2014-02-06 08:43:16

മെത്രാൻമാർക്കുവേണ്ടി മാധ്യമ സെമിനാർ


05 ഫെബ്രുവരി 2014, ഹവാന
മെത്രാൻമാർക്കുവേണ്ടിയുള്ള മാധ്യമ സെമിനാർ ക്യൂബയിലെ ഹവാനയില്‍ ആരംഭിച്ചു. സമ്പർക്ക മാധ്യമങ്ങൾക്കുവേണ്ടിയുള്ള പൊന്തിഫിക്കൽ കൗൺസിലിന്‍റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ചിരിക്കുന്ന സെമിനാറിൽ മധ്യ അമേരിക്കൻ - കരീബിയൻ രാജ്യങ്ങളിലെ മുപ്പത്തഞ്ചോളം മെത്രാൻമാർ പങ്കെടുക്കുന്നുണ്ട്. ഇക്കൊല്ലത്തെ ലോക മാധ്യമ ദിന പ്രമേയമായ ‘മാധ്യമങ്ങൾ സമാഗമ സംസ്ക്കാരത്തിന്‍റെ സേവനത്തിന്’ എന്ന വിഷയം മുഖ്യ ചിന്താവിഷയമാക്കിയിരിക്കുന്ന സെമിനാറിന് നേതൃത്വം നൽകുന്നത് സമ്പർക്ക മാധ്യമങ്ങൾക്കുവേണ്ടിയുള്ള പൊന്തിഫിക്കൽ കൗൺസിലിന്‍റെ അധ്യക്ഷൻ ആർച്ചുബിഷപ്പ് മരിയ ചേല്ലിയാണ്.
നൂതന മാധ്യമ സംവിധാനങ്ങളെക്കുറിച്ചും സുവിശേഷവത്കരണ ദൗത്യത്തില്‍ അവയ്ക്കുള്ള സ്ഥാനത്തെക്കുറിച്ചും സഭാ നേതൃത്വത്തെ ബോധവത്കരിക്കുകയാണ് സെമിനാറിന്‍റെ പ്രധാന ലക്ഷ്യങ്ങളിലൊന്നെന്ന് ആർച്ചുബിഷപ്പ് ചേല്ലി വത്തിക്കാൻ റേഡിയോയ്ക്കനുവദിച്ച അഭിമുഖത്തില്‍ പ്രസ്താവിച്ചു. സങ്കീർണ്ണങ്ങളായ ആശയവിനിമയ സങ്കേതങ്ങൾ മെത്രാൻമാർക്കു പരിചയപ്പെടുത്തുക മാത്രമല്ല, സംഘാത്മക നേതൃത്വം വളർത്താനും ഐക്യവും കൂട്ടായ്മയും ശക്തപ്പെടുത്താനുമുള്ള ഉപാധികളായി മാധ്യമങ്ങള്‍ വിനിയോഗിക്കാൻ സഭാ നേതൃത്വത്തെ സഹായിക്കുക കൂടിയാണ് ഇത്തരം സെമിനാറുകളിലൂടെ ലക്ഷൃമിടുന്നതെന്ന് അദ്ദേഹം പറഞ്ഞു.

Reported: Vatican Radio, TG







All the contents on this site are copyrighted ©.