2014-02-04 15:37:55

ജോൺ പോൾ രണ്ടാമൻ പാപ്പായുടെ തിരുശേഷിപ്പ് കണ്ടെത്തി


04 ഫെബ്രുവരി 2014, അബ്രൂസോ
ജോൺ പോൾ രണ്ടാമൻ പാപ്പായുടെ മോഷണം പോയ തിരുശേഷിപ്പ് കണ്ടെത്തി. മധ്യ ഇറ്റലിയിലെ അബ്രൂസോ പ്രവിശ്യയില്‍ സ്ഥിതി ചെയ്യുന്ന സാൻ പിയെത്രോ ദെല്ലാ ജെൻകാ ദേവാലയത്തില്‍ നിന്ന് മോഷണം പോയ തിരുശേഷിപ്പ് സൂക്ഷിച്ചിരുന്ന സ്ഫടികപെട്ടിയും സ്വർണ്ണവും കണ്ടെത്തിയതിന്‍റെ പിറ്റേന്നാളാണ് പാപ്പായുടെ രക്തം പുരണ്ട തിരുശേഷിപ്പ് കണ്ടെടുത്തതെന്ന് പോലീസ് അറിയിച്ചു. 1981 മെയ് 13 ന് വി.പത്രോസിന്റെ ചത്വരത്തില്‍ വച്ച് വെടിയേറ്റപ്പോള്‍ ജോണ്‍ പോള്‍ മാര്‍പാപ്പ ധരിച്ചിരുന്ന വസ്ത്രത്തിന്‍റെ രക്തംപുരണ്ട ഭാഗമാണ് തിരുശേഷിപ്പായി സൂക്ഷിച്ചിരിക്കുന്നത്. മോഷണകുറ്റത്തിന് അറസ്റ്റിലായ രണ്ട് യുവാക്കളുടെ കാര്‍ ഷെഡില്‍ നിന്നാണ് പാപ്പായുടെ രക്തം പുരണ്ട വസ്ത്രഭാഗം കണ്ടെത്തിയെതെന്ന് ലാക്വിലായില്‍ നടത്തിയ പത്രസമ്മേളനത്തില്‍ പോലീസ് വെളിപ്പെടുത്തി. കീറിയ നിലയില്‍ കണ്ടെത്തിയ വസ്ത്രഭാഗം പഴയതുപോലെ തുന്നിച്ചേർത്തുവെന്ന് പത്രസമ്മേളനത്തില്‍ പങ്കെടുത്ത ബിഷപ്പ് ജൊവാന്നി ദ എർകൊലെ അറിയിച്ചു. ഏതാനും നാരിഴകളും ഒരു സ്വർണ്ണനൂലും മാത്രമാണ് നഷ്ടമായിരിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.

Reported: Vatican Radio, TG







All the contents on this site are copyrighted ©.