2014-02-04 15:37:09

ക്രിസ്തുവിന്‍റെ കൃപയും നമ്മുടെ സാക്ഷൃവും: മാർപാപ്പയുടെ നോമ്പുകാല സന്ദേശം


04 ഫെബ്രുവരി 2014, വത്തിക്കാൻ
നോമ്പുകാലം സൗഖ്യം പകരേണ്ട കാലമെന്ന് ഫ്രാൻസിസ് പാപ്പ ക്രൈസ്തവരെ അനുസ്മരിപ്പിക്കുന്നു. മാർപാപ്പയുടെ നോമ്പുകാല സന്ദേശം ഫെബ്രുവരി 4ാം തിയതി ചൊവ്വാഴ്ച വത്തിക്കാനില്‍ പ്രകാശനം ചെയ്തു. കത്തോലിക്കാ ജീവ കാരുണ്യ പ്രവർത്തനങ്ങൾക്കു നേതൃത്വം നൽകുന്ന കോർ ഊനും പൊന്തിഫിക്കല്‍ കൗൺസിലിന്‍റെ അധ്യക്ഷൻ കർദിനാൾ റോബർട്ട് സറാ, സെക്രട്ടറി ജ്യാമ്പിയെത്രോ ദെൽ തോസോ, വത്തിക്കാൻ വാർത്താകാര്യാലയത്തിന്‍റെ അധ്യക്ഷൻ ഫാ.ഫെദറിക്കോ ലൊംബാർദി എന്നിവർക്കു പുറമേ ഹെയ്തിയിൽ ജീവകാരുണ്യ പ്രവർത്തനങ്ങളിലേർപ്പെട്ടിരിക്കുന്ന ഒരു പ്രേഷിത കുടുംബവും ചൊവ്വാഴ്ച്ച രാവിലെ വത്തിക്കാനില്‍ നടന്ന പ്രകാശന ചടങ്ങില്‍ പങ്കെടുത്തു. “നമ്മുടെ കർത്താവായ യേശുക്രിസ്തുവിന്‍റെ കൃപ നിങ്ങൾക്ക് അറിയാമല്ലോ. അവൻ സമ്പന്നനായിരുന്നിട്ടും നിങ്ങളെ പ്രതി ദരിദ്രനായി- തന്‍റെ ദാരിദ്ര്യത്താല്‍ നിങ്ങളെ സമ്പന്നരാക്കാൻ വേണ്ടി തന്നെ” (2കൊറി. 8:9)
എന്ന വിശുദ്ധഗ്രന്ഥ ഭാഗമാണ് ഇക്കൊല്ലം നോമ്പുകാല സന്ദേശത്തിന്‍റെ പ്രമേയം.

നമ്മോടുള്ള സ്നേഹത്തെ പ്രതി സ്വയം ശൂന്യനായി നമ്മോടു സമാനത കൈവരിച്ച യേശുക്രിസ്തുവിന്‍റെ അനന്ത സ്നേഹത്തേയും അവിടുന്നു നമുക്കു നൽകുന്ന കൃപയേയും കുറിച്ചാണ് സന്ദേശത്തിന്‍റെ ആദ്യഭാഗത്ത് പാപ്പ പ്രതിപാദിച്ചിരിക്കുന്നത്. ക്രിസ്ത്വാനുയായികളായ ക്രൈസ്തവർ നൽകേണ്ട സാക്ഷ്യത്തെക്കുറിച്ചാണ് രണ്ടാം ഭാഗം. ഭൗതികവും, ധാർമ്മികവും, ആത്മീയവുമായ ദാരിദ്ര്യത്തെക്കുറിച്ച് സന്ദേശത്തില്‍ പ്രതിപാദിച്ച മാർപാപ്പ ദാരിദ്ര്യത്തിന്‍റെ ഈ മൂന്നു രൂപങ്ങളിലും കഴിയുന്ന സാധുക്കൾക്ക് സാന്ത്വനവും സഹായവും നൽകാൻ ക്രൈസ്തവർക്കുള്ള ഉത്തരവാദിത്വത്തെക്കുറിച്ച് സന്ദേശത്തില്‍ ഉത്ബോധിപ്പിച്ചിട്ടുണ്ട്. സുവിശേഷ പ്രഘോഷണവും വ്യക്തമായ ജീവകാരുണ്യ പ്രവർത്തികളും മുഖാന്തരമാണ് സഭയും സഭാ തനയരും ഈ ശുശ്രൂഷ നിറവേറ്റുന്നതെന്ന് മാർപാപ്പ പ്രസ്താവിച്ചു.

Reported: Vatican Radio/ TG








All the contents on this site are copyrighted ©.