2014-01-30 10:24:09

സ്തുതിപ്പും പ്രാർത്ഥനയും ഫലദായകം: മാർപാപ്പ


29 ജനുവരി 2014, വത്തിക്കാൻ
സ്തുതിപ്പും പ്രാർത്ഥനയും അത്യന്തം ഫലദായകമെന്ന് ഫ്രാൻസിസ് മാർപാപ്പ. ചൊവ്വാഴ്ച രാവിലെ സാന്താ മാർത്താ മന്ദിരത്തിലെ കപ്പേളയില്‍ അർപ്പിച്ച ദിവ്യബലി മധ്യേ നൽകിയ വചന സന്ദേശത്തിലാണ് ഉത്സാഹത്തോടെ ദൈവത്തെ സ്തുതിച്ചു പ്രാർത്ഥിക്കേണ്ടതിന്‍റെ അനിവാര്യതയെക്കുറിച്ച് മാർപാപ്പ ഉത്ബോധിപ്പിച്ചത്. ദൈവസന്നിധിയില്‍ ആനന്ദ നൃത്തമാടിയ ദാവീദ് രാജാവിന്‍റേയും, തൊണ്ണൂറാം വയസിലും ആഹ്ലാദത്തോടെ ദൈവത്തിനു കൃതജ്ഞാഗീതം പാടിയ സാറായുടേയും മാതൃക ചൂണ്ടിക്കാണിച്ചുകൊണ്ടായിരുന്നു സ്തുതിച്ചു പ്രാർത്ഥിക്കേണ്ടതിന്‍റെ പ്രാധാന്യത്തെക്കുറിച്ച് പാപ്പായുടെ വിവരണം. ഉച്ചത്തിലുള്ള സ്തുതിപ്പും പ്രാർത്ഥനയും ഇഷ്ടമല്ലെന്നു പറയുന്നവർ തന്നെ കളിക്കളത്തില്‍ പ്രിയപ്പെട്ട ടീം വിജയം നേടുമ്പോൾ അത്യാഹ്ലാദത്തോടെ ആർപ്പുവിളിക്കുന്നത് വൈരുദ്ധ്യമല്ലേയെന്ന് പാപ്പ ചോദിച്ചു. സ്തുതിപ്പും പ്രാർത്ഥനയും കരിസ്മാറ്റിക്കുകാർക്കു വേണ്ടി മാത്രമുള്ളതല്ല. പരിശുദ്ധ കുർബ്ബാനയില്‍ നാം ചൊല്ലുന്ന “പരിശുദ്ധൻ, പരിശുദ്ധൻ, പരിശുദ്ധൻ” എന്നാരംഭിക്കുന്ന പ്രാർത്ഥനയും ദൈവത്തിനു സ്തുതിയും മഹത്വവും അർപ്പിക്കുന്നതാണെന്ന് പാപ്പ വിശദീകരിച്ചു. പൂർണ്ണ മനസോടെ സ്തുതിച്ചു പ്രാർത്ഥിക്കാൻ വിശ്വാസ സമൂഹത്തെ ക്ഷണിച്ച പാപ്പ, ഔപചാരികതയില്‍ അടഞ്ഞിരിക്കുന്ന പ്രാർത്ഥന നിർവികാരവും ഫലശൂന്യവുമാകുമെന്ന് മുന്നറിയിപ്പു നൽകി.


Reported: Vatican Radio, TG








All the contents on this site are copyrighted ©.