ്ട മാറ്റങ്ങളെക്കുറിച്ചും ഉണ്ടാക്കേണ്ട ഗതിവേഗത്തെക്കുറിച്ചുമാണ് ഭാരതത്തിലെ കത്തോലിക്കാ മെത്രാന്മാരുടെ സമ്പൂര്‍ണ സമ്മേളനം (സിബിസിഐ) ചര്‍ച്ച ചെയ്യുകയെന്നു സിബിസിഐ പ്രസിഡന്‍റ് കര്‍ദിനാള്‍ ഓസ്വാള്‍ഡ് ഗ്രേഷ്യസ് പ്രസ്താവിച്ചു.
സഭ എപ്പോഴും പാവങ്ങളുടെ പക്ഷം ചേരണമെന്നതാണു സുവിശേഷപ്രബോധനം. ആര്‍ദ്രമായ ഹൃദയവും സഹായിക്കുന്ന കരങ്ങളുമാണു സഭയ്ക്കുണ്ടാകേണ്ടത്. ഇക്കാര്യത്തില്‍ ഭാരതസഭയ്ക്ക് എന്തൊക്കെ മാറ്റങ്ങളാണു വരേണ്ടതെന്നു സമ്മേളനം ചര്‍ച്ച ചെയ്യും.
ലത്തീന്‍, സീറോ മലബാര്‍, സീറോ മലങ്കര സഭകളില്‍നിന്നുള്ള 185 മെത്രാന്മാര്‍ ഏഴു ദിവസം ദീര്‍ഘിക്കുന്ന സമ്മേളനത്തില്‍ പങ്കെടുക്കുമെന്നു സമ്മേളനം നടക്കുന്ന പാലാ അരുണാപുരത്തെ അല്‍ഫോന്‍സിയന്‍ ഇന്‍സ്റിറ്റ്യൂട്ടില്‍ നടത്തിയ പത്രസമ്മേളനത്തില്‍ അദ്ദേഹമറിയിച്ചു.

സി.ബി.സി.ഐ.യുടെ സെക്രട്ടറി ജനറല്‍ ആഗ്ര അതിരൂപതാധ്യക്ഷൻ ആര്‍ച്ച്ബിഷപ്പ് ഡോ. ആല്‍ബര്‍ട്ട് ഡിസൂസ, പാലാ രൂപതാധ്യക്ഷൻ ബിഷപ് മാര്‍ ജോസഫ് കല്ലറങ്ങാട്ട്, സഹായമെത്രാന്‍ മാര്‍ ജേക്കബ് മുരിക്കന്‍, സി.ബി.സി.ഐ. ഡെപ്യൂട്ടി സെക്രട്ടറി ജനറല്‍ റവ. ഡോ. ജോസഫ് ചിന്നയ്യന്‍ എന്നിവരും പത്രസമ്മേളനത്തില്‍ പങ്കെടുത്തു.

രണ്ടാം വത്തിക്കാന്‍ കൗണ്‍സിലിന്‍റെ പ്രമാണരേഖകള്‍ക്കു ചേര്‍ന്നവിധം, നവസമൂഹസൃഷ്ടിക്കായി നവീകരിക്കപ്പെട്ട സഭ എന്നതാണ് ദേശീയ മെത്രാൻ സമിതിയുടെ പൊതുസമ്മേളനത്തിന്‍റെ ചര്‍ച്ചാവിഷയം.

Source: SMCIM







All the contents on this site are copyrighted ©.