2014-02-06 08:41:50

ദൈവപിതാവ് കരയുമോ?


05 ഫെബ്രുവരി 2014, വത്തിക്കാൻ
സ്വന്തം മക്കളെ ഒരിക്കലും തള്ളിപ്പറയാതെ, കണ്ണീരോടെ അവരെ കാത്തിരിക്കുന്ന വാത്സല്യനിധിയായ ഒരു പിതാവിനെപ്പോലെ ദൈവപിതാവ് നമ്മെ സ്നേഹിക്കുന്നുവെന്ന് മാർപാപ്പ. ചൊവ്വാഴ്ച രാവിലെ സാന്താ മാർത്താ മന്ദിരത്തില്‍ അർപ്പിച്ച ദിവ്യബലിയില്‍ പങ്കുവയ്ച്ച വചന സന്ദേശത്തിലാണ് പാപ്പ പിതാവായ ദൈവത്തിന്‍റെ സ്നേഹത്തെക്കുറിച്ച് വിശ്വാസ സമൂഹത്തെ ഉത്ബോധിപ്പിച്ചത്. വിശുദ്ധഗ്രന്ഥത്തിലെ രണ്ടു പിതാക്കൻമാരുടെ മാതൃക ചൂണ്ടിക്കാട്ടിക്കൊണ്ടാണ് മാർപാപ്പ പ്രഭാഷണം ആരംഭിച്ചത്. അബ്സലോം രാജകുമാരന്‍റെ മരണത്തില്‍ വിലപിക്കുന്ന ദാവീദ് രാജാവിനേയും, തന്‍റെ മകളെ സൗഖ്യപ്പെടുത്തണമന്ന് ക്രിസ്തുവിനോട് അപേക്ഷിക്കുന്ന ജായ്റോസ് എന്ന സിനഗോഗ് അധികാരിയേയുമാണ് പിതൃവാത്സല്യത്തിന് ഉദാഹരണമായി പാപ്പ ചൂണ്ടിക്കാട്ടിയത്.

തനിക്കെതിരേ പടനയിച്ച മകൻ അബ്സലോം വധിക്കപ്പെട്ടത് ദാവിദ് രാജാവിനെ ദുഖഃപര്യവശനാക്കി. യുദ്ധത്തില്‍ വിജയം നേടിയ രാജാവിനെയല്ല, മകനെ നഷ്ടമായതില്‍ വിലപിക്കുന്ന പിതാവിനെയാണ് ദാവീദില്‍ നാം കാണുന്നത്. തന്നോട് കലഹിച്ച് പിരിഞ്ഞെങ്കിലും തന്‍റെ മകനോട് ദാവീദ് രാജാവിനുണ്ടായിരുന്ന അഗാധസ്നേഹം ഇവിടെ പ്രകടമാകുന്നു. മരണാസന്നയായ മകളെ സുഖപ്പെടുത്താൻ യേശുവിനോട് അപേക്ഷിക്കുന്ന ജായ്റോസ് എന്ന സിനഗോഗധികാരിയെ സുവിശേഷ ഭാഗത്ത് നാം ദർശിക്കുന്നു. സമൂഹത്തിലെ ഒരു ഉന്നത സ്ഥാനീയനായ താൻ ഇങ്ങനെ യാചിക്കുന്നതു അന്യർക്കുമുൻപില്‍ തന്നെ അപഹാസ്യനാക്കുമെന്നൊന്നും അദ്ദേഹം ചിന്തിച്ചില്ല. സ്വന്തം മക്കളായിരുന്നു ഇരുവർക്കും ഏറ്റവും പ്രധാനപ്പെട്ടത്.
ഈ പിതാക്കൻമാരുടെ സ്നേഹം ദൈവപിതാവിന്‍റെ സ്നേഹത്തെക്കുറിച്ചു ധ്യാനിക്കാൻ നമ്മെ പ്രേരിപ്പിക്കുന്നു. പിതാവായ ദൈവം നാമോരോരുത്തരേയും ഇപ്രകാരം അഗാധമായി സ്നേഹിക്കുന്നു. നമ്മെ പ്രതി വിലപിക്കുന്ന സ്നേഹനിധിയായ ഒരു പിതാവാണ് ദൈവം. ദൈവം കരയുമോ? എന്ന് ആരെങ്കിലും ചോദിച്ചേക്കാം. യേശു ജറുസലേമിനെ നോക്കി വിലപിക്കുന്നതായി സുവിശേഷത്തില്‍ നാം വായിക്കുന്നുണ്ട്. “ജറുസലം, ജറുസലം പിടക്കോഴി കുഞ്ഞുങ്ങളെ ചിറകുകൾക്കുള്ളിൽ കാത്തുപാലിക്കുന്നതുപോലെ നിന്‍റെ സന്തതികളെ ഒരുമിച്ചു കൂട്ടാൻ ഞാൻ എത്രയോ പ്രാവശ്യം ആഗ്രഹിച്ചു!” എന്ന് യേശു വിലപിക്കുന്നു. പിതാവായ ദൈവത്തിന്‍റെ വിലാപമാണ് ക്രിസ്തുവിലൂടെ പ്രകടമാകുന്നതെന്ന് മാർപാപ്പ വിശദീകരിച്ചു.

തന്‍റെ മകന്‍റെ മരണത്തില്‍ വിലപിക്കുന്ന ദാവീദ് രാജാവിന്‍റേയും തന്‍റെ മകളെ സൗഖ്യപ്പെടുത്തണമന്ന് ക്രിസ്തുവിനോട് അപേക്ഷിക്കുന്ന ജായ്റോസിന്‍റേയും ചിത്രം മനസിൽ സൂക്ഷിച്ചുകൊണ്ട് പിതാവായ ദൈവത്തിലുള്ള വിശ്വാസം ഏറ്റു പറയാൻ വിശ്വാസ സമൂഹത്തെ ക്ഷണിച്ച പാപ്പ, 'ആബ്ബാ പിതാവേ' എന്ന് ദൈവത്തെ വിളിക്കാൻ നമ്മെ പഠിപ്പിക്കുന്നത് പരിശുദ്ധാത്മാവാണെന്നും അവരെ ഉത്ബോധിപ്പിച്ചു.


Reported: Vatican Radio, TG








All the contents on this site are copyrighted ©.